ADVERTISEMENT

ലണ്ടൻ ∙ ലേബറും കൺസർവേറ്റീവും ഇഞ്ചോടിഞ്ച് ഏറ്റുമുട്ടുന്ന ബ്രിട്ടീഷ് പാർലമെന്റ് തിരഞ്ഞെടുപ്പിൽ തന്ത്രപരമായ സമീപനം സ്വീകരിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ്. ഡൗണിങ് സ്ട്രീറ്റിലെ പത്താം നമ്പർ വസതിയിൽ ആര് പ്രധാനമന്ത്രിയായി എത്തിയാലും സഹകരിച്ച് പ്രവർത്തിക്കാൻ തനിക്കാകുമെന്നായിരുന്നു ട്രംപിന്റെ പ്രതികരണം. മൂന്നുദിവസത്തെ നാറ്റോ ഉച്ചകോടിക്കായി ഇന്നലെ ലണ്ടനിലെ വാറ്റ്ഫോർഡിൽ എത്തിയപ്പോഴായിരുന്നു തിരഞ്ഞെടുപ്പിനെക്കുറിച്ചുള്ള ട്രംപിന്റെ നയതന്ത്രപരമായ  പ്രതികരണം. 

തിരഞ്ഞെടുപ്പിനെക്കുറിച്ച് അധികം പറയാനില്ലെന്നു പറഞ്ഞ ട്രംപ് താനൊരു ബ്രെക്സിറ്റ് ആരാധാകനാണെന്നും പ്രധാനമന്ത്രി ബോറിസ് ജോൺസൺ വളരെ യോഗ്യതയുള്ള ആളാണെന്നും കൂട്ടിച്ചേർത്താണ് പ്രതികരണം അവസാനിപ്പിച്ചത്. 

ലേബർ നേതാവ് ജെറമി കോർബിനുമായി ഒട്ടും അടുപ്പമില്ലാത്ത ട്രംപ് പക്ഷേ, അദ്ദേഹത്തെയോ ലേബർ പാർട്ടിയെയോ വിമർശിക്കാനോ എതിർത്ത് എന്തെങ്കിലും പറയാനോ തയാറായില്ല. തിരഞ്ഞെടുപ്പിന് കേവലം എട്ടു ദിവസം മാത്രം ശേഷിക്കെ, സർവേ ഫലങ്ങൾ ഇരു പാർട്ടികൾക്കുമിടയിൽ വലിയ പോയിന്റ് വ്യത്യാസം പ്രവചിക്കാത്ത സാഹചര്യം കൂടി കണക്കിലെടുത്തായിരുന്നു ട്രംപിന്റെ മിതമായ പ്രതികരണം. 

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബ്രെക്സിറ്റിനായി നിലകൊള്ളുന്നവർക്ക് വോട്ടുചെയ്യണമെന്ന പരസ്യമായ നിലപാടായിരുന്നു ട്രംപിന്റേത്. മൂന്നുദിവസത്തെ സന്ദർശനത്തിന് ബ്രിട്ടണിലെത്തിയ ട്രംപിനും മറ്റ് ലോക നേതാക്കൾക്കും ബക്കിങ്ങാം പാലസിൽ രാജ്ഞി പ്രത്യേക വിരുന്നു നൽകുന്നുണ്ട്. 

ബ്രിട്ടനിലെ എൻഎച്ച്എസിന്റെ കാര്യത്തിൽ അമേരിക്കയ്ക്ക് ഒന്നും ചെയ്യാൻ ഉദ്ദേശമില്ലെന്ന് ട്രംപ് പറഞ്ഞു. ബ്രെക്സിറ്റിനുശേഷം ബ്രിട്ടനുമായുള്ള വ്യാപാര ചർച്ചകളിൽ എൻഎച്ച്എസ്. സ്വകാര്യവൽകരണം മുഖ്യവിഷയമാകുമെന്ന ആരോപണത്തോട് പ്രതികരിക്കവേ അദ്ദേഹം വ്യക്തമാക്കി. 

കഴിഞ്ഞദിവസം ലണ്ടൻ ബ്രിഡ്ജിൽ നടന്ന ഭീകരാക്രമണത്തെ ധീരമായി നേരിട്ടവരെയും അക്രമിയെ കീഴ്പ്പെടുത്തിയവരെയും ട്രംപ്  അഭിനന്ദിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com