ADVERTISEMENT

സൂറിക് ∙ സമീപ കാലത്തൊന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇത്രയും സമയം ‌കാറിൽ സഞ്ചരിച്ചിട്ടുണ്ടാവില്ല. ലോക സാമ്പത്തിക ഫോറത്തിൽ ഡാവോസിൽ പങ്കെടുത്ത് സൂറിക്കിലേക്ക് മടങ്ങാൻ ട്രംപിനെ കാറിൽ കയറ്റി വിട്ടത് വാസ്‌തവത്തിൽ സ്വിറ്റ്സർലൻഡിലെ മൂടൽ മഞ്ഞാണ്. അമേരിക്കൻ പ്രസിഡന്റിനെ വിമാനമായ എയർഫോഴ്‌സ് വൺ പാർക്ക് ചെയ്‌തിട്ടുള്ള സൂറിക് വിമാനത്താവളത്തിൽ നിന്നും, ഡാവോസിലേക്കുള്ള ദൂരം ഏകദേശം 150 കി.മി. ആണ്. ഇത്രയും ദൂരം താണ്ടാൻ റോഡ് മാർഗം വേണ്ടത് രണ്ട് മുതൽ രണ്ടര മണിക്കൂർ.

സൂറിക്കിൽ നിന്നും അമേരിക്കൻ പ്രസിഡന്റിന്റെ ഹെലികോപ്റ്ററിൽ ട്രംപ് ഡാവോസിലേക്ക് വന്നത് അര മണിക്കൂർ കൊണ്ടാണ്. തിരിച്ചുപോവാനും ട്രംപിന്റെ ഹെലികോപ്റ്റർ തയാറായിരുന്നെങ്കിലും, കനത്ത മൂടൽ മഞ്ഞിൽ ആകാശയാത്ര സുരക്ഷിതമല്ലാതായതോടെ റോഡ് യാത്ര തിരഞ്ഞെടുക്കുകയായിരുന്നു. ട്രംപിന്റെ വഴികളിലെ ഹൈവേയും, റസ്റ്റ് സ്റ്റേഷനുകളും അൽപസമയം മാത്രം തടഞ്ഞ് നാട്ടുകാർക്ക് അധികം ബുദ്ധിമുട്ടുണ്ടാക്കാതെയാണ്‌ പഴുതടച്ച സുരക്ഷ ഒരുക്കിയത്. 

mas_Trump_Konvoi1074.jpg

റോഡ് മധ്യേയുള്ള ഡിവൈഡറുകൾ ഇല്ലാത്ത ഡാവോസ്‌ മുതൽ എ 13 ഹൈവെ വരെയുള്ള ദൂരത്തിൽ ഇരുവശത്തും നിന്നും റോഡ് തടഞ്ഞു. ഡിവൈഡറുള്ള ഹൈവേയിൽ എതിർ വശത്തുനിന്നുള്ള ട്രാഫിക്കിന് നിരോധനം ഏർപ്പെടുത്തിയിരുന്നില്ല. ട്രംപിന്റെ തലയ്ക്ക് ഇറാൻ വിലയിട്ടതിന് ശേഷമുള്ള യുഎസ് പ്രസിഡന്റിന്റെ ആദ്യ വിദേശയാത്രയാണ് ഡാവോസിലെക്കുള്ളത്. ട്രംപിനെതിരെ പരിസ്ഥിതിവാദികളുടെ ഒട്ടേറെ പ്രതിഷേധങ്ങളും സ്വിറ്റ്സർലൻഡ് സന്ദർശനത്തോടനുബന്ധിച്ചു നടന്നിരുന്നു.

ലോക സാമ്പത്തിക ഫോറത്തിൽ പങ്കെടുക്കാൻ ഒന്നര ദിവസത്തേക്കാണ് ട്രംപ് സ്വിറ്റ്സർലൻഡിൽ എത്തിയത്. ഉച്ചക്ക് 1.30 നായിരുന്നു സൂറിക്കിൽ നിന്നും മടങ്ങേണ്ടിയിരുന്നതെങ്കിലും, എയർഫോഴ്‌സ്‌ വൺ ടേക് ഓഫ് ചെയ്‌തത്‌ വൈകിട്ട് 4.25ന്. യുഎസ് പ്രസിഡന്റായതിനു ശേഷം ഇത് രണ്ടാം തവണയാണ് ട്രംപ് ഡാവോസിലെക്ക് വരുന്നത്. 2018 ൽ വന്നപ്പോൾ മൂടൽ മഞ്ഞു പ്രശ്നമാകാത്തത്‌ കൊണ്ട് ഇരുവശത്തേക്കും ഹെലികോപ്റ്ററിലായിരുന്നു അന്ന് യാത്ര.

trump-us-president

ഡാവോസ്–സൂറിക് രണ്ടര മണിക്കൂർ റോഡ് ദൂരം കാറിൽ താണ്ടുന്ന ആദ്യ യുഎസ് പ്രസിഡന്റ് ബിൽ ക്ലിന്റനാണ്. അന്നും മൂടൽമഞ്ഞായിരുന്നു ആകാശയാത്രയ്ക്കു തടസ്സം. 2000 ൽ നടന്ന ആ യാത്രയിൽ മൂത്രശങ്ക തീർക്കാനായി ഗ്ളാർനർ ലാൻഡിലെ ഹൈവേ റസ്റ്റ് സ്റ്റേഷനിൽ ക്ലിന്റൺ കയറിയിരുന്നു. അവിടുത്തെ റസ്റ്ററന്റിൽ നിന്നും പിസ്സയും,കോളയും, കാപ്പിയും കുടിച്ചാണ് അന്ന് അദ്ദേഹം പോയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com