ADVERTISEMENT

ലണ്ടൻ/കൂത്താട്ടുകുളം ∙ അവയവദാന പ്രചാരണ രംഗത്തെ ശ്രദ്ധേയ പ്രവർത്തനങ്ങൾക്കു മലയാളിക്കു ബ്രിട്ടീഷ് രാജ്ഞിയുടെ ബഹുമതി. കൂത്താട്ടുകുളം സ്വദേശി ഡോ. ഷിബു ചാക്കോയാണ് (43) മെംബർ ഓഫ് ബ്രിട്ടീഷ് എംപയർ (എംബിഇ) പദവി കരസ്ഥമാക്കി മലയാളികളുടെ അഭിമാനം ഉയർത്തിയത്. ബക്കിങ്ങാം കൊട്ടാരത്തിൽ നടന്ന ചടങ്ങിൽ ചാൾസ് രാജകുമാരൻ ഷിബു ചാക്കോയ്ക്ക് പുരസ്കാരം സമ്മാനിച്ചു. രാജ്ഞിയുടെ ജന്മദിനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ജൂണിൽ ഷിബു ഉൾപ്പെടെയുള്ളവർക്കു പുരസ്കാരം പ്രഖ്യാപിച്ചിരുന്നു. 

യുകെയിൽ അവയവദാനവുമായി ബന്ധപ്പെട്ടു നടത്തിയ പ്രചാരണ പ്രവർത്തനങ്ങളാണ് ഇദ്ദേഹത്തെ പുരസ്കാരത്തിന് അർഹനാക്കിയത്. മംഗലത്തുതാഴം കുറ്റിക്കാട്ടിൽ ചാക്കോ, സാറാമ്മ ദമ്പതികളുടെ ഏകമകനായ ഷിബു ബിഎസ്‌സി നഴ്സിങ് പഠനം പൂർത്തിയാക്കി 2002ലാണ് യുകെയിൽ ജോലിയിൽ പ്രവേശിച്ചത്. ബ്രിട്ടനിൽ ജോലിക്കൊപ്പം പഠനം തുടർന്ന ഷിബു ബിരുദാനന്തര ബിരുദവും പിഎച്ച്ഡിയും നേടി.

shibu-chacko

ബ്രിട്ടീഷ് സർക്കാർ വകുപ്പായ 'എൻഎച്ച്എഫ് ബ്ലഡ് ട്രാൻസ്പ്ലാന്റ് യുകെ' യിൽ ഓർഗൻ ട്രാൻസ്പ്ലാന്റ് കോഓർഡിനേറ്ററായി പ്രവർത്തിക്കുകയാണ് ഇപ്പോൾ. ഈ രംഗത്തെ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കണക്കിലെടുത്തു ഡോണർ അംബാസഡർ പദവിയും ഷിബുവിന് ലഭിച്ചിട്ടുണ്ട്. മരങ്ങാട്ടുപിള്ളി നിലക്കപ്പിള്ളിൽ കുടുംബാംഗമായ ഭാര്യ ഷിനോ യുകെയിൽ നഴ്സ് ആണ്. ഒൻപതാം ക്ലാസിൽ പഠിക്കുന്ന ജോഷുവയും ജോയലുമാണു മക്കൾ. 

ഒന്നാം ലോക മഹായുദ്ധത്തിലെ വീരന്മാരെ ആദരിക്കാൻ ജോർജ് അഞ്ചാമൻ രാജാവ് 1917ൽ ഏര്‍പ്പെടുത്തിയതാണു എംബിഇ എന്ന രാജബഹുമതി. 'മെംബർ ഓഫ് ദ മോസ്റ്റ് എക്സലന്റ് ഓർഡർ ഓഫ് ദി ബ്രിട്ടീഷ് എംപയർ' എന്നാണ് എംബിഇയുടെ പൂർണരൂപം. ജേതാക്കളെ കൊട്ടാരത്തിലേക്കു ക്ഷണിച്ചു വരുത്തി രാജ്ഞിയോ രാജകുമാരനോ ആണ് ബഹുമതി സമ്മാനിക്കുന്നത്. ആഭ്യന്തര മന്ത്രാലയം നിർദേശിക്കുന്ന പേരുകൾ പ്രധാനമന്ത്രിയുടെ ശുപാർശയോടെ രാജ്ഞിയുടെ അംഗീകാരത്തിനായി സമർപ്പിക്കുന്ന രീതിയാണു നിലവിലുള്ളത്.   

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com