ADVERTISEMENT

ലണ്ടൻ∙കൊറോണ വൈറസ് രോഗികളെ ചികിത്സിക്കുന്നതിനുള്ള ഫീൽഡ് ഹോസ്പിറ്റലുകളിൽ ആദ്യ നൈറ്റിംഗേൽ ഹോസ്പിറ്റൽ, ലണ്ടനിലെ എക്സൽ സെന്ററിൽ ചാൾസ് രാജകുമാരൻ തുറന്നു. സ്കോട്ട്ലൻഡിലെ റോയൽ ബൽമോറൽ എസ്റ്റേറ്റിലെ വീട്ടിൽ നിന്ന് വിഡിയോ ലിങ്ക് വഴി എൻ‌എച്ച്എസ് ജോലിക്കാർക്ക്  ആദരാഞ്ജലികൾ  അർപ്പിച്ചുകൊണ്ടാണ് അദ്ദേഹം ഹോസ്പിറ്റൽ തുറന്നത്. കൊറോണ വൈറസ് സ്ഥിരീകരിച്ച്  ഐസലേഷനെ തുടർന്ന് വിഡിയോ ലിങ്ക് വഴി ഉദ്ഘാടനം ചെയ്തു സംസാരിച്ച അദ്ദേഹം ഹോസ്പിറ്റൽ നിർമ്മാണം"അതിശയകരവും, അവിശ്വസനീയവുമായ  നേട്ടമാണെന്ന്" വിശേഷിപ്പിച്ചു. 

  

"അസാധ്യമായത് എങ്ങനെ സാധ്യമാകുമെന്നും മനുഷ്യന്റെ ഇച്ഛാശക്തിയിലൂടെയും ചാതുര്യത്തിലൂടെയും നമുക്ക് അചിന്തനീയമായത് എങ്ങനെ നേടാമെന്നും ഇത് വെളിവാക്കുന്നു," അദ്ദേഹം പറഞ്ഞു: "ഈ ഇരുണ്ട സമയത്ത്, ഈ സ്ഥലം തിളങ്ങുന്ന പ്രകാശമായിരിക്കും നൽകുക."വെറും ഒൻപത് ദിവസത്തിനുള്ളിൽ ആണ് രാജ്യത്തെ വലിയ കോൺഫറൻസ് സെന്റർ ഒരു ആശുപത്രിയായി രൂപാന്തരപ്പെട്ടത്. 

 

ബ്രിസ്റ്റോളിലെ വെസ്റ്റ് ഓഫ് ഇംഗ്ലണ്ട് സർവകലാശാലയിലും ഹാരോഗേറ്റ് കൺവൻഷൻ സെന്ററിലും രണ്ടെണ്ണം നിർമിക്കുമെന്ന ഏറ്റവും പുതിയ പ്രഖ്യാപനവുമുണ്ട്. മറ്റുള്ളവ ബർമിങ്ഹാമിലെ നാഷണൽ എക്സിബിഷൻ സെന്ററിലും മാഞ്ചസ്റ്ററിലെ സെൻട്രൽ കോംപ്ലക്സിലും തുറക്കും. വെയിൽസിൽ 6,000 ലധികം കിടക്കകൾ താൽക്കാലിക ആശുപത്രികളിലും, കാർഡിഫിന്റെ പ്രിൻസിപ്പാലിറ്റി സ്റ്റേഡിയം ഉൾപ്പെടെ നിരവധി കായിക, ഒഴിവുസമയ വിനോദ കേന്ദ്രങ്ങളിലുമായാണ് സ്ഥാപിക്കുക.

 

സ്കോട്ട്ലൻഡിൽ, ഗ്ലാസ്ഗോയിലെ സ്കോട്ടിഷ് ഇവന്റ്സ് കാമ്പസിൽ (എസ്ഇസി) ഒരു താൽക്കാലിക ആശുപത്രി പണിയുന്നുണ്ട് . ആയിരത്തോളം കിടക്കകൾ വരെ ശേഷിയുള്ള ഇതിന് ഒന്നാം ലോകമഹായുദ്ധസമയത്ത് സെർബിയയിൽ സേവനമനുഷ്ഠിച്ച 'ലൂയിസ ജോർദാൻ' എന്ന നഴ്‌സിന്റെ പേരിൽ എൻഎച്ച്എസ് ഹോസ്പിറ്റൽ നാമകരണം ചെയ്യപ്പെടും.ബെൽഫാസ്റ്റ് സിറ്റി ഹോസ്പിറ്റലിന്റെ ടവർ ബ്ലോക്ക് 230 കിടക്കകളുള്ള നോർത്തേൺ അയർലൻഡിലെ ആദ്യത്തെ നൈറ്റിംഗേൽ ആശുപത്രിയായി മാറും.

 

ലണ്ടനിലെ നൈറ്റിംഗേൽ ആശുപത്രിയിൽ തുടക്കത്തിൽ 500 കിടക്കകളാണുള്ളത്. അധികമായി 3500 ബെഡ്ഡുകൾ ഒരുക്കുവാനുള്ള പണികൾ തുടരും. ഇവിടെ മൊത്തം 4000 പേരെ ഒരുമിച്ചു പരിചരിക്കാനാവും. മറ്റ് ലണ്ടൻ ആശുപത്രികളിൽ നിന്ന്  വ്യത്യസ്തമായി  ഇവിടെ കൊറോണ വൈറസ് ബാധിച്ച തീവ്രപരിചരണത്തിലുള്ള രോഗികളെ മാത്രമായിരിക്കും ചികിൽസിക്കുക. 

അവസാന വർഷ മെഡിക്കൽ-നഴ്സിങ് വിദ്യാർത്ഥികളും,റിട്ടയേർഡ്  ഡോക്ടർമാർ, നഴ്‌സുമാർ, മറ്റ് ഉദ്യോഗസ്ഥർ എന്നിവരുൾപ്പെടെ വിവിധ എൻ‌എച്ച്‌എസിൽ നിന്നുള്ള ഉദ്യോഗസ്ഥരും സേവനം ചെയ്യും.

  

പുതിയ ആശുപത്രിയിൽ സൈനിക ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ 80 വാർഡുകൾ നിർമ്മിച്ചു കഴിഞ്ഞു. ടെസ്റ്റ് നെഗറ്റീവ് ആയതിനു ശേഷം അടുത്തിടെ ഐസലേഷൻ കഴിഞ്ഞു പുറത്തുവന്ന ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻ‌കോക്കും ഇംഗ്ലണ്ടിലെ ചീഫ് നഴ്സിങ് ഓഫീസർ റൂത്ത് മേയും,എൻ‌എച്ച്എസ് നൈറ്റിംഗേലിന്റെ തലവനുമായ പ്രൊഫ. ചാൾസ് നൈറ്റ് എന്നിവരും ഈ അഭിമാന നിമിഷത്തിനു സാക്ഷ്യമേകി.

 

“തന്റെ കാലത്തെ മികച്ച നഴ്സിങ് വ്യക്ത്വവും അണുബാധ നിയന്ത്രണത്തിനുള്ള  മുഖ്യ ചുമതലയുമുണ്ടായിരുന്ന ഫ്ലോറൻസ് നൈറ്റിംഗേലിന്റെ പേര് ആശുപത്രിക്കു നൽകിയത്  തികച്ചും ഉചിതമാണെന്ന്" മിസ് റൂത്ത് മേ പറഞ്ഞു.

 

ആശുപത്രിയുടെ  "നിർമ്മാണത്തിൽ ഉൾപ്പെട്ടിരിക്കുന്ന നിരവധി ആളുകളുടെ കഴിവുകളുടെയും അശ്രാന്ത പരിശ്രമത്തിന്റെയും നിശ്ചയ ദാർഢ്യത്തിന്റെയും തെളിവാണ്", ഇത് "എൻ‌എച്ച്‌എസിന്റെ ഏറ്റവും അഭിമാനം നിറഞ്ഞ പ്രവർത്തനമായി കാണുന്നുവെന്നും ഹാൻ‌കോക്ക് പറഞ്ഞു. “അദൃശ്യനായ ഈ കൊലയാളി ലോകത്തെ മുഴുവൻ ബാധിക്കുന്ന ഈ സങ്കീർണ്ണകരമായ വേളയിൽ നമ്മുടെ  രാജ്യത്ത് നമുക്ക് എൻ‌എച്ച്എസ് ഉണ്ടെന്നതു മുമ്പത്തേതിനേക്കാൾ വിലപ്പെട്ടതായി തോന്നുവെന്ന് ,” അദ്ദേഹം പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com