sections
MORE

കൊളോണ്‍ ദര്‍ശന തിയറ്റേഴ്സിന്‍റെ നാടകം 9,16 തിയതികളിൽ

darshana-theater-drama
SHARE

കൊളോണ്‍ ∙ കഴിഞ്ഞ മൂന്നര പതിറ്റാണ്ടിലേറെയായി ജര്‍മനിയിലെ പ്രത്യേകിച്ച് കൊളോണിലെ മലയാളി സമൂഹത്തിന്‍റെ കലാസാംസ്കാരിക മണ്ഡലത്തില്‍ നാടകമെന്ന അഭിനയകലയുടെ കതിരുകള്‍ വീശി ഒരുപറ്റം കലാകാരന്മാരുടെ ഹൃദയത്തിടിപ്പായി മാറിയ കൊളോണ്‍ 'ദര്‍ശന തിയറ്റേഴ്സ്' പുതിയ നാടകവുമായി അരങ്ങിലെത്തുന്നു. 2017 നു ശേഷം ദര്‍ശന വീണ്ടും അണിയിച്ചൊരുക്കുന്ന ഇരുപത്തിയൊന്നാമത് നാടകം ‘വരമ്പുകള്‍’ നവംബര്‍ ഒന്‍പത്, 16 തിയതികളിൽ കൊളോണ്‍ റാഡര്‍ത്താലിലെ സെന്‍റ് മരിയ എംഫേഗ്നസ് ദേവാലയ പാരീഷ് (Raderberger Str.203,50968 Koeln-Raderberg) ഹാളില്‍ വൈകിട്ട് 6.30ന് അരങ്ങേറും.

മനുഷ്യത്വത്തിന്‍റെ സമസ്യകളെ അളന്നു തൂക്കി കൂട്ടിയും കുറച്ചും ഹരിച്ചും ഗുണിച്ചും ചമയ്ക്കുന്ന ജീവിതത്തില്‍, ചിന്തകള്‍ക്ക് അതിര്‍വരമ്പുകള്‍ നല്‍കി ചങ്ങല തീര്‍ത്താല്‍ മനസെന്ന മഹാമാന്ത്രികന്‍ ചെപ്പടി വിദ്യകളുടെ കോലെടുത്താല്‍ കുറ്റംപറയാനാവുമോ? അറിവിന്‍റെ അണമുറിയാത്ത ധാരയില്‍ തിരിച്ചറിവിന്‍റെ തെളിനീര്‍ അന്തര്‍ലീനമാവുമ്പോള്‍ ഓരോരുത്തരിലും രൂപം കൊള്ളുന്ന സ്വത്വം എല്ലാ വരമ്പുകളെയും ഭേദിച്ചിരിയ്ക്കും.

darshana-theater-drama3

തലമുറകളുടെ ഉരുക്കഴിയ്ക്കുന്ന ദര്‍ശനയുടെ നാടകവേദി നിങ്ങള്‍ക്കായി ഒരിയ്ക്കല്‍ക്കൂടി തുറക്കുന്നു. തണുത്തു വിറങ്ങലിയ്ക്കുന്ന ശൈത്യകാലത്തില്‍ തനുവും മനവും ചൂടുപിടിപ്പിച്ച് പ്രഭയേകി വിരിയുന്ന കുടുംബകഥയുമായി 'ദര്‍ശന' നേര്‍ക്കാഴ്ചയൊരുക്കുന്നു. സ്നേഹത്തിന്‍റെ, സൗഹൃദത്തിന്‍റെ, ആര്‍ദ്രതയുടെ പശ്ചാത്തലത്തില്‍ നര്‍മ്മത്തിന്‍റെ മേമ്പൊടി ചേര്‍ത്ത സാമൂഹ്യ സംഗീത നാടകമാണ് വരമ്പുകള്‍.

കേരളത്തിലെ നാടകകൃത്തുകളില്‍ പ്രശസ്തനായ ഫ്രാന്‍സിസ് ടി മാവേലിക്കര രചിച്ച നാടകത്തിന്‍റെ അനുരൂപീകരണം നടത്തിയത് ജര്‍മനിയിലെ രണ്ടാം തലമുറക്കാരനായ ഗ്ളെന്‍സന്‍ മൂത്തേടനാണ്. ദര്‍ശനയുടെ ഒട്ടുമിക്ക നാടകങ്ങളും സംവിധാനം ചെയ്തിട്ടുള്ള ജോയി മാണിക്കത്ത് ഇത്തവണയും നാടകത്തിന്‍റെ സംവിധാനം നിര്‍വഹിക്കുന്നു. സഹസംവിധാനം ജര്‍മനിയിലെ രണ്ടാം തലമുറക്കാരിയായ നവീന്‍ അരീക്കാട്ടും. അഭിനേതാക്കളായി ദര്‍ശന കുടുംബത്തിലെ അംഗങ്ങളായ പാപ്പച്ചന്‍ പുത്തന്‍പറമ്പില്‍, ഗ്ളെന്‍സണ്‍, ധന്യ, മനോജ്, നോയല്‍, ലീബ, അനി, ക്ളിന്‍റണ്‍, ജോര്‍ലി, ബേബി, ഡെന്നി എന്നിവര്‍ എത്തുന്നു. പ്രവേശനം പാസ്മൂലം നിയന്ത്രിയ്ക്കുന്നതാണ്. പുതുമയുടെ വരമ്പുകളുടെ ലോകത്തേയ്ക്ക് എല്ലാ കലാസ്നേഹികളെയും സ്നേഹപൂര്‍വം ക്ഷണിക്കുന്നുവെന്ന് സംഘാടകർ അറിയിച്ചു.

darshana-theater-drama2

പോയ വര്‍ഷം ദര്‍ശനയുടെ നേതൃത്വം അടുത്ത തലമുറയിലേക്ക് കൈമാറ്റം ചെയ്യപ്പെട്ട ശേഷം ദര്‍ശന അവതരിപ്പിക്കുന്ന പ്രഥമ സംരഭമാണ് വരമ്പുകളെന്ന നാടകം. കഴിഞ്ഞ ജൂണില്‍ ദര്‍ശന കുടുംബത്തിന്‍റെ സമ്മേളനത്തില്‍വെച്ച് ഫാ. അജി മൂലേപ്പറമ്പില്‍ സിഎംഐ, ഫാ.ഇഗ്നേഷ്യസ് ചാലിശേരി സിഎംഐ (ഇന്ത്യന്‍ കമ്യൂണിറ്റി ചാപ്ളെയിന്‍), ജോയി മാണിക്കത്ത് എന്നിവര്‍ ജര്‍മനിയിലെ മലയാളി മൂന്നു തലമുറകളെ സാക്ഷിയാക്കി ഭദ്രദീപം കൊളുത്തി നാടകത്തിന്‍റെ ഔപചാരിക ഉദ്ഘാടനം നിര്‍വഹിച്ചിരുന്നു. നാടകത്തിന്‍റെ ടിക്കറ്റുകള്‍ ഓണ്‍ലൈന്‍ ബുക്കിംഗ് വഴി തുടരുന്നു. fb.com/darsanatheatres, darsana.theatres@gmail.com.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EUROPE
SHOW MORE
FROM ONMANORAMA