ADVERTISEMENT

ഇറ്റലി ∙ കൊറോണ വ്യാപനത്തെ തുടർന്ന് രണ്ടു മാസമായി അടച്ചു പൂട്ടിയിരുന്ന വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയും ചരിത്ര മ്യൂസിയങ്ങളും മേയ് 18 മുതൽ നിയന്ത്രണങ്ങൾക്കു വിധേയമായി വീണ്ടും തുറന്നു പ്രവർത്തിപ്പിക്കുമെന്ന് അധികൃതർ. ഇതിന്റെ മുന്നോടിയായി ഇവിടങ്ങളിൽ ശുചീകരണ-അണു നശീകരണ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി.

st-peters-basilica1

സെന്റ് പീറ്റേഴ്സ് ബസിലിക്കയിലും മറ്റു പേപ്പൽ ബസിലിക്കകളായ സെന്റ് പോൾസ് ബസിലിക്ക, സെന്റ് ജോൺ ബസിലിക്ക, സെന്റ് മേരി മേജർ ബസിലിക്ക എന്നിവിടങ്ങളിലും സന്ദർശകരുടെ താപനില പരിശോധിക്കാൻ സംവിധാനമൊരുക്കും. ജനത്തിരക്ക് നിയന്ത്രിക്കാൻ വത്തിക്കാൻ പൊലീസ്, ഇറ്റാലിയൻ പൊലീസ്, പള്ളികളിലെ സന്നദ്ധ പ്രവർത്തകർ എന്നിവരുടെ സഹായമുണ്ടാവും.

ഇറ്റലിയിലെ എല്ലാ പള്ളികളും കർശനമായ നിയന്ത്രണങ്ങളോടെ 18 ന് തുറക്കാൻ അനുമതി നൽകിയിട്ടുണ്ട്. ഇറ്റാലിയൻ-വത്തിക്കാൻ ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കിയിട്ടുള്ള സുരക്ഷാ മാനദണ്ഡങ്ങൾ അനുസരിച്ച് വത്തിക്കാനിലെ ചരിത്ര മ്യൂസിയങ്ങളും 18 മുതൽ പൊതുജനങ്ങൾക്കായി വീണ്ടും തുറന്നു പ്രവർത്തിക്കാൻ അനുവദിച്ചിട്ടുണ്ട്.

st-peters-basilica

മുൻകൂർ ബുക്കിംഗിലൂടെ മാത്രമേ ഇവിടങ്ങളിലേക്ക് പ്രവേശനം അനുവദിക്കൂ. സാമൂഹിക അകലം പാലിക്കേണ്ടത് അത്യാവശ്യമായതിനാൽ വലിയ സംഘങ്ങളെ തൽക്കാലം മ്യൂസിയങ്ങളിൽ പ്രവേശിപ്പിക്കില്ല. സന്ദർശകർക്ക് മാസ്ക്കുകൾ നിർബന്ധമാക്കിയിട്ടുമുണ്ട്. സന്ദർശകരുടെ ശരീര താപനില പരിശോധിക്കുന്നതിനായി തെർമോ സ്കാനറുകൾ സ്ഥാപിക്കുന്നതടക്കമുള്ള സുരക്ഷാ സംവിധാനങ്ങൾ മ്യൂസിയങ്ങളിൽ ഒരുക്കുമെന്ന് വത്തിക്കാൻ സിറ്റി സ്‌റ്റേറ്റ് ഗവർണറേറ്റ് സെക്രട്ടറി ജനറൽ ബിഷപ് ഫെർണാണ്ടോ വർഗീസ് അൽസാഗ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com