ADVERTISEMENT

ലണ്ടൻ ∙ ബോറിസ് ജോൺസന്റെ നേതൃത്വത്തിലുള്ള ബ്രിട്ടനിലെ പുതിയ ടോറി സർക്കാരിൽ മധുവിധുകാലം തീരും മുൻപേ പൊട്ടിത്തെറി. മന്ത്രിസഭയിലെ രണ്ടാമനായ ചാൻസിലർ സാജിദ് ജാവേദ് പ്രധാനമന്ത്രിയുമായുള്ള അഭിപ്രായ ഭിന്നതയെച്ചൊല്ലി സ്ഥാനം രാജിവച്ചു. ബജറ്റിന് നാലാഴ്ച മാത്രം ബാക്കിനിൽക്കെയുള്ള ചാൻസിലറുടെ രാജി ബ്രിട്ടനിൽ വലിയ പ്രതിസന്ധിതന്നെ ഉണ്ടാക്കുമെന്ന് ഉറപ്പാണ്. ബ്രക്സിറ്റ് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ശക്തമായ നിലപാടെടുത്ത് ജോൺസണൊപ്പം ഉറച്ചുനിന്ന നേതാവാണ് ജാവേദ്. എന്നാൽ, തന്റെ വകുപ്പിലെ സഹായികളായ ചില ഉന്നതരെ മന്ത്രിസഭാ പുനഃസംഘടനയുടെ ഭാഗമായി മാറ്റണമെന്ന പ്രധാനമന്ത്രിയുടെ നിർദേശത്തോട് യോജിക്കാൻ കഴിയാതെ വന്നതോടെയാണ് അദ്ദേഹം രാജിവച്ചൊഴിഞ്ഞത്. 

സംഘാംഗങ്ങളെ തക്കതായ കാരണമില്ലാതെ ഒഴിവാക്കുന്നത് ആത്മാഭിമാനമുള്ള ഒരു മന്ത്രിക്ക് ചേർന്നതല്ലെന്നായിരുന്നു രാജിയെക്കുറിച്ചുള്ള ജാവേദിന്റെ പ്രതികരണം. നേരത്തെ തെരേസ മേയ് മന്ത്രിസഭയിൽ ഹോം സെക്രട്ടറിയായും ഇപ്പോൾ ചാൻസിലറായും സേവനം അനുഷ്ഠിച്ചുവന്ന സാജിദ് ജാവേദ് പാക് വംശജനാണ്. ജൂലൈയിൽ ജോൺസൺ പ്രധാനമന്ത്രിയായപ്പോഴാണ് മന്ത്രിസഭയിലെ രണ്ടാമനായി ജാവേദിനെ ഉയർത്തി ചാൻസിലറാക്കിയത്. തിരഞ്ഞെടുപ്പിൽ ബ്രിട്ടനിലെ പത്തു ലക്ഷത്തിലേറെ വരുന്ന പാക് വംശജരുടെ പിന്തുണ ഉറപ്പിക്കുകയായിരുന്നു ഇതിലൂടെ ജോൺസന്റെ ലക്ഷ്യം. പാക്കിസ്ഥാനിലെ പഞ്ചാബിൽനിന്നും ബ്രിട്ടനിലേക്ക് കുടിയേറിയ കുടുംബത്തിലെ അംഗമാണ് ജാവേദ്. ബസ് ഡ്രൈവറുടെ മകനായ സാജിദ് 2010ലാണ് ആദ്യമായി പാർമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 

Rishi-Sunak
ഋഷി സുനാക്

ജാവേദിനു പകരമെത്തുന്നത് ഇന്ത്യൻ വംശജനായ ഋഷി സുനാക്

ഇന്ത്യൻ വംശജനായ ഋഷി സുനാക് ആണ് പുതിയ ചാൻസിലർ. നിലവിൽ ട്രഷറി ചീഫ് സെക്രട്ടറിയായി സേവനം അനുഷ്ഠിക്കുന്ന ഋഷി നേരത്തെ ജൂനിയർ ഹൗസിംങ് മിനിസ്റ്ററായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഇന്ത്യയിൽനിന്നും ബ്രിട്ടനിലെ സൗത്താംപ്റ്റണിലേക്ക് കുടിയേറിയ കുടുംബത്തിലെ അംഗമാണ് ഋഷി. അച്ഛൻ ഡോക്ടറാണ്. ഇൻഫോസിസ് സ്ഥാപക ചെയർമാൻ നാരായണമൂർത്തിയുടെ മകൾ അക്ഷത മൂർത്തിയാണ് ഭാര്യ. ഓക്സ്ഫെഡ് യൂണിവേഴ്സിറ്റിയിൽനിന്നും വിദ്യാഭ്യാസം പൂർത്തിയാക്കിയ ഋഷി 2015ലാണ് ആദ്യമായി പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ബ്രക്സിറ്റിനായി ശക്തമായ പ്രചാരണം നടത്തിയവരിൽ മുന്നിലായിരുന്നു ടോറിയിലെ ഈ യുവ നേതാവ്. 

അഴിച്ചുപണിയിൽ സ്ഥാനം പോയവരിൽ ആൻഡ്രിയ ലീഡ്സവും 

ജാവേദിന്റെ രാജിക്കു പിന്നാലെ മന്ത്രിസഭയിൽ അഴിച്ചുപണി നടത്തിയ ബോറിസ് നോർത്തേൺ അയർലൻഡ് സെക്രട്ടറി ജൂലിയൻ സ്മിത്തിനെയും ബിസിനസ് സെക്രട്ടറി ആൻഡ്രിയ ലീഡ്സമിനെയും പുറത്താക്കി. ഹൗസിംങ് മിനിസ്റ്റർ എസ്തേർ മക്കൈ, പരിസ്ഥിതി സെക്രട്ടറി തെരേസ വില്ലേഴ്സ് എന്നിവർക്കും കസേര പോയി. അറ്റോർണി ജനറൽ ജെഫ്രി കോക്സിനോടും പ്രധാനമന്ത്രി രാജിവയ്ക്കാൻ ആവശ്യപ്പെട്ടു. തെരേസ മേയ്ക്കെതിരേ പ്രധാനമന്ത്രിസ്ഥാനത്തേക്കു മൽസരിച്ച നേതാവാണ് ആൻഡ്രിയ. പിന്നീട് ഇവർ കോമൺസ് ലീഡറായും പ്രവർത്തിച്ചിരുന്നു. 

ഇന്ത്യൻ വംശജയായ പ്രീതി പട്ടേൽ ഹോം സെക്രട്ടറിയായി തുടരും. വിദേശകാര്യ സെക്രട്ടറി ഡോമിനിക് റാബിനും മറ്റൊരു മുതിർന്ന നേതാവായ മൈക്കിൾ ഗോവിനും മാറ്റമില്ല.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com