ADVERTISEMENT

ബർലിൻ ∙ കോവിഡിന്റെ വ്യാപനം ജർമനിയിൽ കൂടിവരുന്നതു മൂലം ഇത്തവണത്തെ ഈസ്റ്റർ ആഘോഷം തനിച്ചാകണമെന്നു ജർമൻ ജനതയോട് ചാൻസലർ അംഗല മെർക്കൽ ഒരു ശബ്ദ സന്ദേശത്തിലൂടെ അഭ്യർത്ഥിച്ചു. ജർമനിയിലെ 16 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിന്മാരുമായി രാജ്യത്തെ കോവിഡ് ബാധ വിഡിയോ കോൺഫറൻസിലൂടെ വിലയിരുത്തിയശേഷമാണ് മെർക്കലിന്റെ ശബ്ദരേഖ പുറത്തു വന്നത്. കോവിഡിന്റെ പേരിൽ മെർക്കൽ സ്വയം ക്വാറന്റീനിൽ കഴിയുകയാണ്. ആറാം തീയതി അവർ പുറത്ത് വരുമെന്ന് സൂചനയുണ്ട്. മൂന്നാമത്തെ അവരുടെ ടെസ്റ്റിലും ഫലം നെഗറ്റീവാണ്.

 

രണ്ടാം ലോക യുദ്ധത്തിനുശേഷം ഇതുപോലെ ഒരു അവസ്ഥാവിശേഷം ജർമനിയിൽ ഉണ്ടായിട്ടില്ല എന്ന് അവർ ശബ്ദരേഖയിൽ പറഞ്ഞു. ഇത്തവണ ആരാധനാലയങ്ങൾ അടഞ്ഞു കിടക്കുന്നു. കുടുംബങ്ങൾ തമ്മിൽ ഒത്ത് ചേരില്ലാ, ഹോട്ടലുകൾ അടഞ്ഞു കിടക്കും,  ഈസ്റ്റർ  യാത്രകളില്ല. എല്ലാം ഒരു ദുസ്വപ്നം പോലെ, മെർക്കൽ തുടർന്നു. ജനം കോവിഡിന്റെ ഭീകരത തിരിച്ചറിഞ്ഞു. സർക്കാർ പ്രഖ്യാപിച്ച കർശന നിർദ്ദേശങ്ങൾ പാലിക്കണമെന്നും സമൂഹ അകലം പാലിക്കണമെന്നും അവർ വീണ്ടും ഓർമ്മിപ്പിച്ചു. കർശന നിയന്ത്രണങ്ങൾ ഏപ്രിൽ 19 വരെ തുടരുമെന്നും നിയന്ത്രണങ്ങൾ എന്ന് നീങ്ങുമെന്ന് ഇന്ന് പറയാനാവില്ലെന്ന് അവർ കൂട്ടിച്ചേർത്തു.

 

ആരോഗ്യ മേഖലയിലുള്ളവർക്ക് ശമ്പള വർധന

 

ജീവൻ പണയം വെച്ച് കോവിഡ് രോഗികളെ പരിചരിക്കുന്ന ആരോഗ്യമേഖലയിലെ പ്രവർത്തകരായ ഡോക്ടർന്മാർ, നഴ്സുമാർ, മറ്റ് പാരമെഡിക്കൽ ജീവനക്കാർക്ക് ശമ്പള വർദ്ധനവ് ഉടനടി പ്രാബല്യത്തിൽ വരുമെന്ന് ആരോഗ്യ മന്ത്രി യെൻസ് സഫാൻ മാധ്യമങ്ങളെ അറിയിച്ചു.പ്രതിമാസം 500 യൂറോയുടെ ശമ്പള വർദ്ധനവ് നൽകാനാണ് സർക്കാർ നീക്കമെന്ന്  മന്ത്രി സൂചന നൽകി.

നേരത്തെ ജർമൻ ധനമന്ത്രി ആരോഗ്യമേഖലയിലെ പ്രവർത്തകർക്കും പൊലീസുകാർക്കും സൂപ്പർ മാർക്കറ്റുകളിൽ ജോലിയെടുക്കുന്നവർക്കും നികുതിയില്ലാത്ത 1500 യൂറോയുടെ ബോണസ് തുക പ്രഖ്യാപിച്ചിട്ടുണ്ട്. സർക്കാർ പ്രഖ്യാപിച്ച കോവിഡ് സഹായ പദ്ധതിയിൽ നിന്നായിരിക്കും ഈ പണം  ഇവർക്ക് ലഭിക്കുക.

 

 

രണ്ട് ലക്ഷം ലൈംഗിക തൊഴിലാളികൾക്ക് സാമ്പത്തിക സഹായം ചെയ്യണമെന്ന് നിർദ്ദേശം ഉയർന്നു

 

ജർമനിയുടെ 16 സംസ്ഥാനങ്ങളിലെ  ചുവന്ന തെരുവുകളിലും ബാറുകളിലും ക്ലബുകളിലും മറ്റും ജോലി ചെയ്യുന്ന രണ്ട് ലക്ഷം ലൈംഗിക തൊഴിലാളികളെ സാമ്പത്തികമായി സഹായിക്കണമെന്ന് വിവിധ കോണുകളിൽ നിന്ന് നിർദ്ദേശം ഉയർന്നു.കോവിഡ് മൂലം പണി നഷ്ടപ്പെട്ട ഇവർക്ക് വാടക പോലും കൊടുക്കാൻ നിർവ്വാഹമില്ലാതെ വട്ടം ചുറ്റുകയാണെന്ന് ഒരു പ്രമുഖ പത്രം വരെ പക്ഷം പിടിച്ച് എഴുതി കഴിഞ്ഞു. ജർമനിയിൽ പ്രതിവർഷം രണ്ട് ബില്യൻ യൂറോയുടെ ബിസിനസാണ് ഇവർ നടത്തുന്നത്. ഈ വകയിൽ സർക്കാരിന് വൻ തുക നികുതിയും കിട്ടുന്നുണ്ടായിരുന്നു. ഈ കാര്യം മറക്കരുതെന്ന് പ്രമുഖ പത്രം സർക്കാരിന് മുന്നറിയിപ്പ് നൽകി.ഇന്ന് റോബർട്ട് കോഹ് വൈറോളജി ലാബ് പുറത്ത് വിട്ട കണക്ക് പ്രകാരം ജർമനിയിൽ കോവിഡ്

രോഗബാധിതർ – 79,696

മരണം – 1017

അധികംപേരും 80 വയസ്സിന് മുകളിലുള്ളവരാണ് മരണമടഞ്ഞത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com