ADVERTISEMENT

ലണ്ടൻ∙ ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപതാ ബൈബിൾ കലോത്സവത്തിന് കൊടിയിറങ്ങി. ലിവർപൂൾ ഡേ ലാ സാലെ അക്കാദമിയിൽ ഇന്നലെ നടന്ന വാശിയേറിയ ദേശീയതല മത്സരങ്ങൾക്ക് രാവിലെ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ തിരി തെളിച്ച് ഉദ്‌ഘാടനം നിർവ്വഹിച്ചു. രൂപതയിലെ എട്ടു റീജിയനുകളിൽ നിന്നായി 1200ൽ പരം കലാപ്രതിഭകൾ അണിനിരന്ന മത്സരങ്ങളുടെ സമാപനത്തിൽ 213 പോയിന്റ് നേടി പ്രസ്റ്റൺ റീജിയൻ ഒന്നാം സ്ഥാനം കരസ്ഥമാക്കി

 

കവൻട്രി റീജിയൻ രണ്ടാം സ്ഥാനത്തും ലണ്ടൻ റീജിയൻ മൂന്നാം സ്ഥാനത്തും എത്തി. രാവിലെ ഒൻപതുമണിക്കാരംഭിച്ച മത്സരങ്ങളിലെല്ലാം കൃത്യമായ സമയനിഷ്ഠ പാലിച്ചതുമൂലം പ്രതീക്ഷിച്ചതുപോലെ വൈകിട്ട് ആറു മണിക്ക് തന്നെ സമാപന സമ്മേളനം ആരംഭിച്ചു. മാർ ജോസഫ് സ്രാമ്പിക്കൽ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. പതിനൊന്നു വേദികളിലായി നടത്തപ്പെട്ട മത്സരങ്ങൾക്ക് യൂകെയിൽ അറിയപ്പെടുന്ന വിധികർത്താക്കളാണ് മൂല്യനിർണ്ണയം നടത്തിയത്. 

 

കഴിഞ്ഞ മൂന്നു വർഷങ്ങളിലായി ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ നേതൃത്വത്തിൽ നടന്നട്ട ബൈബിൾ കലോത്സവത്തിന്റെ ഡയറക്ടറും രൂപത ബൈബിൾ അപ്പോസ്റ്റലേറ്റ് ചെയർമാനായിരുന്ന റെവ. ഫാ. പോൾ വെട്ടിക്കാട്ട് CST, ബൈബിൾ കലോത്സവത്തിന്റെ കോ ഓർഡിനേറ്റർസ് ആയി സ്തുത്യർഹമായ സേവനം നിർവ്വഹിച്ച മി. റോമിൽസ് മാത്യു, മി. സിജി വൈദ്യാനത്ത് എന്നിവരെ മാർ സ്രാമ്പിക്കൽ പൊന്നാട അണിയിച്ച് ആദരിച്ചു. ബൈബിൾ അപ്പോസ്റ്റോലറ്റിന്റെ പുതിയ ചെയർമാനായി സ്റ്റോക്ക് ഓൺ ട്രെൻഡ് സിറോ മലബാർ മിഷൻ ഡയറക്ടർ  റവ. ഫാ. ജോർജ്ജ് എട്ടുപറയിലിനെ മാർ സ്രാമ്പിക്കൽ നിയമിച്ചു. അടുത്ത വർഷത്തെ ദേശീയ തല രൂപത ബൈബിൾ കലോത്സവം കവൻട്രി റീജിയനിൽ നടത്താനും തീരുമാനമായി.

 

രൂപത ബൈബിൾ കലോത്സവത്തിന്റെ പ്രത്യേക സപ്പ്ളിമെന്റ് പ്രകാശനവും ഇന്നലെ നടന്നു. അടുത്തവർഷം കവൻട്രിയിൽ നടക്കാനുള്ള രൂപതാതല മത്സരങ്ങളുടെ മുന്നോടിയായി രൂപതാധ്യക്ഷൻ നൽകിയ ദീപശിഖ ബൈബിൾ അപോസ്റ്റലേറ്റ് ചെയർമാൻ റെവ. ഫാ. ജോർജ്ജ് എട്ടുപറയിലും   കവൻട്രി റീജിയൻ പ്രതിനിധികളും ഒരുമിച്ചു ഏറ്റുവാങ്ങി. സമ്മേളനത്തിന്റെ സമാപനത്തിൽ ഫാ. എട്ടുപറയിൽ  എല്ലാവർക്കും നന്ദി പ്രകാശിപ്പിച്ചു. 

 

സംഘാടക മികവിന്റെ നേർക്കാഴ്ചയായി മാറിയ ബൈബിൾ കലോത്സവം എല്ലാവരുടെയും മുക്തകണ്ഠ പ്രശംസ പിടിച്ചുപറ്റി. ലിവർപൂൾ വിശ്വാസസമൂഹം ആതിഥ്യമരുളിയ കലോത്സവത്തിന് രൂപത വികാരി ജനറാളും ലിവർപൂൾ ലിതർലാൻഡ് സമാധാന രാഞ്ജി ഇടവക വികാരിയുമായ റെവ. മോൺ. ജിനോ അരീക്കാട്ട് MCBS, ഇതുവരെ ബൈബിൾ അപ്പോസ്റ്റലേറ്റ് ഡയറക്ടർ ആയി പ്രവർത്തിച്ചിരുന്ന റെവ. ഫാ. പോൾ വെട്ടിക്കാട്ട് CST, കോ ഓർഡിനേറ്റർസ്  മി. റോമിൽസ് മാത്യു, മി. സിജി വൈദ്യാനത്ത്,  അസ്സോസിയേറ്റ് കോർഡിനേറ്റർ റെവ. ഫാ. ജോർജ് ഏറ്റുപറയിൽ,   മിഷൻലീഗ്, യൂത്ത് മൂവ്മെന്റ്, അല്മായ പ്രതിനിധികൾ എന്നിവരിൽ നിന്നായി പ്രത്യേകപരിശീലം നേടിയ 180 ൽ അധികം വോളണ്ടിയേഴ്‌സ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിപാടികൾ നടന്നത്. വിവിധ സമയങ്ങളിലായി ആയിരങ്ങൾ ഒഴുകിയെത്തിയ മത്സരങ്ങളുടെ നടത്തിപ്പിനെക്കുറിച്ചോ മറ്റു ക്രമീകരങ്ങളെക്കുറിച്ചോ പരാതികളൊന്നും ഉയർന്നില്ല എന്നുള്ളതും ശ്രദ്ധേയമായി. 

 

രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ, മുഖ്യ വികാരി ജനറാൾ റെവ. ഫാ. ആൻ്റണി ചുണ്ടെലിക്കാട്ട്, മോൺ. റെവ. ഫാ. സജിമോൻ മലയിൽപുത്തെൻപുരയിൽ, ചാൻസിലർ റെവ. ഡോ. മാത്യു പിണക്കാട്ട്, കത്തീഡ്രൽ വികാരി റെവ. ഡോ. ബാബു പുത്തെൻപുരക്കൽ, സെക്രട്ടറി റെവ. ഫാ. ഫാൻസ്വാ പത്തിൽ, രൂപതയിൽ ശുശ്രുഷചെയ്യുന്ന നിരവധി വൈദികരുൾപ്പെടെയുള്ളവരുടെ മുഴുവൻ സമയസാന്നിധ്യവും ശ്രദ്ധിക്കപ്പെട്ടു.  ദൈവവചനം  ആഘോഷിക്കുകയും ജീവിക്കുകയും പങ്കുവയ്ക്കുകയും  ചെയ്യുകയാണ് ഓരോ വിശ്വാസിയുടെയും  ദൗത്യമെന്നു നേരത്തെ കലോത്സവം ഉദ്ഘാടനം ചെയ്ത് മാർ ജോസഫ് സ്രാമ്പിക്കൽ പറഞ്ഞു.

 

ദൂരെനിന്നു വരുന്നവരുടെ പ്രത്യേക സൗകര്യാർത്ഥവും പൊതുതാൽപര്യവും പരിഗണിച്ച്, മിതമായ നിരക്കിൽ രുചികരമായ ഭക്ഷണസാധനങ്ങൾ എല്ലാസമയങ്ങളിലും ലഭ്യമായിരുന്നു.  പ്രത്യേകമായി ഒരുക്കിയിരുന്ന ചാപ്പലിൽ രാവിലെ 8. 30 മുതൽ വൈകിട്ട് 5. 30 വരെ തുടർച്ചയായി ദിവ്യകാരുണ്യ ആരാധന, വിവിധ സമയങ്ങളിൽ ലിവർപൂളിലെത്തുന്ന വൈദികർക്കും വിശ്വാസികൾക്കും വി. ബലിയർപ്പിക്കുന്നതിനായി 10: 30, 12: 30, 2: 30, 4: 30 എന്നീ സമയങ്ങളിൽ വി. കുര്ബാന, വൈകിട്ട് 5: 00 മുതൽ 8: 00 വരെ സമാപന ദിവ്യകാരുണ്യ ആരാധന തുടങ്ങിയവയും ദൈവവചന ആഘോഷത്തിൻറെ ഭാഗമായി ക്രമീകരിച്ചിരുന്നു. 

 

മത്സരാർഥികളുടെ പ്രകടനം മികച്ച നിലവാരം പുലർത്തി എന്നു വിധികർത്താക്കളും കാണികളും അഭിപ്രായപ്പെട്ടു. വെറും മത്സരമെന്ന രീതിയിൽ കാണാതെ ദൈവവചനത്തെ ഗൗരവമായി വിശ്വാസികൾ സമീപിക്കുകയും പഠിക്കുകയും മനസ്സിലാക്കുകയും അവതരിപ്പിക്കുകയും ചെയ്തതാണ് കലാവേദികളിലൂടെ പ്രകടമായതെന്ന് കോ ഓർഡിനേറ്റർ മോൺ. ജിനോ അരീക്കാട്ട് അഭിപ്രായപ്പെട്ടു. ഈ വർഷത്തെ ബൈബിൾ കലോത്സവം വൻ വിജയമാക്കുവാൻ പരിശ്രമിച്ച എല്ലാവര്ക്കും നന്ദി പ്രകാശിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com