ADVERTISEMENT

ലണ്ടൻ∙  ബ്രിട്ടനിൽ ഇന്നു പൊതു തിരഞ്ഞെടുപ്പ്. അഞ്ചാഴ്ചത്തെ ചൂടേറിയ പ്രചാരണത്തിന് ഇന്നലെ രാത്രി പത്തിനു തിരശീല വീണു. നിശബ്ദ പ്രചാരണം എന്നൊന്ന് എടുത്തുപറയാൻ ബ്രിട്ടനിലില്ല. കോലാഹലങ്ങളില്ലാത്ത പ്രചാരണമാണ് എപ്പോഴും ബ്രിട്ടനിൽ.

രാവിലെ ഏഴു മുതൽ രാത്രി 10 വരെയാണ് വോട്ടെടുപ്പ്. സ്കൂളുകളിലും പബ്ബുകളിലും പള്ളികളിലും ലൈബ്രറികളിലുമൊക്കെയാണ് പോളിങ് ബൂത്തുകൾ. പലപ്പോഴും മൈനസിലും താഴുന്ന താപനിലയാണ് രാജ്യത്തിന്റെ പല സ്ഥലങ്ങളിലും. ഇതോടൊപ്പം ഇന്നു ചില സ്ഥലങ്ങളിൽ കനത്ത മഴയും പ്രവചിക്കുന്നുണ്ട്. ഇതു പോളിങ്ങിനെ ബാധിച്ചേക്കാം. ഇരുപതു ശതമാനത്തോളം പേർ പോസ്റ്റിലൂടെ തങ്ങളുടെ വോട്ട് രേഖപ്പെടുത്തിക്കഴിഞ്ഞു. 

അഞ്ചാഴ്ച നീണ്ട പ്രചാരണത്തിൽ മുഖ്യ ദേശീയ പാർട്ടികളായ ലേബറും ടോറികളും ഇഞ്ചോടിഞ്ച് മൽസരമാണു കാഴ്ചവച്ചത്. തുടക്കത്തിൽ സർവേ ഫലങ്ങളിൽ ഏറെ പിന്നിലായിരുന്ന ലേബർ പാർട്ടി ഓരോ ദിവസവും മുന്നേറി, തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് സർവേയിൽ ടോറികൾക്ക് ഒപ്പമെത്തുന്ന കൌതുകകരമായ കാഴ്ചയാണ് ബ്രിട്ടീഷ് ജനത കണ്ടത്. 

തുടക്കത്തിൽ ഏഴുപത് സീറ്റുകൾ വരെ ടോറികൾക്ക് ഭൂരിപക്ഷം പ്രവചിച്ച സർവേ തന്നെ ഇന്നലെ തൂക്കു പാർലമെന്റ് പ്രവചിക്കുന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ മാറി. ബ്രക്സിറ്റിൽ മാത്രം ഊന്നൽ നൽകി  പ്രചാരണം നയിച്ച ബോറിസ് ജോൺസണെതിരേ ബഹുമുഖ പ്രത്യാക്രമണം നടത്തിയായിരുന്നു ലേബർ തിരിച്ചടിച്ചത്. എൻഎച്ച്എസ് ആയിരുന്നു ഇതിൽ പ്രധാന വിഷയം. 

പ്രചാരണത്തിന്റെ അവസാന ദിവസമായ ഇന്നലെ ലേബർ നേതാവ് ജെറമി കോർബിൻ ആറു മണ്ഡലങ്ങളിലാണ് ഓടിയെത്തിയത്. ‘’വോട്ട് ഫോർ ഹോപ്പ്’’ എന്നതായിരുന്നു അവസാന ദിവസത്തെ കോർബിന്റെ പ്രചാരണായുധം. പ്രധാനമന്ത്രി ബോറിസ് ജോൺസൺ ബ്രക്സിറ്റിനായി തന്നെ വോട്ടുതേടി. വെസ്റ്റ് യോർക്ഷെയർ, വെയിൽസ്, ലണ്ടൻ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചായിരുന്നു ജോൺസന്റെ പ്രചാരണം. 

ലിബറൽ ഡെമോക്രാറ്റിക് പാർട്ടി നേതാവ് ജോ സ്വിൻസൺ ബ്രക്സിറ്റ് തടയാനായി ജനങ്ങളോട് വോട്ടുചോദിച്ചു. ബ്രക്സിറ്റിനെ തുറന്നെതിർത്താണ് ലിബറൽ ഡെമോക്രാറ്റുകളുടെ മൽസരം. സ്കോട്ട്ലൻഡിൽ എസ്.എൻ.പി.യും ബ്രക്സിറ്റ് വിരുദ്ധത പ്രചരിപ്പിച്ചാണ് വോട്ടു തേടുന്നത്. വെയിൽസിലെ പ്രാദേശിക കക്ഷിയായ പ്ലൈഡ് കമറിയും പരിസ്ഥിതിവാദികളായ ഗ്രീൻ പാർട്ടിയുമെല്ലാം തങ്ങളുടെ ശക്തികേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് പ്രചാരണം അവസാനിപ്പിച്ചു. 

ഇന്നു രാത്രി പത്തിന് പോളിങ് അവസാനിച്ചാൽ അർധരാത്രിയോടെ വോട്ടെണ്ണൽ ആരംഭിക്കും. വെള്ളിയാഴ്ച രാവിലെ മുതൽ ഫലസൂചനകൾ പുറത്തുവരും. ഉച്ചയോടെ വിജയികളെ വ്യക്തമായി അറിയാം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com