ADVERTISEMENT

ലണ്ടൻ∙ ബ്രിട്ടനിൽ ആരോഗ്യ അടിയന്തരാവസ്ഥയും ലോക്ക്ഡൗണും  പ്രഖ്യാപിച്ചിട്ടും രോഗവ്യാപനത്തിനും മരണനിരക്കിനും കുറവില്ല. ഇന്നലെ മാത്രം 87 പേരാണ് ബ്രിട്ടനിൽ കോവിഡിന് കീഴടങ്ങിയത്. ഇതോടെ രാജ്യത്തെ ആകെ മരണസംഖ്യ 422 ആയി ഉയർന്നു. ഇന്നലെ മാത്രം 1427പേർക്ക് പുതുതായി രോഗം കണ്ടെത്തി.  8,077 പേർക്കാണ് ഇതുവരെ ഔദ്യോഗികമായി രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഒരുലക്ഷത്തോളം ആളുകളെയാണ് പരിശോധനയ്ക്കു വിധേയരാക്കിയത്. 

 

സർക്കാരിന്റെ അഭ്യർഥിന മാനിച്ച് അടുത്തിടെ സർവീസിൽ നിന്നും വിരമിച്ച 2660 ഡോക്ടർമാരും 6147 നഴ്സുമാരും ജോലിയിൽ തിരികെ പ്രവേശിക്കാൻ സന്നദ്ധത അറിയിച്ചു. 18,000 മെഡിക്കൽ വിദ്യാർഥികൾ ആശുപത്രികളിൽ സേവനത്തിന് തയാറായി രംഗത്തുണ്ട്. ഇവയ്ക്കെല്ലാം പുറമേ എൻ.എച്ച്.എസ് അടിയന്തരമായി രണ്ടര ലക്ഷം സന്നദ്ധസേവകരുടെ സഹായവും അഭ്യർഥിച്ചിട്ടുണ്ട്. 

 

ചൈനയിൽ ചെയ്തതുപോലെ കോവിഡ് രോഗികളെ ചികിൽസിക്കാൻ മാത്രമായി 4000 ബെഡ്ഡിന്റെ താൽകാലിക ആശുപത്രി ലണ്ടനിൽ നിർമിക്കും. ഈസ്റ്റ്ലണ്ടനിലെ പ്രസിദ്ധമായ എക്സൽ ഇന്റർനാഷണൽ കൺവൻഷൻ സെന്റർ മിലിട്ടറിയുടെ സഹായത്തോടെ ആശുപത്രിയാക്കി മാറ്റാനാണ് പദ്ധതി. ‘’എൻ.എച്ച്.എസ്. നേറ്റിംങ്ങാൾ ആശുപത്രി’’ എന്നാകും ഇതിന്റെ പേര്. ജി-7, ജി-20 ഉച്ചകോടികൾ ഉൾപ്പെടെ നിരവധി രാജ്യാന്തര സമ്മേളനങ്ങൾക്കും ഒളിംപിക്സ് ഇൻഡോർ മൽസരങ്ങൾക്കും എല്ലാം വേദിയായ ബൃഹത്തായ കൺവൻഷൻ സെന്ററാണിത്. 

 

രോഗികളുടെ എണ്ണത്തിലും മരണനിരക്കിലും ഇറ്റലിയുടേതിന് സമാനമായ സ്ഥിതിയിലേക്കാണ് ബ്രിട്ടണിലും കോവിഡ് ബാധ പടരുന്നത്. ലണ്ടൻ നോർത്ത് യൂണിവേഴ്സിറ്റി ഹെൽത്ത്കെയർ ട്രസ്റ്റിനു കീഴിൽ മാത്രമുള്ള നാല് ആശുപത്രികളിൽ ഇന്നലെ മാത്രം 21 പേരാണു മരിച്ചത്. ബ്രിട്ടനിൽ ഇന്നലെ മരിച്ചവരിൽ 33 വയസുള്ള യുവാവും ഉൾപ്പെടുന്നു. കഴിഞ്ഞദിവസം 18 വയസുള്ള യുവാവും ബ്രിട്ടനിൽ മരിച്ചിരുന്നു. മറ്റ് രോഗങ്ങൾ അലട്ടിയിരുന്നവരാണ് ഇവർ രണ്ടുപേരും. രാജ്യത്താകമാനം ഇന്നലെ മുതൽ ലോക്ക്ഡൌൺ പ്രഖ്യാപിച്ചെങ്കിലും ട്യൂബ് ട്രെയിനിലും സൂപ്പർ മാർക്കറ്റുകളിലും ജനങ്ങൾ ഏറെയാണ്. അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരേ പൊലീസ് നടപടി തുടങ്ങി. പൊതു സ്ഥലങ്ങളിൽ രണ്ടുപേരിൽ കൂടുതൽ ആളുകൾ കൂടിനിന്നാൽ ഒരോരുത്തരുടെയും പക്കൽനിന്നും 30 പൌണ്ട് വീതം പൊലീസ് പിഴ ഈടാക്കും.    

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com