ADVERTISEMENT

ലണ്ടൻ∙ കോവിഡ് രോഗം അതിവേഗം പടരുന്ന ബ്രിട്ടനിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ജനജീവിതത്തിന് സമ്പൂർണ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ് സർക്കാർ. ഇന്നുമുതൽ രണ്ടുപേരിൽ കൂടുതൽ പൊതുസ്ഥലങ്ങളിൽ ഒരുമിച്ചു ചേരാൻ പാടില്ല. അത്യാവശ്യ സന്ദർഭങ്ങളിലൊഴികെ ആർക്കും വീടിനു പുറത്തിറങ്ങാൻ അനുമതിയില്ല. ഭക്ഷ്യസാധനങ്ങളും മരുന്നും വാങ്ങാനും ജോലിക്കു പോകാനും മാത്രമാണ് യാത്രാനുമതി. സർക്കാർ നിർദേശങ്ങൾ പാലിക്കാത്തവർ പൊലീസ് നടപടി നേരിടേണ്ടിവരും. മൂന്നു മാസത്തേക്കാണ് ഇന്നലെ രാത്രി പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഇത്തരത്തിൽ കനത്ത നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചത്. 

 

ഇതിനിടെ ബ്രിട്ടനിലെ കോവിഡ് മരണം 335 ആയി ഉയർന്നു. 47 പേരാണ് ഇന്നലെ മരിച്ചത്. 6650 പേർക്ക് ഔദ്യോഗികമായി രോഗബാധ സ്ഥിരീകരിച്ചു. മൂന്നുദിവസം തുടർച്ചയായി അമ്പതിന് അടുത്താണ് ബ്രിട്ടനിലെ മരണങ്ങൾ. 

 

രാജ്യത്തെ ഏറ്റവും വലിയ ഭക്ഷ്യശൃംഖലയായ മക് ഡോണൽസ് ഇന്നലെ രാത്രി മുതൽ എല്ലാ ഔട്ട്ലറ്റുകളും പൂട്ടി. 1270 ഔട്ട്ലറ്റുകളിലായി ജോലിചെയ്തിരുന്ന 1,35,000 പേരാണ് ഒറ്റരാത്രി തൊഴിൽ രഹിതരായത്. ഇവരെല്ലാം തന്നെ സിറോ അവർ കോൺട്രാക്ടിൽ ജോലിചെയ്തിരുന്നവരാണ്. മാക്കിനു പുറമെ നാൻഡോസ്, ഗ്രെഗ്സ്, കോസ്റ്റ കോഫി, സബ് വേ, പിസ എക്സ്പ്രസ് എന്നീ ഭക്ഷ്യവിതരണ ശൃംഖലകളും ഇന്നലെ രാത്രിയോടെ പ്രവർത്തനം നിർത്തി. ഗ്രെഗ്സിന്റെ 2050 ഷോപ്പുകളിലായി 22,000 പേരാണ് ജോലി ചെയ്തിരുന്നത്. കോസ്റ്റ കോഫിയും രണ്ടായിരത്തോളം സ്റ്റാളുകളാണ് പൂട്ടിയത്. 19,000 ജോലിക്കാരാണ് ഇവിടെയുള്ളത്. 

 

ഇതിനിടെ കുടുതൽ മലയാളികൾക്ക് രോഗം ബാധിക്കുന്ന വിവരങ്ങളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. ഇതിനകം പത്തിലേറെ മലയാളികൾക്ക് രോഗം സ്ഥിരീകരിച്ചുകഴിഞ്ഞു. ഡോക്ടർമാരായ ദമ്പതിമാരും ഇവരുടെ കുഞ്ഞും രോഗബാധിതരായവരിൽ ഉൾപ്പെടുന്നു. 

 

ഇതിനിടെ ചൈനയിൽ ചെയ്തതുപോലെ കോവിഡ് രോഗികളെ ചികിൽസിക്കാൻ പ്രത്യേകം ആശുപത്രിയുണ്ടാക്കാനുള്ള നടപടി ബ്രിട്ടണും ആരംഭിച്ചു. ഈസ്റ്റ് ലണ്ടനിലെ വിശ്വപ്രസിദ്ധമായ എക്സൽ ഇന്റർനാഷണൽ കൺവൻഷൻ സെന്റർ കോവിഡ് സ്പെഷൽ ആശുപത്രിയാക്കി മാറ്റാനാണ് പദ്ധതി. ജി-20, ജ-7 തുടങ്ങിയ ലോകനേതാക്കളുടെ ഉച്ചകോടികൾ വരെ നടത്തുന്ന അതിബ്രഹത്തായ കൺവൻഷൻ സെന്ററാണ് എക്സൽ. 

 

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇപ്പേഴുമുള്ള ബ്രിട്ടീഷ് പൗരന്മാരോട് എങ്ങനെയും രാജ്യത്ത് തിരികെയെത്താനാണ് സർക്കാർ അഭ്യർഥിക്കുന്നത്. ഇതിനുവേണ്ട സഹായം ഇപ്പോൾ ചെയ്തു നൽകുമെന്നും  പിന്നീടിത് സാധ്യമല്ലാതെ വന്നേക്കാമെന്നും പ്രധാനമന്ത്രി മുന്നറിയിപ്പു നൽകി. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com