ADVERTISEMENT

ലണ്ടൻ ∙ ബ്രിട്ടീഷ് പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ടോറി പാർട്ടിക്ക് പരോക്ഷ പിന്തുണ പ്രഖ്യാപിച്ച് തീവ്ര വലതുപക്ഷ നിലപാടുകാരായ ബ്രെക്സിറ്റ് പാർട്ടി. എല്ലാ മണ്ഡലങ്ങളിലും പത്തു മുതൽ പതിനഞ്ച് ശതമാനം വരെ വോട്ടുള്ള ബ്രെക്സിറ്റ് പാർട്ടിയുടെ പുതിയ നിലപാട് ബോറിസ് ജോൺസണ് ഭരണത്തിൽ തിരിച്ചെത്താൻ ഏറെ സഹായകമാകും. 

ടോറിയുടെ നിലവിലെ 317 സീറ്റുകളിൽ ബ്രെക്സിറ്റ് പാർട്ടി സ്ഥാനാർഥികളെ നിർത്തില്ലെന്നാണ് നേതാവ് നെജൽ ഫെറാജ് ഇന്നലെ പ്രഖ്യാപിച്ചത്. എന്നാൽ ലേബർ പാർട്ടിയും ലിബറൽ ഡമോക്രാറ്റുകളും പ്രാദേശിക കക്ഷികളും പ്രതിനിധീകരിക്കുന്ന മറ്റു സീറ്റുകളിലെല്ലാം ബ്രെക്സിറ്റ് പാർട്ടിയുടെ സ്ഥാനാർഥികളുണ്ടാകും. 

നേരത്തെ 600 സീറ്റുകളിൽ പാർട്ടി സ്ഥാനാർഥികളെ നിർത്തുമെന്നാണ് നൈജൽ ഫെറാജ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ബ്രെക്സിറ്റ് സംബന്ധിച്ച സുനിശ്ചിതമായ തീരുമാനങ്ങൾ കഴിഞ്ഞദിവസം ബോറിസ് ജോൺസൺ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ടോറികൾ പ്രതിനിധീകരിക്കുന്ന സീറ്റുകളിൽ മൽസരിക്കേണ്ടതില്ലെന്ന നിലപാടിലക്ക് ഇവർ ചുവടു മാറ്റിയത്. ബ്രക്സിറ്റ് അനുകൂല വോട്ടുകൾ ഭിന്നിക്കാതിരിക്കാൻ ഇത് സഹായകമാകും. ഏതു വിധേനെയും ബ്രെക്സിറ്റ് നടപ്പാക്കണമെന്നും ഇതിനായി യൂറോപ്യൻ യൂണിയനുമായി ചർച്ചയ്ക്കു പോലും തയാറേകണ്ടതില്ലെന്നുമുള്ള കടുത്ത നിലപാടുകാരാണ് നൈജൽ ഫെറാജും കൂട്ടരും. 

ബ്രെകിസിറ്റ് റഫറണ്ടം എന്ന ആശയം തന്നെ കൊണ്ടുവന്നതും ഇതിനായി മുഖ്യമായി പ്രചാരണം നടത്തിയതും നൈജൽ ഫെറാജ് നേരത്തെ നേതൃത്വം നൽകിയിരുന്ന യുകെ. ഇൻഡിപെൻഡന്‍സ് പാർട്ടിയായിരുന്നു. ഈ പാർട്ടിയാണ് റഫറണ്ടത്തിനുശേഷം ലക്ഷ്യസാക്ഷാത്കാരം നേടിയതായി പ്രഖ്യാപിച്ച്  പിരിച്ചുവിടുകയും പിന്നീട് അടുത്തിടെ ബ്രെക്സിറ്റ് പാർട്ടി എന്ന പേരിൽ പുനർജനിക്കുകയും ചെയ്തതത്. കഴിഞ്ഞവർഷത്തെ യൂറോപ്യൻ യൂണിയൻ ഇലക്ഷനിൽ 30 ശതമാനം വോട്ടുനേടിയ ബ്രെക്സിറ്റ് പാർട്ടി ജനിച്ചയുടൻ കരുത്തു തെളിയിക്കുകയും ചെയ്തു. 

ടോറികളുടെ വിജയം ആഗ്രഹിക്കുന്ന അമേരിക്കയുടെ ഇടപെടൽ ബ്രെക്സിറ്റ് പാർട്ടിയുടെ പുതിയ രാഷ്ട്രീയ തീരുമാനത്തിനു പിന്നിലുണ്ടെന്നാണ് സൂചന. നൈജൽ ഫെറാജുമായി അടുത്ത ബന്ധം പുലർത്തുന്ന അമേരിക്കൽ പ്രസിഡന്റ് ഡൊണൾഡ് ട്രംപ് കഴിഞ്ഞദിവസം നടത്തിയ പ്രസ്താവന ഇതിലേക്ക് വിരൽ ചൂണ്ടുന്നതാണ്. ബ്രെക്സിറ്റിന്റെ സുഗമമായ നടത്തിപ്പിനും ബ്രിട്ടന്റെ പുരോഗതിക്കുമായി ടോറികളും ബ്രക്സിറ്റ് പാർട്ടിയും യോജിച്ച് മൽസരിക്കണമെന്ന അഭിപ്രായമാണ് ട്രംപ് പ്രകടിപ്പിച്ചത്. ഇതിനു പിന്നാലെയാണ് ഇപ്പോൾ ടോറിയുടെ സിറ്റിംങ് സീറ്റുകളിൽ മൽസരിക്കില്ലെന്ന് ഫെറാജ് പ്രഖ്യാപിച്ചത്. 

ഫെറാജിന്റെ പ്രഖ്യാപനത്തെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ സ്വാഗതം ചെയ്തു. എന്നാൽ ബ്രിട്ടീഷ് ഇലക്ഷനിൽ ട്രംപിന്റെ ആഗ്രഹം സഫലമായെന്നായിരുന്നു ഇതെക്കുറിച്ച് ലേബർ നേതാവ് ജെറമി കോർബിന്റെ പ്രതികരണം. ഇരു പാർട്ടികളും തമ്മിലുള്ള സഖ്യത്തെ ‘’ട്രംപ് അലയൻസ്’’ എന്ന് പരിഹസിച്ച അദ്ദേഹം ഇത് രാജ്യത്തെ വീണ്ടും താച്ചറിസത്തിലേക്ക് നയിക്കുമെന്നും എൻ.എച്ച.എസ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുടെ നിലനിൽപ് തന്നെ അപകടത്തിലാക്കുമെന്നും ആരോപിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com