ADVERTISEMENT

സൂറിക് ∙ ജനസംഖ്യാടിസ്ഥാനത്തിൽ ഏറ്റവും അധികം പേർക്ക് കോവിഡ് വൈറസ് ബാധിച്ച രാജ്യങ്ങളിൽ, ആഗോളതലത്തിൽ തന്നെ രണ്ടാമത് സ്വിറ്റ്സർലൻഡ്. ഇറ്റലിയാണ് ഒന്നാം സ്ഥാനത്തുള്ളത്. ജനസംഖ്യയിലെ 10 ലക്ഷം പേരിൽ കോവിഡ് പോസറ്റീവായവർ ഇറ്റലിയിൽ 1100 നോട് അടുക്കുമ്പോൾ, സ്വിറ്റ്സർലൻഡ് ഇത് 950ൽ എത്തി. സ്‌പെയിൻ-700, ജർമ്മനി-380, ഫ്രാൻസ്-290 എന്നിങ്ങനെയാണ് ആദ്യ അഞ്ചിൽ വരുന്ന രാജ്യങ്ങളിൽ നിന്നുള്ള കണക്കുകൾ.

ബുധനാഴ്ച്ച വരെ 9164 പേർക്കാണ് സ്വിസ്സിൽ കോവിഡ് പോസറ്റീവായി ടെസ്റ്റ് ചെയ്തത്. മരിച്ചവർ 84 എന്ന് ഔദ്യോഗിക കണക്ക് പറയുമ്പോൾ, മാധ്യമങ്ങൾ പറയുന്നതനുസരിച് 123 പേർ ഇതേവരെ കൊറോണ ബാധിച്ചു മരിച്ചു. രാജ്യത്തു ഇതേവരെ 80000 ൽ അധികം പേർക്കാണ് കോവിഡ് ടെസ്റ്റ് നടത്തിയത്. ലോകത്ത്‌ തന്നെ ഏറ്റവും അധികം കോവിഡ് ടെസ്റ്റ് നടത്തിയ രാജ്യങ്ങളിൽ മൂന്നാമതാണ് സ്വിറ്റ്സർലൻഡ്. ഇതുകൊണ്ടുതന്നെ ഇവിടെ നിന്നുള്ള കണക്കുകൾക്ക്, ഇറ്റലി പോലുള്ള ഇതര രാജ്യങ്ങളെക്കാൾ ആധികാരികതയുണ്ട്.

കഴിഞ്ഞ ദിവസം വരെ ശരാശരി ആയിരം പേർക്കാണ് ഇവിടെ പുതുതായി രോഗം സ്ഥിരീകരിച്ചിരുന്നത്. എന്നാൽ രാജ്യത്ത് നടപ്പാക്കിയ ശക്‌തമായ നിയന്ത്രണങ്ങളുടെ ഭാഗമായി, വൈറസ് ബാധിതരുടെ പ്രതിദിന എണ്ണത്തിൽ കുറവുണ്ടായത് ശുഭസൂചകമാണ്. അടിയന്തരാവസ്ഥയ്ക്ക് പുറമെ ജനങ്ങൾ പുറത്തിറങ്ങുന്നതിന് പൂർണമായി വിലക്ക്‌ ഏർപ്പെടുത്തുന്നതിന് സർക്കാർ മടിച്ചുനിൽക്കുന്നതും, ഈ കണക്കുകളിൽ പ്രതീക്ഷയർപ്പിച്ചാണ്.

പനി, ചുമ തുടങ്ങിയ കോവിഡ് ലക്ഷണങ്ങളുമായി ജിപിയുടെ അടുത്തേക്കോ, ആശുപത്രികളിലേക്കോ നേരിട്ട് വരേണ്ടന്നാണ് ഇപ്പോൾ നൽകുന്ന നിർദേശം. സംശയമുള്ളവർക്ക് ഹോട് ലൈനിലൂടെ കൊറോണ സെന്ററുകളുമായി ബന്ധപ്പെടാം. ഫോൺ വഴിയുള്ള വ്യക്തതയ്ക്ക് ശേഷം, രോഗിയിൽ നിന്നും സാംപിൾ എടുക്കാനായി മെഡിക്കൽ ടീം താമസ സ്ഥലത്തേക്കു വരുകയോ, അല്ലെങ്കിൽ അവർ നിർദേശിക്കുന്ന സെന്ററുകളിൽ ചെന്ന് ടെസ്റ്റിന് വിധേയമാവുകയോ ആണ് ചെയ്യേണ്ടത്. നിലവിൽ രോഗം സ്ഥിരീകരിച്ചവരിൽ പകുതിയോളം 51 വയസ്സിൽ താഴെ പ്രായമുള്ളവരാണ് എന്നത് മരണസംഘ്യ കാര്യമായി വഷളാക്കിയേക്കില്ല എന്ന പ്രതീക്ഷ നൽകുന്നുണ്ട്.

സ്വിറ്റസർലൻഡിലെ മലയാളികളിൽ നല്ലൊരു ഭാഗവും ജോലിചെയ്യുന്നത് നഴ്‌സിംഗ് മേഖലയിലാണ്. ഡോക്ടർമാരിലും മലയാളികളുണ്ട്. ഇതുകൊണ്ടുതന്നെ കൊറോണ വൈറസിന്റെ ഏറ്റവും റിസ്‌ക്‌ വിഭാഗത്തിൽ, ഇവിടുത്തെ മലയാളി സമൂഹവും വരുന്നുണ്ട്. 40000 ത്തോളം ഹോസ്പിറ്റൽ ബെഡുകളുള്ള രാജ്യത്തെ ശക്തവും, വ്യവസ്ഥാപിതവുമായ ഹെൽത് സംവിധാനങ്ങൾക്ക്, കൊറോണയെ നിയന്ത്രണത്തിൽ കൊണ്ടുവരാനുള്ള ശേഷിയുണ്ടെന്നുള്ളത് ആശ്വാസമാണ്. രോഗിക്ക് മതിയായ ചികിത്സ കിട്ടാതെ വരുന്ന അവസ്ഥ സ്വിറ്റസർലൻഡിലില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com