ADVERTISEMENT

ലണ്ടൻ ∙ ജപ്പാൻ തീരത്ത് നങ്കൂരമിട്ട ആഡംബര ക്രൂയിസ് കപ്പൽ ഡയമണ്ട് പ്രിൻസസിൽ കുടുങ്ങിയ ബ്രിട്ടിഷ് ദമ്പതികൾക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. നോർത്താംപ്റ്റൺഷെയറിൽനിന്നുള്ള ഡേവിഡ് ഏബൽ, സാലി ദമ്പതിമാർക്കാണ് രോഗബാധ സ്ഥിരീകരിച്ചതായി ഇവരുടെ മകൻ ബിബിസിയിലൂടെ വെളിപ്പെടുത്തിയത്.

ഇവരുൾപ്പെടെ കപ്പലിലുള്ള 74 ബ്രിട്ടിഷ് പൗരന്മാരെ രക്ഷപ്പെടുത്തി തിരികെയെത്തിക്കാൻ വിദേശകാര്യ മന്ത്രാലയം അടിയന്തര നടപടി തുടരുകയാണ്. കപ്പലിലുള്ള യാത്രക്കാർക്ക് കൊറോണ ബാധയുണ്ടെന്ന സംശയത്തെത്തുടർന്ന് കപ്പൽ കരയിലടുപ്പിക്കാതെ കടലിൽതന്നെ സുരക്ഷിതമായി  നങ്കൂരമിട്ടിരിക്കുയാണ്.

രോഗബാധ തടയുന്നതിന് ഏറ്റവും ഫലപ്രമായ മാർഗമെന്ന നിലയിലാണ് 3,700 യാത്രക്കാരുള്ള കപ്പൽ കടലിൽതന്നെ ഒറ്റപ്പെടുത്തി നിർത്താൻ (ക്വാറൻറൈൻ)  അധികൃതർ തീരുമാനിച്ചത്. എന്നാൽ യാത്രക്കാർക്ക് ആവശ്യമായ മെഡിക്കൽ സൗകര്യവും മറ്റ് സഹായങ്ങളും വേണ്ടവിധം ചെയ്യാനാകുന്നില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

കപ്പലിലുണ്ടായിരുന്ന മുന്നൂറിലേറെ അമേരിക്കക്കാരെ ഇതിനോടകം രക്ഷപ്പെടുത്തി അമേരിക്കയിലെത്തിച്ചുകഴിഞ്ഞു. ഈ സാഹചര്യത്തിൽ ബ്രിട്ടിഷ് പൗരന്മാരെ ഇനിയും രക്ഷപ്പെടുത്താനാകാത്തതിൽ യാത്രക്കാരുടെ ബന്ധുക്കളിൽനിന്നും പ്രതിഷേധം ഉയരുന്നുണ്ട്. കപ്പലിലുള്ള യാത്രക്കാരിൽ 542 പേർക്ക് ഇതിനോടകം കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

ഇന്നലെ മാത്രം രോഗം സ്ഥിരീകരിച്ചത് 88 പേർക്കാണ്. ചൈനയ്ക്കു പുറത്ത് ഏറ്റവും അധികം രോഗബാധിതരുള്ള സ്ഥലമായി ഈ ആഡംബര കപ്പൽ മാറിക്കഴിഞ്ഞു എന്നതാണ് ഞെട്ടിപ്പിക്കുന്ന അവസ്ഥ. എന്നാൽ യാത്രക്കാരുടെ സംരക്ഷണത്തിനും ചികിൽസയ്ക്കുമായി വേണ്ടതെല്ലാം ചെയ്യുന്നുണ്ടെന്നാണ് ക്രൂയിസ് കമ്പനി അധികൃതരുടെ വിശദീകരണം.

കൂടുതൽ ഡോക്ടർമാരെയും നഴ്സുമാരെയും ഉൾപ്പെടെ വിദഗ്ധ സംഘത്തെ കപ്പലിലേക്ക് അയച്ചിട്ടുണ്ടെന്ന് കപ്പലുടമകളായ പ്രിൻസസ് ക്രൂയിസിന്റെ പ്രസിഡന്റ് ജാൻ സ്വാർട്സ് വ്യക്തമാക്കി. ബ്രിട്ടനിലുള്ള മകൻ സ്റ്റീവിന് അയച്ച  ഇ-മെയിൽ സന്ദേശത്തിലാണ് ബ്രിട്ടിഷ് ദമ്പതികൾ രോഗബാധ സ്ഥിരീകരിച്ചതായി അറിയിച്ചത്. തങ്ങളെ ആശുപത്രിയിലേക്ക് മാറ്റുന്നതായി മറ്റൊരു സന്ദേശം ഫേസ് ബുക്കിലൂടെ ലഭിച്ചെങ്കിലും പിന്നീട് കൂടുതൽ കാര്യങ്ങൾ അറിയാൻ കഴിയുന്നില്ലെന്നും അദ്ദേഹം പറയുന്നു. ഇതിനിടെ കൊറോണ വൈറസ് ബാധിച്ച നാലു ബ്രിട്ടിഷ് പൗരന്മാരെ ജപ്പാനിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുള്ളതായി ഔദ്യോഗിക സ്ഥിരീകരണമുണ്ട്. 

English Summary: Coronavirus: British couple on cruise ship say they have tested positive

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com