ADVERTISEMENT

ബർമിങ്ങാം∙ യുവജനങ്ങളിൽ ആത്മവിശ്വാസവും ലക്ഷ്യബോധവും വളർത്തുക എന്ന ലക്ഷ്യത്തോടെ യുക്മ ദേശീയ കമ്മിറ്റി സംഘടിപ്പിക്കുന്ന ദേശീയ യുവജന ദിനാഘോഷ പരിപാടികൾ ബർമിങ്ഹാമിൽ നടക്കും. നവംബർ 23 ശനിയാഴ്ച  വൂൾവർഹാംപ്ടണിലെ യുകെ കെസിഎ കമ്മ്യൂണിറ്റി സെന്ററിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. യുവജന കൺവൻഷനിൽ ജീവിതത്തിന്റെ വ്യത്യസ്ഥ മേഖലകളിൽ മികവുതെളിയിച്ച വ്യക്തികൾ തങ്ങളുടെ അനുഭവങ്ങൾ പങ്കുവച്ചു കൊണ്ടുള്ള പ്രചോദനാത്മക പ്രഭാഷണങ്ങൾ വിദ്യാർഥികൾക്കും യുവജനങ്ങൾക്കുമായി നടത്തും. ചർച്ചകൾക്കും സംവാദങ്ങൾക്കും അവസരം ഒരുക്കിക്കൊണ്ടാണ് പരിശീലനക്കളരി വിഭാവനം ചെയ്തിരിക്കുന്നത്.

 

കഴിഞ്ഞ അധ്യയന വർഷം ജിസിഎസ്ഇ, എ-ലെവൽ എന്നീ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് യുവജന ദിനാഘോഷങ്ങളോടനുബന്ധിച്ച് അവാർഡുകൾ നൽകി യുക്മ ആദരിക്കുന്നതാണ്. ഏതൊരു യുകെ മലയാളി വിദ്യാർത്ഥികൾക്കും ഈ അവാർഡുകൾക്ക് അപേക്ഷിക്കാവുന്നതാണ്. ഇതിനായി 2019 ൽ GCSE, A-Level പരീക്ഷകളിൽ വിജയിച്ച വിദ്യാർത്ഥികളോ അവരുടെ രക്ഷിതാക്കളോ ആണ് അപേക്ഷിക്കേണ്ടത്. ഇതിനായി uukmayouth10@gmail.com എന്ന ഇ-മെയിൽ വിലാസത്തിലേക്ക് മാർക്ക് ലിസ്റ്റിന്റെ കോപ്പികൾ അയക്കേണ്ടതാണ്.  

 

അപേക്ഷിക്കുന്നവരിൽ മുൻനിരയിൽ എത്തുന്ന പത്തു വിദ്യാർഥികൾ വീതം അവാർഡിന് അർഹരാകുന്നു എന്നതാണ് "യുക്മ യൂത്ത് അക്കാദമിക്" അവാർഡിന്റെ ഏറ്റവും വലിയ സവിശേഷത. പത്താം വാർഷികം ആഘോഷിക്കുന്ന യുക്മ പുതു തലമുറയ്ക്ക് നൽകുന്ന സ്നേഹോപഹാരം എന്ന നിലയിലാണ് ആദ്യ സ്ഥാനക്കാരായ പത്തുപേർക്ക് വീതം അവാർഡുകൾ നൽകാനുള്ള തീരുമാനം. അപേക്ഷയോടൊപ്പം അഡ്രസ്സും മൊബൈൽ ഫോൺ നമ്പറും ഉൾപ്പെടുത്തേണ്ടതാണ്. കൂടുതൽ വിദ്യാർഥികൾക്ക് അവസരം ലഭിക്കുന്നതിനായി അപേക്ഷ അയക്കാനുള്ള അവസാന തീയതി നവംബർ 17 ഞായറാഴ്ച വരെ ദീർഘിപ്പിച്ചിട്ടുള്ളതായി യുക്മ ദേശീയ യുവജനദിനത്തിന്റെയും അവാർഡ് ദാനത്തിന്റെയും ചുമതലയുള്ള ദേശീയ വൈസ് പ്രസിഡന്റ് ലിറ്റി ജിജോ, ജോയിന്റ് സെക്രട്ടറി സെലിന സജീവ്, ഡോ.ബിജു പെരിങ്ങത്തറ എന്നിവർ അറിയിച്ചു.

 

മിഡ്‌ലാൻഡ്‌സ് റീജിയനിലെ ബർമിങ്ങാം സിറ്റി മലയാളി കമ്മ്യൂണിറ്റി ആണ് ദേശീയ യുവജന ദിനാഘോഷങ്ങൾക്ക് ആതിഥേയത്വം വഹിക്കുന്നത്. മാഞ്ചസ്റ്ററിൽ നടന്ന പത്താമത് യുക്മ ദേശീയ നാഷണൽ കലാമേളയിൽ അസോസിയേഷൻ വിഭാഗത്തിൽ ചാംപ്യന്മാരായ ബിസിഎംസിയുടെ നേതൃത്വം പരിപാടികൾക്ക് മാറ്റുകൂട്ടും എന്നതിൽ സംശയമില്ല. 12 വയസ്സിന് മുകളിൽ പ്രായമുള്ള യു കെ മലയാളികളായ ഏതൊരു വിദ്യാർഥിക്കും യുവജന പരിശീലക്കളരിയിൽ പങ്കെടുക്കാവുന്നതാണ്. പരമാവധി വിദ്യാർഥികളെയും യുവജനങ്ങളെയും പങ്കെടുപ്പിച്ച് ദേശീയ യുവജനദിന പരിപാടികൾ വിജയമാക്കുവാൻ റീജിയണൽ - അസോസിയേഷൻ ഭാരവാഹികൾ പ്രത്യേകം ശ്രദ്ധിക്കണമെന്ന് യുക്മ ദേശീയ പ്രസിഡന്റ് മനോജ്‌കുമാർ പിള്ള, ജനറൽ സെക്രട്ടറി അലക്സ് വർഗീസ് എന്നിവർ അഭ്യർത്ഥിച്ചു. 

 

രാവിലെ 10 മുതൽ വൈകിട്ടു നാലു വരെ ആണ് യുവജന പരിശീലനക്കളരി നടക്കുന്നത്. പ്രോഗ്രാമിൽ പങ്കെടുക്കുവാൻ എത്തുന്നവർ 10 പൗണ്ട് പ്രവേശന ഫീസ് നൽകേണ്ടതാണ്. ഭക്ഷണം സംഘാടകർ ക്രമീകരിക്കുന്നതായിരിക്കും. പങ്കെടുക്കുന്നവർ 9:30 ന് തന്നെ റജിസ്‌ട്രേഷൻ നടത്തേണ്ടതാണ്. യുവജന ദിന പരിപാടികളോടനുബന്ധിച്ച് നവംബർ 23 ന് തന്നെ ആയിരിക്കും അവാർഡ് ദാനവും നടക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com