ADVERTISEMENT

ഇറ്റലി∙ രാജ്യത്തെ ഔഷധ  ഉപയോഗം നിയന്ത്രിക്കുന്ന സ്ഥാപനമായ 'അജെൻസിയ ഇറ്റാലിയാന ഡെൽ ഫാർമകൊ' കോവിഡ് -19 ചികിത്സയ്ക്കായി  മരുന്നുകളുടെ ഉപയോഗം സംബന്ധിച്ച് പരീക്ഷണങ്ങൾ ആരംഭിക്കുമെന്ന് ഇറ്റലിയിലെ ആരോഗ്യ മന്ത്രാലയം പ്രഖ്യാപിച്ചു.

 

വിവിധ രാജ്യങ്ങളിൽ കുറഞ്ഞ രീതിയിൽ ഉപയോഗിച്ചെങ്കിലും  ശരിയായ ഫലം ലഭിക്കാതിരുന്ന നാല് മരുന്നുകളുമായി ബന്ധപ്പെട്ട പഠനമാണ് ഇറ്റലി കൂടുതൽ ഗൗരവമായും  അധികാരികമായും നടത്താൻ ഉദ്യേശിക്കുന്നത്.

 

 അവിഗൻ (Avigan)

 

ജപ്പാനിൽ ഇപ്പോൾ പരീക്ഷണത്തിലിരിക്കുന്ന ആന്റി വൈറലാണ് അവിഗൻ.  രോഗവ്യാപനത്തിന്റെ ആദ്യഘട്ടത്തിൽ രോഗികളിൽ ഇത് പരീക്ഷണം നടത്തിയിരുന്നു.  വുഹാനിലെയും ഷെൻ‌ഷെനിലെയും 340 കോവിഡ് -19 രോഗികളിൽ നടത്തിയ പരീക്ഷണങ്ങളിൽ ഇത് ഫലപ്രദമാണെന്ന് തെളിഞ്ഞിട്ടുണ്ട്. എന്നാൽ രോഗത്തിൻ്റെ ഗുരുതരമായ ഘട്ടങ്ങളിൽ രോഗികൾക്ക് ഈ മരുന്ന് ഏറെ പ്രയോജനം ചെയ്യുന്നില്ലെന്ന്  ജപ്പാൻ ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

 

 ടോസിലിസുമാബ് (Tocilizumab)

 ജപ്പാനിൽ വികസിപ്പിച്ചെടുത്ത ടോസിലിസുമാബ് സാധാരണയായി റൂമറ്റോയ്ഡ് ആർത്രൈറ്റിസ് ചികിത്സിക്കാൻ ഉപയോഗിക്കുന്നതാണ്.  കൊറോണ വൈറസ് ചികിത്സയിലും ഇത് ഉപയോഗിച്ചു.  ഇറ്റലിയിലെ 281 കേന്ദ്രങ്ങളിലായി 411 രോഗികൾ ഇതിൻ്റെ പരീക്ഷണത്തിൻ്റെ  ഭാഗമാകുമെന്ന് ഇറ്റാലിയൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

 

 

 റെംഡെസിവിർ (Remdesivir)

 എബോള രോഗികളുടെ ചികിത്സയ്ക്കായി  അമേരിക്കൻ കമ്പനിയായ ഗിലെയാദ് സയൻസസ് വികസിപ്പിച്ചെടുത്ത റെംഡെസിവിർ, മിലാൻ, പവിയ, പാർമ എന്നിവിടങ്ങളിലും  പകർച്ചവ്യാധികളുടെ ചികിത്സയ്ക്കായുള്ള റോമിലെ സ്പല്ലൻസാനി ആശുപത്രി, കൂടുതൽ  കോവിഡ് -19 കേസുകളുള്ള പ്രദേശങ്ങളിലെ മറ്റ് ആശുപത്രികൾ എന്നിടങ്ങളിലും പരീക്ഷിച്ചിരുന്നു. 

 

 ലോപിനാവിർ-റിറ്റോണാവീർ

(Lopinavir-Ritonavir)

 

 ലോപിനാവിർ-റിറ്റോണാവീറിന്റെ സംയോജനം വുഹാനിലെ 199 രോഗികളിൽ ഉപയോഗിച്ചിരുന്നുവെങ്കിലും അവർ രോഗത്തിൻ്റെ കഠിന അവസ്ഥയിലായിരുന്നതിനാൽ ഫലം കണ്ടില്ല.     കോവിഡ് -19 വൈറസ് ബാധയുടെ  ആദ്യഘട്ടത്തിൽ തന്നെ രോഗികളിൽ ഈ മരുന്ന് പ്രയോഗിക്കും.

 എച്ച് ഐ വി / എയ്ഡ്സ് ചികിത്സയിലും ലോപിനാവിർ-റിറ്റോണാവിർ ഉപയോഗിക്കുന്നുണ്ട്.

 കോവിഡ് -19 വൈറസിനെതിരായ വാക്‌സിനേഷനെക്കുറിച്ചുള്ള ഗവേഷണത്തിനായി മധ്യഇറ്റലിയിലെ ലാസിയോ റീജിയൺ, നാഷണൽ റിസർച്ച് കൗൺസിൽ,  സർവകലാശാലകൾക്കും അതിനോടനുബന്ധിച്ച  ഗവേഷണത്തിനുമുള്ള മന്ത്രാലയം, റോമിലെ സ്‌പല്ലൻസാനി ആശുപത്രി എന്നിവയുമായി കരാർ ഒപ്പിട്ടതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. 

എട്ടു മില്യൺ യൂറോയാണ് ബജറ്റ്, അതിൽ അഞ്ചു മില്യൺ യൂറോ  ലാസിയോ റീജിയണും മൂന്നു മില്യൺ യൂറോ  ഗവേഷണ  മന്ത്രാലയത്തിൽ നിന്നുമാണ് ലഭ്യമാക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com