ലോക്‌ഡൗൺ കാലത്ത് അർബുദ രോഗിയായ മലയാളി നാട്ടിലേക്ക്; ‘അൽഭുത’ കഥ പങ്കുവച്ച് യുകെയിലെ മേയർ

Tom-adhithya-alphons-kannanthanam
SHARE

ലണ്ടൻ ∙ ‘അതിന്റെ എല്ലാ ക്രഡിറ്റും അൽഫോൺസിനാണ്, പിന്നെ ഇന്ത്യയിലെ ഉദ്യോഗസ്ഥർക്കും. സത്യത്തിൽ ഒരു ടീം വർക്ക് ആയിരുന്നു. ഒപ്പം ദൈവത്തിന്റെ സ്പർശവും’–ബ്രിട്ടൻ ബ്രിസ്റ്റോളിലെ ബ്രാഡ്‍ലി സ്റ്റോക് മേയറും റാന്നി സ്വദേശിയുമായ ടോം ആദിത്യയുടെ വാക്കുകളാണിത്. ഈ വാക്കുകൾക്ക് പിന്നിൽ വലിയൊരു കഥയുണ്ട്. കൂട്ടായ്മയുടെയും സമർപ്പണത്തിന്റെയും മനുഷ്യത്വത്തിന്റെയും കഥ. ഇതുമൂലം യാഥാർഥ്യമാകുന്നത് അർബുദ രോഗിയായ ഒരു ബ്രിട്ടിഷ് മലയാളിയുടെ ആഗ്രഹമാണ്. സംഭവിക്കുന്നത്, ലോക്ഡൗൺ കാലത്ത് പ്രത്യേക നിയമാനുമതിയിലൂടെ കേരളത്തിൽ ഒരു എയർ ആംബുലൻസ് ലാൻഡ് ചെയ്യും. നമ്മുടെ കോഴിക്കോട്ട്. അതിനു പിന്നിൽ ആത്മാർഥമായി പ്രവർത്തിച്ചവരാണ് മുൻകേന്ദ്രമന്ത്രിയും രാജ്യസഭാ എംപിയുമായ അൽഫോൺസ് കണ്ണന്താനവും ടോം ആദിത്യയും ഇന്ത്യയിലെയും കേരളത്തിലെയും ഒരുപറ്റം ഉദ്യോഗസ്ഥരും സർക്കാറുകളും.

സംഭവം ഇങ്ങനെ

വയറിൽ അർബുദം ബാധിച്ച് ബ്രിട്ടനിലെ പ്രശസ്തമായ ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന തലശേരി സ്വദേശിയ്ക്ക് ജന്മനാട്ടിൽ എത്തണമെന്നായിരുന്നു ആഗ്രഹം. കൂടാതെ കോവിഡ് പടർന്നതോടെ അവിടുത്തെ ചികിൽസയിലും പ്രശ്നങ്ങളുണ്ടായി. പക്ഷേ, കോവിഡിനെ തുടർന്ന് വിമാന സർവീസുകൾ മുടങ്ങിയതിനാൽ നാട്ടിലെത്തിക്കാൻ വഴിയില്ലാതായി. പക്ഷേ, ആ 37കാരന്റെ ആഗ്രഹം സാധിക്കാൻ കുടുംബവും സുഹൃത്തുക്കളും ജോലി ചെയ്യുന്ന യുഎസ്ടി ഗ്ലോബൽ എന്ന കമ്പനിയും ഒപ്പം നിന്നു. ആവശ്യമായ പണം കണ്ടെത്തുന്നതിന് ക്രൗഡ് ഫണ്ടിങ്ങ് ആരംഭിച്ചു. വലിയ രീതിയിൽ കമ്പനിയും സഹായിച്ചു. പലതലത്തിലും അനുമതിക്കായി ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. അങ്ങനെയാണ് ഇദ്ദേഹത്തിന്റെ സഹോദരൻ ടോം ആദിത്യയെ ബന്ധപ്പെടുന്നത്. കാര്യം അറിഞ്ഞപ്പോൾ ടോമിന് ഇവരെ സഹായിക്കണമെന്നായി. പല വഴികൾ നോക്കിയെങ്കിലും നിരാശയായിരുന്നു ആദ്യ ഫലമെന്ന് ടോം ആദിത്യ പറയുന്നു.

ഊർജസ്വലനായ അൽഫോൺസ്

മന്ത്രിമാർ, എംപിമാർ തുടങ്ങി രാഷ്ട്രീയ തലത്തിൽ പലരുമായി സംസാരിച്ചെങ്കിലും ലോക്ഡൗൺകാലത്തെ ഈ നിയമം മറികടക്കാൻ സാധിക്കില്ലെന്നാണ് പൊതുവെ ലഭിച്ച മറുപടിയെന്ന് ടോം പറയുന്നു. ഈ സമയത്താണ് സുഹൃത്തും മുൻമന്ത്രിയുമായ അൽഫോൺ കണ്ണന്താനത്തെ കുറിച്ച് ഓർത്തത്. അദ്ദേഹത്തോട് കാര്യം പറഞ്ഞു. നമ്മുക്ക് നോക്കാം എന്നായിരുന്നു ലഭിച്ച മറുപടി. അൽഫോൺസ് ആ പറഞ്ഞത് ആത്മാർഥമായിട്ടായിരുന്നുവെന്ന് ടോം സമ്മതിക്കുന്നു. കാര്യങ്ങൾ എല്ലാം വ്യക്തമാക്കിക്കൊണ്ട് ടോം ആദിത്യ അൽഫോണ്‍സ് കണ്ണന്താനത്തിന് വിശദമായ ഒരു സന്ദേശം അയച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കുടുങ്ങിയവരുടെ കാര്യങ്ങളും ഇന്ത്യൻ പൗരന്മാരെ യുകെയിൽ സംരക്ഷിക്കുന്ന കാര്യങ്ങളും എല്ലാം ഇതിൽ ഉൾപ്പെടുത്തിയിരുന്നു. എല്ലാ നിയമങ്ങൾക്ക് മുകളിലും മനുഷ്യത്വം എന്നൊരു കാര്യമുണ്ടെന്നായിരുന്നു പ്രധാന വാദം. 

പിന്നീട് അങ്ങോട്ട് അൽഫോൺസിന്റെ നിരന്തരമായ ഇടപെടലുകളും ഊർജസ്വലതയുമാണ് കാര്യങ്ങൾ ഇത്രവേഗത്തിൽ നടപ്പിലാക്കിയതെന്നും ടോം പറഞ്ഞു.  ടോം അയച്ച ഈ സന്ദേശം അൽഫോൺസ് ഉദ്യോഗസ്ഥരുടെയും മന്ത്രിമാരുടെയും ശ്രദ്ധയിൽപ്പെടുത്തി. അവരുടെ പുറകേ നടന്ന് കാര്യങ്ങള്‍ അപ്ഡേറ്റ് ചെയ്തു. മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ എന്നകാര്യം ഇവിടെ അദ്ദേഹത്തിന് ഗുണം ചെയ്തുവെന്നാണ് ടോമിന്റെ അഭിപ്രായം. കാര്യങ്ങൾ കൃത്യമായി താനുമായി പങ്കുവയ്ക്കുകയും പരിശ്രമം തുടരുകയും ചെയ്തു. ആഭ്യന്തരമന്ത്രാലയം, ആരോഗ്യമന്ത്രാലയം, വ്യോമയാനമന്ത്രാലയം, ഡിജിസിഎ എന്നു തുടങ്ങി വിവിധ തലത്തിലെ ഉദ്യോഗസ്ഥരുമായി അൽഫോൺസ് കണ്ണന്താനം നിരന്തരം ബന്ധപ്പെടുകയും അവരെ കോ–ഓഡിനേറ്റ് ചെയ്യുകയും ചെയ്തു. കേന്ദ്രത്തിൽ നിന്നും ഏറെക്കുറെ അനുവാദം ലഭിക്കുമെന്നായപ്പോൾ കേരളത്തിലെ കാര്യങ്ങളും നോക്കി. ചീഫ്സെക്രട്ടറിയും അഡീഷനൽ ചീഫ് സെക്രട്ടറിയുമായി കാര്യങ്ങൾ സംസാരിച്ച് വളരെവേഗം അനുമതി ലഭിച്ചു. 

കൂട്ടായ്മയുടെ വിജയം

സത്യത്തിൽ ഇതെല്ലാം കൂട്ടായ്മയുടെ വിജയമാണ് എന്നാണ് ടോം ആദിത്യ പറയുന്നത്. ഒരു മലയാളിക്ക് വേണ്ടി ബ്രിട്ടനിലെ ഒരു മേയർ ഇന്ത്യൻ അധികൃതരുമായി സംസാരിക്കുന്നു, മുൻമന്ത്രി ഇടപെടുന്നു അതിൽ ഉദ്യോഗസ്ഥർ അനുകൂലമായി തീരുമാനം എടുക്കുന്നു. കൂടാതെ കേന്ദ്ര–സംസ്ഥാന സർക്കാരുകൾ സംയുക്തമായി അനുവാദം നൽകുന്നു. രോഗിയായ അദ്ദേഹത്തിന്റെ സുഹൃത്തുക്കളും കുടുംബവും വലിയ പിന്തുണ നൽകുന്നു. അങ്ങനെ എല്ലാവരുടെയും വിജയമാണിത്. ഏതാണ്ട് ഒരു കോടിരൂപയാണ് യുകെയിൽ നിന്നും കേരളത്തിലേക്ക് പ്രത്യേക വിമാനത്തിൽ എയർ ആംബുലൻസായി വരാൻ ചെലവ് വരുന്നതെന്നും ടോം പറ‍ഞ്ഞു. ഈ പണം ക്രൗണ്ട് ഫണ്ടിങ്ങിലൂടെയും യുഎസ്‍ടി ഗ്ലോബൽ എന്ന അദ്ദേഹം ജോലി ചെയ്തിരുന്ന കമ്പനിയും നൽകി. 

പല മന്ത്രിമാരും എംപിമാരും ആത്മാർഥമായി ശ്രമിച്ചെങ്കിലും അവർക്കത് സാധിച്ചിരുന്നില്ല. പക്ഷേ, അവരുടെ നല്ലമനസ്സ് കാണാതെ പോകാൻ സാധിക്കില്ല. ശക്തമായി വിഷയത്തിൽ ഇടപെട്ട് യാത്രസാധ്യമാക്കിയ അൽഫോൺസ് കണ്ണന്താനത്തോട് രോഗിയുടെ കുടുംബത്തിന് വലിയ നന്ദിയും ആദരവുമാണ്. മറ്റൊരു വലിയ വിഭാഗം പ്രതിബദ്ധതയുള്ള ഉദ്യോഗസ്ഥരാണ്. ഇത്തരത്തിലുള്ള ഉദ്യോഗസ്ഥരുണ്ടെങ്കിൽ ഇന്ത്യൻ ബ്യൂറോക്രസിയിൽ എന്തും സാധിക്കുമെന്നാണ് ഈ സംഭവം വ്യക്തമാക്കുന്നത്. ഞങ്ങളുടെ നാട്ടിൽ ഇത്രവേഗത്തിൽ കാര്യങ്ങൾ നടക്കില്ല–ടോം പറഞ്ഞു നിർത്തി.

എല്ലാം വളരെ വേഗം

രോഗിയ്ക്കൊപ്പം അദ്ദേഹത്തിന്റെ ഭാര്യയും നാലു വയസ്സുകാരി മകളും ഉണ്ടാകും. കോഴിക്കോട് വിമാനത്താവളത്തിൽ എത്തുന്ന ഇവരെ തുടർ ചികിൽസയ്ക്കായി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റും. കേന്ദ്ര വ്യോമയാന–ആഭ്യന്തര മന്ത്രാലയങ്ങളാണ് പ്രത്യേക അനുമതി നൽകിയത്. രണ്ടു ദിവസം കൊണ്ടാണ് ഇത്തരത്തിലൊരു അനുമതി ലഭിച്ചത്. വ്യാഴാഴ്ച യുകെയിൽ നിന്നും പുറപ്പെട്ട ഇവർ വെള്ളിയാഴ്ച കോഴിക്കോട് എത്തും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA