ADVERTISEMENT

ലണ്ടൻ ∙ ഇന്നലെ  രാഷ്ട്രപതി ഒപ്പുവച്ച പൗരത്വ ഭേദഗതി ബില്ലിൽ പ്രവാസികളുടെ ഒസിഐ കാർഡ് (ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ കാർഡ്) റദ്ദു ചെയ്യാനുള്ള വ്യവസ്ഥകളും. നാല് സാഹചര്യങ്ങളിലാണ് ഒസിഐ. റജ്സ്ട്രേഷൻ റദ്ദ് ചെയ്യാൻ പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നത്.

1 റജിസ്ട്രേഷൻ വ്യാജമാണെന്ന് കണ്ടെത്തിയാൽ.

2 റജിസ്ട്രേഷൻ നടപടികൾ പൂർത്തിയായി അഞ്ചുവർഷത്തിനുള്ളിൽ രണ്ടോ അതിലധികമോ വർഷം ജയിൽശിക്ഷയ്ക്കു വിധേയനായാൽ.

3 രാജ്യത്തിന്റെ പരമാധികാരത്തിനും സുരക്ഷയ്ക്കും എതിരായി പ്രവർത്തിച്ചാൽ. 

4 ഇവയ്ക്കെല്ലാം പുറമേ രാജ്യത്തെ ഏതെങ്കിലും നിയമത്തിന് എതിരായി പ്രവർത്തിച്ചാലും ഒസിഐ. റജിഷ്ട്രേഷൻ റദ്ദാക്കാൻ പുതിയ വിവാദ നിയമം വ്യവസ്ഥ ചെയ്യുന്നു. റജിസ്ട്രേഷൻ റദ്ദാക്കുന്നതിനു മുൻപ് ഒസിഐ കാർഡ് ഉടമസ്ഥരുടെ വാദം കേൾക്കണമെന്നു വ്യവസ്ഥയുണ്ടെങ്കിലും വിദേശ പൗരത്വമുള്ള ഇന്ത്യക്കാർക്ക്  ഇതിനുള്ള സാഹചര്യം എത്രമാത്രം എന്നത് ചിന്തിക്കാവുന്നതേയുള്ളു.  

രാജ്യത്തെ പ്രതിപക്ഷകക്ഷികൾ ഒന്നടങ്കം മുസ്‌ലിം വിരുദ്ധമെന്ന് മുറവിളികൂട്ടി എതിർത്ത നിയമം വിദേശത്തു സ്ഥിരതാമസമാക്കിയ ലക്ഷക്കണക്കിനു പ്രവാസികൾക്കും പരോക്ഷമായ ഭീഷണി ഉയർത്തുന്നു എന്നതാണ് ഈ വ്യവസ്ഥയുടെ രത്നച്ചുരുക്കം. 

നവമാധ്യമങ്ങൾ വഴിയുള്ള സന്ദേശങ്ങളും കമന്റുകളും പോലും ദേശവിരുദ്ധമെന്നും രാജ്യദ്രോഹപരമെന്നും വ്യാഖ്യാനിച്ചു വേണമെങ്കിൽ പൊലീസിന് കേസെടുക്കാം. ഇത്തരമൊരു കേസുപോലും ഒരു പ്രവാസിയുടെ ഒസിഐ. കാർഡ് റദ്ദുചെയ്യുന്നതിലേക്ക് കാര്യങ്ങളെത്തിക്കാം എന്നതിലാണ് നിയമത്തിലെ ഈ വ്യവസ്ഥയുടെ ഭീഷണി. 

ഒസിഐ. കാർഡ് റദ്ദ് ചെയ്യപ്പെടുന്ന സാഹചര്യമുണ്ടായാൽ പിന്നീട് സന്ദർശന വീസയിൽ ഇന്ത്യയിലേക്കുള്ള യാത്രയും ദുഷ്കരമാകും. ഇന്ത്യയിൽ വസ്തുവകകളും ബന്ധുക്കളുമൊക്കെയുള്ള പ്രവാസികൾക്ക് ഇത് വലിയ ബുദ്ധുമുട്ടുണ്ടാക്കും. ഇന്ത്യയിലായിരിക്കെയാണു കാർഡ് റദ്ദാക്കപ്പെടുന്നതെങ്കിൽ ഉടൻതന്നെ രാജ്യം വിടേണ്ടിയും വരും.  

വിദേശത്തിരുന്നു സർക്കാരിനെയും പ്രധാനമന്ത്രിയെയും വിമർശിക്കുകയും സർക്കാർ നയങ്ങള്‍ക്കെതിരെ സഭ്യമല്ലാതെ സംസാരിക്കുകയും ചെയ്യുന്നവർക്കെല്ലാം വേണ്ടിവന്നാൽ കൂച്ചുവിലങ്ങിടാൻ ഇതിലൂടെ സാധിക്കും. 

ഇന്ത്യൻ വംശജരായ വിദേശ പൗരന്മാർക്ക് ഏറെക്കുറെ എൻആർഐകൾക്ക് തുല്യമായ അവകാശങ്ങൾ ഉറപ്പുവരുത്തുന്ന സംവിധാനമാണ് ഒസിഐ റജിസ്ട്രേഷൻ. ഡോ.മൻമോഹൻ സിങ് പ്രധാനമന്ത്രിയായിരിക്കെ ഒന്നാം യുപിഎ. സർക്കാർ കൊണ്ടുവന്ന ഈ പരിഷ്കാരം അമേരിക്കയിലും യൂറോപ്യൻ രാജ്യങ്ങളിലും മറ്റും കുടിയേറി സ്ഥിരതാമസമാക്കിയ ഇന്ത്യക്കാർക്കു വലിയ ആശ്വാസമായിരുന്നു. ഇന്ത്യയിലേക്ക് എപ്പോൾ വേണമെങ്കിലും വീസയില്ലാതെ പോയി വരാനും എത്രകാലം വേണമെങ്കിലും ഇന്ത്യയിൽ അനുമതിയില്ലാതെ താമസിക്കാനും പഠിക്കാനും ജോലി ചെയ്യാനുമുള്ള അവകാശങ്ങളെല്ലാം ഇതിലൂടെ ലഭിക്കുന്നുണ്ട്. കൃഷിസ്ഥലവും എസ്റ്റേറ്റും ഒഴികെയുള്ള വസ്തുവകകൾ വാങ്ങാനും ഇതിലൂടെ അനുമതിയുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com