ADVERTISEMENT

സൂറിക് ∙ യൂറോപ്യൻ ച്യാംപ്യൻസ് ലീഗ് ഫുട്‌ബോളിലെ ഒരു പ്രീ കോർട്ടർ ഫൈനൽ മത്സരത്തിന് ഇറ്റലിയിലും, സ്പെയിനിലും കൊറോണ രോഗം പടർത്തിയതിൽ പങ്കുണ്ടോ? ഉണ്ടെന്നാണ് ഇറ്റലിയിലെ കൊറോണ പ്രഭവകേന്ദ്രമെന്ന് അറിയപ്പെടുന്ന ലൊംബാർഡിയിലെ രോഗത്തിന്റെ രൂക്ഷതയും, സ്പെയിലെ രോഗത്തിന്റെ വ്യാപ്‌തിയുടെ റൂട്ടും, നാൾവഴിയും സാക്ഷ്യം പറയുന്നത്.

ഫെബ്രുവരി 19 ന് ഇറ്റലിയിലെ ലൊമ്പാർഡി മേഖലയുടെ തലസ്ഥാനമായ മിലാനിലെ ഗിയൂസെപ്പെ മിയാസ സ്‌റ്റേഡിയത്തിലായിരുന്നു മൽസരം. കൊറോണ കാലത്തെ നൊമ്പരപ്പെടുത്തുന്ന കാഴ്ചകളിൽ ഒന്നാണ് ബെർഗമോയിൽ നിന്നുള്ള 60 മൃതുദേഹങ്ങളും വഹിച്ചുള്ള ഇറ്റാലിയൻ മിലിട്ടറി കോൺവോയുടെ ചിത്രം. അവിടെ നിന്നുള്ള ക്ലബ്ബായ അറ്റ്ലാന്റയും, സ്‌പാനിഷ്‌ ക്ളബ്ബായ വലൻസിയയുമായിരുന്നു ആദ്യപാദത്തിൽ ഏറ്റുമുട്ടിയത്. മൽസരം 4:1 ന് അറ്റ്ലാന്റ തൂത്തുവാരി. 44,236 പേരാണ് അന്ന് മത്സരം കാണാൻ എത്തിയത്.

atalanta-vs-valencia

ബെർഗമോയിലെ അറ്റ്ലാന്റയുടെ സ്വന്തം സ്റ്റേഡിയം അറ്റകുറ്റപണികളിൽ ആയതുകൊണ്ടാണ് 50 കി.മീ അകലെയുള്ള മിലാനിലേക്ക് കളി മാറ്റിയത്. സാധാരണയായി 40 മിനിറ്റിൽ താണ്ടാവുന്ന ദൂരം. ലൊംബാർഡിയിൽ നിന്ന് അറ്റ്ലാന്റയുടെ ആരാധകർ കൂട്ടത്തോടെ മിലാനിലേക്ക് ഒഴുകിയപ്പോൾ, അങ്ങോട്ടും തിരിച്ചുമുള്ള യാത്രയ്‌ക്ക്‌ മാത്രം ആറ് മണിക്കൂർ വരെ എടുത്തു. ഇതുകൂടാതെ ഹൈവേകളിലും, ട്രെയിനുകളിലും, മെട്രോകളിലും, പബ്ബുകളിലും, ബാറുകളിലും, സ്റ്റേഡിയത്തിലും തങ്ങിയ മണികൂറുകൾ വേറെ. മത്സരത്തിന് ആഴ്ചകൾക്ക് മുമ്പ് ലൊമ്പാർഡി മേഖലയിൽ കൊറോണ കണ്ടുതുടങ്ങിയെങ്കിലും, ജനം കാര്യമായി എടുത്തു തുടങ്ങിയിരുന്നില്ല. ഈ മൽസരത്തിന് രണ്ട് ആഴ്ചകൾക്ക് ശേഷം ഈ മേഖലയിൽ രോഗം അതിവേഗം പടർന്നു പന്തലിച്ചെന്നാണ് മിലാനിലെ സാക്കോ ഹോസ്പിറ്റലിലെ ചീഫ് വൈറോളജിസ്റ്റായ മാസിമോ ഗാലി പറയുന്നത്.

ഇനി സ്പെയിനിലേക്ക് പോകാം. മിലാനിലെ സ്റ്റേഡിയത്തിൽ എത്തിയവരിൽ 2500 ഓളം പേർ സ്‌പെയിനിൽ നിന്നും വന്ന വലൻസിയയുടെ ആരാധകനായിരുന്നു. ഇതിൽത്തന്നെ 540 പേർ പിന്നീട് കൊറോണ സ്‌പെയിനിൽ ഏറ്റവും രൂക്ഷമായി ബാധിച്ച വാൽ സെറിയാനയിൽ നിന്നും! മിലാനിലെ കളി കഴിഞ്ഞു തിരിച്ചു വന്ന വലൻസിയയ്ക്കു ആ വാരാന്ത്യത്തിൽ സ്‌പാനിഷ്‌ ലാ ലീഗയിൽ ഡെപൊർട്ടിവോ അലവസ്സുമായി വിറ്റോറിയയിൽ വെച്ച് മാച്ചുണ്ടായിരുന്നു. ആളുകൾ തിങ്ങിക്കൂടിയ സ്റ്റേഡിയത്തിൽ നടന്ന ആ കളിക്ക് ശേഷം, വിറ്റോറിയ സ്‌പെയിനിലെ ആദ്യത്തെ കൊറോണ ഹോട് സ്പോട്ട് ആയിമാറി. ഡെപൊർട്ടിവോയിലെ മൂന്ന് കളിക്കാർക്കും, ക്ലബിന്റെ തന്നെ സഹോദര ബാസ്കറ്റ്ബോൾ ക്ലബായ സാസ്‌കി ബാസ്കോണിയയിലെ 12 കളിക്കാർക്കും കോവിഡ് പോസറ്റീവ്. വലൻസിയക്ലബ്ബിലെ 40 ശതമാനം പേർക്കും രോഗം ഇതേവരെ സ്ഥിരീകരിച്ചു.

return-match

ഇറ്റലിയിലെ ദേശിയ ലീഗായ സീരി എ യിൽ പിന്നെയും കളികൾ തുടർന്നു, ലീഗ് മാർച്ചു 9 ന് നിർത്തിവെച്ചെങ്കിലും, ചുരുങ്ങിയത് 10 ദിവസങ്ങൾക്ക്‌ മുമ്പെങ്കിലും നിർത്തേണ്ടതായിരുന്നു എന്ന്, ഇറ്റലിയിലെ ഫുട്‌ബോൾതാരങ്ങളുടെ സംഘടനയുടെ പ്രസിഡന്റായ ഡാമിയാനോ റ്റോമാസി ഇതിനോട് പ്രതികരിച്ചു. മിലാനിൽ നിന്നാണ് തനിക്ക് രോഗം പകർന്നതെന്ന് അറ്റ്ലാന്റയും, വലൻസിയയും തമ്മിലുള്ള കളി റിപ്പോർട് ചെയ്ത സ്പോർട്സ് ലേഖകൻ കിക്കെ മറ്റെയുവും സാക്ഷ്യപ്പെടുത്തുന്നു. 23 ദിവസമാണ് രോഗത്തെ അതിജീവിക്കാൻ അദ്ദേഹത്തിന് ആശുപത്രിയിൽ കഴിയേണ്ടി വന്നത്. നിലവിൽ യൂറോപ്പിൽ ഏറ്റവും അധികം കൊറോണ നാശം വിതച്ച രാജ്യങ്ങളാണ് ഇറ്റലിയും, സ്പെയിനും.

പെനാൽറ്റി ഷുട്ടൗട്ട്: മാർച്ച് 10 ന് വലൻസിയയിൽ നടന്ന രണ്ടാം പാദ മത്സരം കൊറോണയുടെ വ്യാപനം കാരണം കാണികൾ ഇല്ലാതെയാണ് നടന്നത്. 3-4ന് സ്‌പെയിനിൽ വെച്ചും വലൻസിയയെ കീഴടക്കി അറ്റ്ലാന്റ ചാംപ്യൻസ് ലീഗിന്റെ കോർട്ടർ ഫൈനലിലേക്ക് കോളിഫൈ ചെയ്‌തു. ഈ വർഷം ഇനി ചാംപ്യൻസ് ലീഗിൽ പന്തുരുളുമോ ഇല്ലയോ എന്ന് ആർക്കും അറിഞ്ഞുകൂടാ!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com