ADVERTISEMENT

ലണ്ടൻ ∙ ബ്രിട്ടനിൽ കോവിഡ് മരണം 233 ആയി. ഇന്നലെ മാത്രം മരിച്ചത് 53 പേരാണ്. 5018 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഒരു ദിവസംകൊണ്ട് കോവിഡ് രോഗികളുടെ എണ്ണം ആയിരത്തിലേറെയാണ് വർധിച്ചത്. ഇറ്റലി, സ്പെയിൻ എന്നിവടങ്ങളിലേതുപോലെ സ്ഥിതിഗതികൾ ദിവസംതോറും ആശങ്കാജനകമാകുന്ന റിപ്പോർട്ടുകളാണ് രാജ്യത്തിന്റെ എല്ലായിടങ്ങളിൽനിന്നും കേൾക്കുന്നത്.

സൂപ്പർ മാർക്കറ്റുകളിലേക്ക് ആളുകൾ ഇരച്ചെത്തി

ഹോട്ടലുകളും കഫേകളും പബ്ബുകളും അടച്ചതോടെ ഇന്നലെ രാവിലെ മുതൽ ഭക്ഷണസാധനങ്ങൾ വാങ്ങാനായി സൂപ്പർ മാക്കറ്റുകളിലേക്ക് ആളുകൾ ഇരച്ചെത്തി. എല്ലാ സൂപ്പർമാർക്കറ്റുകൾക്കു മുന്നിലും മണിക്കൂറുകൾ നീണ്ട ക്യൂവാണ്. ഇതിനിടെ സാധനങ്ങൾ വാങ്ങുന്നതിൽ ജനങ്ങൾ വിവേകം കാണിക്കണമെന്ന് സർക്കാർ അഭ്യർഥിച്ചു. അനാവശ്യമായി ആളുകൾ സാധനങ്ങൾ വാങ്ങി സംഭരിക്കുന്ന പ്രവണത ഒഴിവാക്കണമെന്നും വീട്ടിലുള്ള സാധനങ്ങൾ തീരുന്ന മുറയ്ക്കു മാത്രം എല്ലാവരും ഷോപ്പിംങ്ങിനായി ഇറങ്ങണമെന്നും പ്രധാനമന്ത്രി ബോറിസ് ജോൺസൺ അഭ്യർഥിച്ചു. ഭക്ഷ്യക്ഷാമത്തെക്കുറിച്ച് സർക്കാർ ചിന്തിക്കുന്നുപോലുമില്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. 

സൂപ്പർമാർക്കറ്റുകളിൽ 30,000 പുതിയ ജോലി

ക്രിസ്മസ് ഈവിനു സമാനമായി എല്ലാ ദിവസവും ആളുകൾ സാധനങ്ങൾ വാങ്ങുന്ന തിരക്കിലായതോടെ സൂപ്പർ മാർക്കറ്റ് ചെയിനുകൾ താൽകാലിക ജീവനക്കാരെ റിക്രൂട്ട്ചെയ്യേണ്ട സ്ഥിതിയായി. ടെസ്കോ, ആസ്ഡ, സെയിൻസ്ബറീസ്, മോറിസൺസ്, വെയ്റ്റ്റോസ്, ആൾഡി, ലിഡിൽ തുടങ്ങിയ എല്ലാ സൂപ്പർമാർക്കറ്റ് ചെയിനുകളിലുമായി 30,000 താൽകാലിക ജീവനക്കാരെ ഉടൻ നിയമിക്കേണ്ട സ്ഥിതിയാണ്. ഷോപ്പുകളിലും വെയർ ഹൗസുകളിലുമാണ് ഇത്തരം ഒഴിവുകൾ. ഇതിനുള്ള നടപടികൾ ആരംഭിച്ചുകഴിഞ്ഞു. ഹോട്ടലുകളും പബ്ബുകളും മറ്റും അടയ്ക്കുകയും ടൂറിസം രംഗം അപ്പാടെ നിലയ്ക്കുകയും ചെയ്തതോടെ ജോലി നഷ്ടമായ യൂണിവേഴ്സിറ്റി വിദ്യാർഥികൾ ഉൾപ്പെടെ നിരവധിയാളുകൾക്കു ഈ നീക്കം സഹായകമാകും. കൊറോണ കാലത്ത് റിക്രൂട്ട്മെന്റ് നടത്തുന്ന ഏക സ്ഥാപനമായി സൂപ്പർമാർക്കറ്റുകൾ മാറുകയാണ്. 

നിർദേശങ്ങൾ അനുസരിക്കുന്നത് 25% ആളുകൾ

വൈറസ് ബാധയെ നേരിടാൻ സർക്കാർ നൽകുന്ന നിർദേശങ്ങൾ ഇപ്പോഴും ബ്രിട്ടനിൽ പാലിക്കുന്നത് ഇരുപത്തഞ്ച് ശതമാനം ആളുകൾ മാത്രമാണെന്ന് പ്രധാനമന്ത്രി. ഒട്ടും അഭിലഷണീയമായ പ്രവണതയല്ല ഇതെന്നും ഈ നില തുടർന്നാൽ നിയമനടപടികൾ ആരംഭിക്കേണ്ടിവരുമെന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രായമായവരുടെ മാത്രം അസുഖമാണെന്ന മിധ്യാധാരണയാണ് യുവാക്കൾക്കും വിദ്യാർഥികൾക്കും. ഇത് ശരിയല്ല. എല്ലാപ്രായത്തിലുമുള്ള ആളുകൾക്കും രോഗം ബാധിക്കാം. രോഗബാധിതരല്ലെങ്കിലും എല്ലാവർക്കും രോഗം പരത്തുന്നവരാകാം. ഇത് ഒഴിവാക്കാനാണ് വിദ്യാലയങ്ങളും നിരവധി സ്ഥാപനങ്ങളും അടച്ച് സോഷ്യൽ ഡിസ്റ്റൻസ് ഫലപ്രദമാക്കാൻ തീരുമാനിച്ചത്. വിദ്യാലയങ്ങൾക്ക് അവധി നൽകിയത് അവധിക്കാലമായല്ല. ഇക്കാര്യം എല്ലാവരും മനസിലാക്കണെന്നും പ്രധാനമന്ത്രി അഭ്യർഥിച്ചു. 

ലണ്ടൻ നഗരവും വഴികളും വിജനം

വിദ്യാലയങ്ങൾക്കു പുറമേ ഹോട്ടലുകളും കഫേകളും പബ്ബുകളും എല്ലാം അടച്ചതോടെ ലണ്ടൻ നഗരം അക്ഷരാർഥത്തിൽ വിജനമായി. സാധാരണ വാരാന്ത്യങ്ങളിൽ ജനം ഒഴുകിനീങ്ങുന്ന നഗരത്തിന്റെ നിരത്തുകളിൽ ഇന്നലെ ആകെ കണ്ടത് അത്യാവശ്യത്തിന് പുറത്തിറങ്ങിയവരെ മാത്രം. ടൂറിസം പേരിനു പോലുമില്ല. നഗരത്തിലെ പ്രധാന ആകർഷക കേന്ദ്രങ്ങളെല്ലാം ആളൊഴിഞ്ഞ സ്ഥിതിയിലായി. തേംസ് നദിയിലെ ബോട്ടുയാത്ര പേരിനു മാത്രം. ട്യൂബ് ട്രെയിനുകൾ എല്ലാം കാലിയായി സർവീസ് നടത്തുന്നു. നഗരം ആകെ ഉറങ്ങിയപോലെ. സാധാരണ ഒരിക്കലും തിരക്കൊഴിയാത്ത മോട്ടോർവേകളിൽ ഇപ്പോൾ ഉള്ളത് പേരിനുമാത്രം വാഹനങ്ങൾ. രാത്രികാലങ്ങളിൽ ഇടവിടാതെ ഒഴുകുന്ന ട്രക്കുകളുടെ എണ്ണവും ഗണ്യമായി കുറഞ്ഞു. 

39 ബില്യൺ ഡോളർ സാമ്പത്തിക പാക്കേജ്

വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ജോലി നഷ്ടമായവരെ സഹായിക്കാനും നഷ്ടത്തിലായ ബിസിനസുകൾക്ക് ആശ്വാസം പകരാനുമായി 39 ബില്യൺ ഡോളറിന്റെ സാമ്പത്തിക പാക്കേജാണ് ചാൻസിലർ ഋഷി സുനാക് പ്രഖ്യാപിച്ചിരിക്കുന്നത്. ജോലി നഷ്ടപ്പെടുന്നവർക്ക് ശമ്പളം മുടങ്ങാതിരിക്കാൻ ഒടുവിൽ വാങ്ങിയ ശമ്പളത്തിന്റെ എൺപതു ശതമാനം സർക്കാർ സഹായമായി നൽകും. ബിസിനസുകൾക്ക് ഉദാരമായി വായ്പകൾ നൽകാനും തീരുമാനമുണ്ട്. മോർഗേജുകൾക്ക് മൂന്നു മാസത്തേക്ക് മൊറട്ടോറിയം നൽകാൻ എല്ലാ ബാങ്കുകൾക്കും സർക്കാർ നിർദേശം നൽകി.

വഴിയിൽ കുടങ്ങിയ മലയാളികളെ രക്ഷിച്ചു

കേരളത്തിൽനിന്നും കാനഡയിലക്കുള്ള യാത്രാമധ്യേ ഹീത്രൂ വിമാനത്താവളത്തിൽ കുടുങ്ങിയ മലയാളി ദമ്പതിമാർക്ക് ബ്രിട്ടനിലെ ഇന്ത്യൻ ഹൈക്കമ്മിഷൻ താൽകാലിക താമസസ്ഥലം ഒരുക്കിനൽകി. കാഞ്ഞിരപ്പള്ളി സ്വദേശികളായ എലവുങ്കൽ സെബാസ്റ്റ്യൻ-മോളി ദമ്പതിമാർക്കാണ് കാനഡയിലേക്കുള്ള യാത്രാമധ്യേ ലണ്ടനിൽ യാത്ര അവസാനിപ്പിക്കേണ്ടിവന്നത്. ലണ്ടനിൽനിന്നും കാനഡയിലേക്ക് ഇവർക്ക് കണക്ഷൻ വിമാനം ലഭ്യമല്ലാതാകുകയും നാട്ടിലേക്കു മടങ്ങാൻ കഴിയാതെ വരികയും ചെയ്തതോടെയാണ് വിമാനത്താവളത്തിൽ കുടുങ്ങിയത്. പിന്നീട് ലണ്ടനിലെ മലയാളി അഭിഭാഷകനും യുക്മ വൈസ്പ്രസിഡന്റുമായ എബി സെബാസ്റ്റ്യനും ബ്രിസ്റ്റൊൾ സിറ്റി കൗൺസിൽ മേയർ ടോം ആദിത്യയും ഇടപെട്ട് ഇവരെ ഇന്ത്യൻ എംബസിയിലെത്തിച്ചു. 

എംബസി തൽകാലത്തേക്ക് ഇവർക്ക് ലണ്ടനിലെ വിക്ടോറിയയിലുള്ള ഹോട്ടലിൽ ഭക്ഷണം ഉൾപ്പെടെയുള്ള താമസസൗകര്യം ഏർപ്പാടാക്കിയിട്ടുണ്ട്. വിമാനം ലഭ്യമാകുന്ന മുറയ്ക്ക് ഇവർ നാട്ടിലേക്കു മടങ്ങും. ലണ്ടനിൽ യൂണിവേഴ്സിറ്റി വിദ്യാർഥിനിയായ ചെങ്ങന്നൂർ സ്വദേശി ടീനയ്ക്കും ഇവർക്കൊപ്പം എംബസി താമസ സൗകര്യം ഒരുക്കിനൽകി. പഠനം പൂർത്തിയാക്കി നാട്ടിലേക്കു മടങ്ങാനെത്തിയപ്പോഴാണ് വിമാനത്താവളത്തിൽവച്ച് ഈ കുട്ടിക്കും യാത്ര മുടങ്ങിയത്.

ഇത്തരത്തിൽ പലകാരണങ്ങളാൽ നാട്ടിലേക്ക് മടങ്ങാനാകാതെ നൂറുകണക്കിനാളുകളാണ് ദിവസവും ലണ്ടനിലെ ഇന്ത്യൻ എംബസിയിൽ എത്തുന്നത്. ഇവരെയെല്ലാം എംബസി സഹായിക്കുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com