ADVERTISEMENT

 

ലണ്ടൻ∙ പ്രവർത്തനച്ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി എച്ച്എസ്ബിസി ബാങ്ക് 35000 തസ്തികകൾ വെട്ടിക്കുറയ്ക്കുന്നു. കഴിഞ്ഞ സാമ്പത്തിക വർഷം ലാഭത്തിൽ വൻ കുറവ് രേഖപ്പെടുത്തിയതോടെയാണ് ശക്തമായ പരിഷ്കരണ നടപടികളുമായി മുന്നോട്ടു പോകാൻ കമ്പനി തീരുമാനിച്ചിരിക്കുന്നത്. നിലവിൽ അമ്പതിലേറെ രാജ്യങ്ങളിലായി രണ്ടുലക്ഷത്തി മുപ്പത്തയ്യായിരത്തിലേറെ ജീവനക്കാരാണ് എച്ച്.എസ്.ബി.സി.ക്ക് ഉള്ളത്. ഇത് വരുന്ന മൂന്നു വർഷത്തിനുള്ളിൽ രണ്ടുലക്ഷമായി കുറയ്ക്കാനാണ് പദ്ധതി. 2022 ആകുമ്പോഴയ്ക്കും 4.5 ബില്യൺ അമേരിക്കൻ ഡോളറിന്റെ ചെലവു ചുരുക്കൽ നടപടികളാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് ബാങ്കിന്റെ ഇടക്കാല ചീഫ് എക്സിക്യൂട്ടീവ് നോയൽ ക്വിൻ വ്യക്തമാക്കി. 

 

നോർത്ത് അമേരിക്ക, ബ്രിട്ടൺ, ചൈന, സിങ്കപ്പൂർ, യുഎഇ, തുടങ്ങിയ വൻ സാമ്പത്തിക ശക്തികളായ രാജ്യങ്ങളിലുൾപ്പെടെ  അമ്പതോളം രാജ്യങ്ങളിലെ ബാങ്കിംങ് പ്രമുഖരാണ് എച്ച്.എസ്.ബി.സി. 

 

10.3 ബില്യൺ ഡോളറായിരുന്നു കമ്പനിയുടെ 2019ലെ പ്രവർത്തന ലാഭം. ഇത് പ്രതീക്ഷിച്ചതിലും ഏറെ കുറവായിരുന്നു. യൂറോപ്പിലെ നിക്ഷേപങ്ങളിലും ബാങ്കിംങ് ബിസിനസിലും വന്ന അപ്രതീക്ഷിത തിരിച്ചടിയാണ് ഈ ലാഭനഷ്ടത്തിനു കാരണം. 7.3 ബില്യൺ ഡോളർ ഇത്തരത്തിൽ കമ്പനിക്ക് നഷ്ടമായെന്നാണ് കണക്കുകൾ. 

 

ചെലവുചുരുക്കലിന്റെ ഭാഗമായി പതിനായിരത്തോളം പേർക്കെങ്കിലും ജോലി നഷ്ടമാകുമെന്നായിരുന്നു കണക്കുകൂട്ടൽ. എന്നാൽ ലാഭത്തിലുണ്ടായ വൻ കുറവ് പതിനഞ്ച് ശതമാനത്തോളം ജീവനക്കാരെ ഒഴുവാക്കുന്നിലേക്ക് കമ്പനിയെ എത്തിക്കുകയായിരുന്നു. 

 

ബ്രിട്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിക്ക് ബ്രിട്ടണിൽ മാത്രം 40,000 ജീവനക്കാരാണുള്ളത്. ഇതിൽ 10,000 പേർ ലണ്ടനിലെ കനേറി വാർഫിലുള്ള ഹെഡ് ഓഫിസിലാണ് ജോലി ചെയ്യുന്നത്. രണ്ടായിരത്തിലേറെ പേർ ബർമിംങ്ങാമിലെ പുതിയ ഹെഡ് ഓഫിസിലും. ഇവിടെത്തന്നെ നിരവധി പേർക്ക് പരിഷ്കരണനടപടിയുടെ ഭാഗമായി ജോലി നഷ്ടമാകും. കൊറോണ വൈറസ് ബാധയെത്തുടർന്ന് ചൈന, സിംഗപ്പൂർ എന്നിവിടങ്ങളിൽനിന്നുള്ള രാജ്യാന്തര വ്യാപാരത്തിലുണ്ടായ വൻ ഇടിവ് നടപ്പു സാമ്പത്തിക വർഷവും കമ്പനിയുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചേക്കുമെന്നാണ് വിലയിരുത്തൽ. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com