ADVERTISEMENT

ബ്രിസ്റ്റോൾ ∙ ലോകം മുഴുവൻ കൊറോണ വൈറസിന്റെ ആശങ്കയിലാണ്. അനുദിനം പുതിയ കേസുകളും മരണങ്ങളും റിപ്പോർട്ട് ചെയ്യുന്നു. യൂറോപ്യൻ രാജ്യങ്ങളിലാണ് കോവിഡ് 19 എന്ന മഹാമാരി ഇപ്പോൾ വലിയ ദുരന്തം വിതയ്ക്കുന്നത്. ആശങ്കയുണ്ടെങ്കിലും പ്രതീക്ഷ കൈവിടാതിരിക്കുകയാണ് ബ്രിട്ടനിലെ ബ്രിസ്റ്റോൾ ബ്രാഡ്‍ലി സ്റ്റോക് മേയറും റാന്നി സ്വദേശിയുമായ ടോം ആദിത്യ. ഭരണകർത്താവ് എന്ന നിലയിലും പൗരൻ എന്ന നിലയിലും തന്റെ തിരക്കുകൾക്കും ഉത്തരവാദിത്തങ്ങൾക്കും ഇടയിൽ അദ്ദേഹം മനോരമ ഓൺലൈനുമായി സംസാരിക്കുന്നു.

നിലവിലെ സ്ഥിതി

ദിവസവും പുതിയ രോഗികളുടെ എണ്ണം വർധിക്കുന്നത് വലിയ ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. അതേസമയം, നിരവധി പേർ ഈ രോഗത്തിൽ നിന്നും മുക്തരാകുന്നുവെന്ന ആശ്വാസ വാർത്തയും നമ്മൾ കാണാതെ പോകരുത്. എനിക്ക് വ്യക്തിപരമായി നേരിട്ട് അറിയാവുന്ന പലരും രോഗത്തിൽ നിന്നും മുക്തി നേടിയിട്ടുണ്ട്. ഇത്തരം കാര്യങ്ങൾ വലിയ ആശ്വാസവും പ്രതീക്ഷയുമാണ്. 

പ്രായം കൂടിയവരെയും ആരോഗ്യസ്ഥിതി മോശമായവരെയും പ്രതിരോധ ശക്തി കുറഞ്ഞവരെയുമാണ് വൈറസ് ബാധ കാര്യമായി ബാധിക്കുന്നത് എന്നാണ് മനസിലാക്കുന്നത്. സർക്കാർ കാര്യക്ഷമമായി പ്രവർത്തിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ആളുകൾ തമ്മിലുള്ള സമ്പർക്കം കുറയ്ക്കുക തന്നെയാണ് രോഗത്തെ പിടിച്ചുകെട്ടാനുള്ള ഏക വഴി. ലോക്ഡൗൺ ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ വന്നതോടെ കാര്യങ്ങൾ നിയന്ത്രിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പൊതുപരിപാടികളും കൂട്ടംകൂടുന്ന ചടങ്ങുകളുമെല്ലാം നിരോധിച്ചിരിക്കുകയാണ്. ആളുകൾ പുറത്തിറങ്ങാതെയിരുന്നാൽ തന്നെ ഒരുപരിധി വരെ രോഗത്തിൽ നിന്നും രക്ഷപ്പെടാം. 

Bristol-Train-station
ബ്രിസ്റ്റോൾ ട്രെയിൻ സ്റ്റേഷനു പുറത്തുനിന്നുള്ള ദൃശ്യം.

കരുതൽ സ്പർശം

പ്രധാനമായും ഇപ്പോൾ ഞങ്ങൾ ചെയ്യുന്നത് വീടുകളിലും മറ്റും കഴിയുന്നവർക്ക് കൃത്യമായ ഭക്ഷണം എത്തിക്കുക എന്നതാണ്. പ്രായമായവരും മറ്റുബുദ്ധിമുട്ടുകൾ നേരിടുന്നവരും ഭക്ഷണകാര്യത്തിൽ ഒരു തരത്തിലുമുള്ള ബുദ്ധിമുട്ട് ഉണ്ടാകാൻ പാടില്ലെന്നാണ് തീരുമാനം. കൂടാതെ ഇവർക്ക് ആവശ്യമായ മെഡിക്കൽ സൗകര്യങ്ങളും നൽകുന്നു. ഇതിനുവേണ്ടി ഒരു സംഘം വൊളന്റിയർമാർ പ്രവർത്തിക്കുന്നുണ്ട്. ചെയ്യുന്ന കാര്യങ്ങളിൽ അല്‍പം അപകടം ഉണ്ടെങ്കിലും അവരുടെ കൃത്യമായ ഇടപെടലുകളും ജനങ്ങൾക്ക് വലിയ ആശ്വാസമാണ്. 

മറ്റൊരുമേഖല നാഷനൽ ഹെൽത്ത് സർവീസിന്റെ (എൻഎച്ച്എസ്) പ്രവർത്തനങ്ങളാണ്. പ്രാഥമിക ഹെൽത്ത് സെന്ററുകളിൽ ആവശ്യമായ സുരക്ഷാ ഉപകരണങ്ങളും വസ്തുക്കളും ഉണ്ട്. തുടക്കത്തിൽ ചില എൻഎച്ച്എസുകളിൽ ഡോക്ടർമാര്‍ക്കും നഴ്സുമാർക്കും മറ്റു ആരോഗ്യപ്രവർത്തകർക്കും അവശ്യസാധനങ്ങൾ ലഭിക്കുന്നില്ലെന്ന് പരാതി ഉയർന്നിരുന്നുവെങ്കിൽ ഇപ്പോൾ പ്രശ്നങ്ങൾ പരിഹരിച്ചു. വളരെ മകിച്ച രീതിതിയിലാണ് ഇപ്പോൾ എൻഎച്ച്എസ് കോവിഡ് 19നെ നേരിടുന്നത്. ആരോഗ്യപ്രവർത്തകരുടെ സുരക്ഷയ്ക്ക് വലിയ പ്രാധാന്യം നൽകേണ്ടതുണ്ട്. ആരോഗ്യപ്രവർത്തകരെല്ലാം കൊറോണ ടെസ്റ്റിന് വിധേയമാവുകയും പ്രശ്നങ്ങൾ ഇല്ലെന്ന് ഉറപ്പാക്കേണ്ടതുമാണ്. 

മനുഷ്യാവകാശങ്ങൾക്ക് വലിയ പ്രധാന്യം നൽകുന്ന രാജ്യമാണ് ബ്രിട്ടൻ. നാട്ടിലുള്ളതുപോലെ പൊലീസിന് ഒരു പരിധിയിൽ കൂടുതൽ ജനങ്ങളെ ചോദ്യം ചെയ്യാനോ അവരുടെ കാര്യങ്ങളിൽ ഇടപെടാനോ സാധിക്കില്ല. എന്നാൽ, ഇപ്പോൾ പൊലീസിന് കൂടുതൽ അധികാരം നൽകിയിട്ടുണ്ട്. ആളുകളെ ചോദ്യം ചെയ്യാനും വേണ്ടിവന്നാൽ കസ്റ്റഡിയില്‍ എടുക്കാനും കഴിയും. ഇതോടെ വരും ദിവസങ്ങളിൽ ജനങ്ങള്‍ കുറേക്കൂടെ കാര്യക്ഷമമായി പ്രവർത്തിക്കുമെന്നാണ് കരുതുന്നത്. 

shopping-centre-in-Bristol
ബ്രിസ്റ്റോളിലെ ഒരു ഷോപ്പിങ് സെന്റർ.

മലയാളികൾ ഇന്ത്യക്കാർ

ഇന്ത്യയിൽ നിന്നും കേരളത്തിൽ നിന്നും ധാരാളം നഴ്സുമാർ ബ്രിട്ടനിൽ ജോലി ചെയ്യുന്നുണ്ട്. അവരുടെ സുരക്ഷ ഉറപ്പാക്കേണ്ടതുണ്ട്. പലരുടെയും കുടുംബങ്ങൾ ആശങ്കയിലാണ്. ഭയംവേണ്ട, നിർദേശങ്ങൾ കൃത്യമായി പാലിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്താൽ ഈ വിപത്തിൽ നിന്നും നമ്മുക്ക് രക്ഷപ്പെടാം. നിരവധി ഇന്ത്യക്കാർ സഹായം തേടി പലപ്പോഴായി ബന്ധപ്പെട്ടിരുന്നു. പലരും മറ്റുരാജ്യങ്ങളിലേക്ക് പോകാൻ ബ്രിട്ടൻ വഴിവരികയും ഇവിടെ കുടുങ്ങിപ്പോവുകയും ചെയ്തവരാണ്. നിരവധിപേരെ സഹായിച്ചു. കൊറോണ ബാധയെ തുടർന്നുള്ള നിയന്ത്രണങ്ങളുടെ ഭാഗമായി ഇന്ത്യൻ ഹൈക്കമ്മീഷൻ പൂർണമായും ഇവിടെ പ്രവർത്തിക്കുന്നില്ലെങ്കിലും നിലവിൽ ഉള്ളവർ വലിയ സഹായമാണ് ചെയ്യുന്നത്. 

 മലയാളികൾ ഉൾപ്പെടെ നിരവധി ഇന്ത്യൻ വിദ്യാർഥികൾ ഇവിടെ കുടുങ്ങിപ്പോയിട്ടുണ്ട്. അവർക്ക് ആവശ്യമായ സഹായങ്ങളും തിരികെ നാട്ടിലേക്ക് എത്തിക്കുകയും ചെയ്യുക എന്നൊരു പ്രവർത്തനവും ഇപ്പോൾ ഉണ്ട്. ‘ഉന്നതി’ എന്നൊരു സംഘടനയുടെ നേതൃത്വത്തിലാണ് ഈ പ്രവർത്തനങ്ങൾ. ഞാനും ഇതിന്റെ ഭാഗമായി പ്രവർത്തിക്കുന്നു. ഇറ്റലിയിൽ നിന്നുള്ള ഇന്ത്യൻ വിദ്യാർഥി സംഘത്തെ ഈ സംഘടനയുടെ നേതൃത്വത്തിലാണ് തിരികെ നാട്ടിൽ എത്തിച്ചത്. യുകെയിൽ ഏതാണ്ട് നാനൂറോളം ഇന്ത്യൻ വിദ്യാർഥികൾ കുടുങ്ങി കിടക്കുന്നുണ്ട്. പലരെയും വിവിധ സ്ഥലങ്ങളിൽ സുരക്ഷിതമായി എത്തിച്ചിട്ടുണ്ട്. എല്ലാവരും ക്വറന്റീനിൽ തന്നെ കഴിയണമെന്നാണ് അഭ്യർഥന.

Mayor-Tom-Aditya

കേരളം കൊള്ളാം

ബ്രിട്ടനിലാണെങ്കിലും നാട്ടിലെ വിവരങ്ങളും വാർത്തകളും കൃത്യമായി അറിയുന്നുണ്ട്. മികച്ച രീതിയിലാണ് കേരളം പ്രവർത്തിക്കുന്നത് എന്ന് പറയാതെ വയ്യ. വൈറസ്ബാധ എത്രത്തോളം ഉണ്ടായിട്ടുണ്ടെന്ന് അറിയുകയാണ് ആദ്യം വേണ്ടത്. ഇതിന് പരമാവധി ടെസ്റ്റ് നടത്തുക എന്നത് മാത്രമാണ് വഴി. ഏതൊരു ഭരണകൂടത്തിനും ജനങ്ങളുടെ പിന്തുണ വളരെ പ്രധാനപ്പെട്ടതാണ്. ഒപ്പം എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിക്കുന്ന ബ്യൂറോക്രസിയും വേണം. യുകെയിൽ എൻഎച്ച്എസ് കാര്യങ്ങൾ ചെയ്യുന്നുണ്ടെങ്കിലും ആവശ്യമായ സുരക്ഷാഉപകരണങ്ങളുടെ കുറവ് തുടക്കത്തിൽ ഉണ്ടായിരുന്നു. ഇപ്പോൾ കൃത്യമായ ഇടപെടലുകളിലൂടെ പ്രശ്നങ്ങൾ പരിഹരിച്ചു. യുകെ സർക്കാർ വലിയ സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. 

പ്രതീക്ഷ

കാര്യങ്ങളെ ശുഭാപ്തിവിശ്വാസത്തോടെ കാണണം എന്നാണ് എനിക്ക് തോന്നുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ശാസ്ത്രലോകം കൊറോണ വൈറസിനെതിരായ മരുന്നുകൾ ഉൾപ്പെടെയുള്ളവ കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണ്. ഉടൻ തന്നെ ഇവ ഫലം കാണുമെന്നാണ് പ്രതീക്ഷ. യുകെ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ കാര്യങ്ങൾ ഉടൻ തന്നെ നിയന്ത്രണവിധേയമാക്കാന്‍ സാധിക്കട്ടേയെന്നും പ്രതീക്ഷിക്കുന്നു. നേരത്തെ സൂചിപ്പിച്ചതുപോലെ നിരവധിപേർ ഈ രോഗത്തിൽ നിന്നും മുക്തരാകുന്നുവെന്നതും ശുഭവാർത്തയാണ്. ജനങ്ങളുടെ പിന്തുണയാണ് ഇപ്പോൾ വേണ്ടത്. കഴിയുന്നതും വീടുകളിൽ തന്നെ തുടരുക. സർക്കാർ നിർദേശങ്ങൾ അനുസരിക്കുക. രോഗികളുമായി ബന്ധപ്പെടുന്ന ആരോഗ്യപ്രവർത്തകർക്കും നഴ്സുമാർക്കും ഡോക്ടർമാർക്കും ആവശ്യമായ എല്ലാ സൗകര്യങ്ങളും എത്തിക്കാൻ സർക്കാരുകൾക്ക് സാധിക്കണം. വളരെ വേഗം ലോകത്തിന് ഈ മഹാദുരന്തത്തിൽ നിന്നും രക്ഷപ്പെടാൻ സാധിക്കട്ടേ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com