sections
MORE

ഓക്സ്ഫഡിലെ പരീക്ഷണം വിജയിക്കുമെന്ന പ്രതീക്ഷയിൽ ബ്രിട്ടൻ കോവിഡ് വാക്സിന്റെ നിർമാണം തുടങ്ങുന്നു

covid-medicine-vaccine
പ്രതീകാത്മക ചിത്രം
SHARE

ലണ്ടൻ∙ ഓക്സ്ഫഡ് യൂണിവേഴ്സിറ്റി വികസിപ്പിച്ച വാക്സിന്റെ പരീക്ഷണം വിജയകരമാകുമെന്ന പ്രതീക്ഷയിൽ ബ്രിട്ടൻ വൻതോതിൽ വാക്സിൻ നിർമാണത്തിന് തുടക്കം കുറിക്കുന്നു.  കോവിഡ്-19 വാക്സിന്റെ വ്യാവസായിക അടിസ്ഥാനത്തിലുള്ള നിർമാണത്തിന് മരുന്നു നിർമാണക്കമ്പനിയായ ആസ്ട്ര സെനീക്കയുമായി ഓക്സ്ഫെഡ് യൂണിവേഴ്സിറ്റി ഗ്ലോബൽ ലൈസൻസിങ് ഉടമ്പടി ഒപ്പുവച്ചു.  

സെപ്റ്റംബറോടെ മൂന്നുകോടി വാക്സിനുകൾ ഉൽപാദിപ്പിക്കാനുള്ള കരാറാണ് ഒപ്പിട്ടിരിക്കുന്നതെന്ന് ബിസിനസ് സെക്രട്ടറി അലോക് ശർമ്മ പറഞ്ഞു. വാക്സിൻ ഫലപ്രദമാണെന്ന് തെളിയുന്ന ഉടൻതന്നെ ആളുകൾക്ക് ഇത് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ്, പരീക്ഷണം പൂർത്തിയാകും മുമ്പേ, നിർമാണം ആരംഭിക്കുന്നത്. പരീക്ഷണം വിജയകരമായാൽ 100 മില്യൺ ഡോസുകൾകൂടി ഉൽപാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി വ്യക്തമാക്കി.

വാക്സിൻ ഫലപ്രദമായാൽ അതിന്റെ ഗുണം ആദ്യം ലഭിക്കുക ബ്രിട്ടനിലെ ജനങ്ങൾക്കാകും. പിന്നീട് കൂറഞ്ഞ ചെലവിൽ വികസ്വരരാഷ്ട്രങ്ങൾക്ക് വാക്സിൻ ലഭ്യമാക്കാൻ നടപടിയുണ്ടാകും. വാക്സിൻ പരീക്ഷണങ്ങൾക്കായി കോടിക്കണക്കിനു രൂപയാണ് ബ്രിട്ടൻ ചെലവഴിക്കുന്നത്. നേരത്തെ ഓക്സ്ഫഡ് യൂണിവേഴ്സിറ്റിക്കും ഇംപീരിയൽ കോളജിനുമായി 47 മില്യൻ പൗണ്ട് അനുവദിച്ച സർക്കാർ പരീക്ഷണങ്ങൾ ഊർജിതമാക്കാനും വാക്സിന്റെ നിർമാണത്തിനുമായി  ഇന്ന് 84 മില്യൺ പൗണ്ടു കൂടി കൂടുതലായി അനുവദിച്ചു. നിലവിലെ പരീക്ഷണങ്ങൾ വിജയകരമായാൽ ഉടൻതന്നെ രാജ്യത്തെല്ലായിടത്തും  മരുന്ന് ലഭ്യമാക്കാനുള്ള റാപ്പിഡ് ഡിപ്ലോയ്മെന്റ് ഫെസിലിറ്റിക്കായി  38 മില്യൺ പൗണ്ടും അനുവദിച്ചിട്ടുണ്ട്.  

നേരത്തെ ഓക്സ്ഫെഡ് യൂണിവേഴ്സിറ്റി വികസിപ്പിച്ച വാക്സിൻ കുരങ്ങുകളിൽ ഫലപ്രദമാണെന്ന് കണ്ടെത്തിയിരുന്നു. 

ഇതിന്റെ അടിസ്ഥാനത്തിൽ ലോകത്തെ വിവിധ രാജ്യങ്ങളിൽ ഏഴ് മരുന്നു നിർമാണക്കമ്പനികളുമായി വാക്സിൻ നിർമാണത്തിന് ലൈസൻസിങ് ഉടമ്പടി ഒപ്പുവയ്ക്കാൻ ഓക്സ്ഫഡ് യൂണിവേഴ്സിറ്റി തീരുമാനിച്ചിരുന്നു. പൂണെ ആസ്ഥാനമായുള്ള സേറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയ്ക്കാണ് ഇന്ത്യയിൽ വാക്സിൻ നിർമാണത്തിന് കരാർ ലഭിച്ചിരിക്കുന്നത്. ആറുമാസത്തിനുള്ളിൽ 50 ലക്ഷം ഡോസുകളാകും പൂണെയിൽ നിർമിക്കുക. 

ആശുപത്രികളിലും നഴ്സിംങ് ഹോമുകളിലുമായി 170 പേരാണ് ഇന്നലെ ബ്രിട്ടനിൽ കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 34,636 ആയി.  മാർച്ച് 24ന് ലോക്ക്ഡൌൺ പ്രഖ്യാപിച്ചതിനു ശേഷമുള്ള ഏറ്റവും കുറഞ്ഞ മരണനിരക്കാണ് ഇന്നലെ രേഖപ്പെടുത്തിയത്. വാരാന്ത്യങ്ങളിൽ കണക്കിലെ കുറവ് പതിവുള്ളതാണെങ്കിലും കഴിഞ്ഞ ഞായറാഴ്ച 268 പേരായിരുന്നു മരിച്ചത്. മരണനിരക്കിലെ നൂറുപേരുടെ ഈ കുറവ് തികച്ചും ആശ്വാസവാർത്ത തന്നെയാണ്. ആശുപത്രികളിൽ എത്തുന്ന കോവിഡ് രോഗികളുടെ എണ്ണത്തിലും ഗണ്യമായ കുറവ് ഉണ്ടായിട്ടുണ്ട്. 

സ്പെയിനിലും ലോക്ക്ഡൌൺ പ്രഖ്യാപിച്ച ശേഷമുള്ള ഏറ്റവും കുറഞ്ഞ മരണനിരക്കാണ് ഇന്നലെ രേഖപ്പെടുത്തിയത്. 87 പേർ.  രണ്ടുമാസത്തിനുള്ളിൽ ആദ്യമായാണ് സ്പെയിനിൽ മരണനിരക്ക് നൂറിൽ താഴെയെത്തുന്നത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EUROPE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA