ADVERTISEMENT

ലണ്ടൻ∙ അടച്ചുപൂട്ടുമെന്ന് കരുതിയിരുന്ന നഴ്സിങ് സ്ഥാപനത്തെ മികച്ച നേതൃപാടവത്തിലൂടെയും കഠിനാധ്വാനത്തിലൂടെയും മികവിന്റെ കേന്ദ്രമാക്കി മാറ്റിയിരിക്കുകയാണ് ബ്രിട്ടനിലെ നോർത്തേൺ അയർലൻഡിലുള്ള മലയാളി നഴ്സ് വിൻസി വിൻസന്റ്. ബെൽഫാസ്റ്റിലെ കോളിൻവേൽ നഴ്സിങ് ഹോമിന് തുടർച്ചയായ രണ്ടാംവർഷവും ‘’ടോപ്-20 കെയർ ഹോം അവാർഡ്’’ നേടിക്കൊടുത്താണ് ഹോം മാനേജരായ വിൻസി അഭിമാനതാരമായി മാറിയിരിക്കുന്നത്. 

 

vincy1

2015ൽ കോളിൻവേൽ നഴ്സിങ് ഹോം അടച്ചുപൂട്ടൽ ഭീഷണി നേരിട്ടപ്പോഴാണ് വിൻസി ഇവിടെ മാനേജരായി എത്തുന്നത്. അന്നുമുതൽ ഒട്ടേറെ വെല്ലുവിളികളെ നേരിട്ടാണ് നഴ്സിങ് ഹോമിനെ വളർത്തിയതും രീതിയിലാക്കിയതും മികവിന്റെ കേന്ദ്രമാക്കി മാറ്റിയതും. 

 

ഡിമൻഷ്യാ ബാധിച്ച രോഗികളുടെ പരിചരണത്തിനും സംരക്ഷണത്തിനുമായി ഊർജസ്വലതയോടെയും പുഞ്ചിരിയോടെയും അഹോരാത്രം അധ്വാനിച്ചതിന്റെ ഫലമാണ് ഈ അംഗീകാരവും ബഹുമതിയും. കെയർഹോമിലെ അന്തേവാസികളുടെ ബന്ധുജനങ്ങളുടെ അഭിപ്രായം അടിസ്ഥാനമാക്കിയാണ് ടോപ് -20 കെയർ അവാർഡുകൾ നിർണയിക്കുന്നത്. തുടർച്ചയായ രണ്ടാംവർഷവും അവാർഡ് നിലനിർത്താൻ കോളിൻവേൽ നഴ്സിങ് ഹോമിനു കഴിഞ്ഞത് വിൻസിയുടെ നേതൃത്വത്തിൽ സ്റ്റാഫ് അംഗങ്ങൾ നടത്തിയ ടീം വർക്കിന്റെ ഫലമാണ്. 

 

ഇടുക്കി ജില്ലയിലെ തൊടുപുഴയിൽനിന്നും ബെൽഫാസ്റ്റിലെ ക്ലോന്റര ഗ്രൂപ്പിൽ കെയർ അസിസ്റ്റന്റായാണ് വിൻസി ജോലി ആരംഭിച്ചത്. പിന്നീട് പടിപടിയായി ഉയർന്ന് ഡെപ്യൂട്ടി മാനേജർ പദവി വരെയെത്തി. തുടർന്ന് മൂന്നുവർഷം ബെൽഫാസ്റ്റ് റോയൽ ഹോസ്പിറ്റലിൽ അത്യാഹിത വിഭാഗം നഴ്സായി സേവനം അനുഷ്ഠിച്ചു. പിന്നീടാണ് പലരുടെയും അഭ്യർഥന മാനിച്ച് കോളിൻവേൽ നഴ്സിങ് ഹോം മാനേജരായി മടങ്ങിയെത്തിയത്. 

 

ജോലിക്കൊപ്പം നേർത്തേൺ അയർലൻഡിലെ പല മലയാളി കൂട്ടായമകളിലും സജീവമാണ് വിൻസി. തൊടുപുഴ വേങ്ങയിൽ കുടുംബാംഗമാണ്. ഭർത്താവ് വയനാട് കണ്ടംതുരുത്തിൽ ജോഷി പീറ്റർ. ജോവിന, ജോവിസ്, ഡേവിസ് എന്നിവരാണ് മക്കൾ. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com