sections
MORE

മണവും രുചിയും നഷ്ടമാകുന്നതും കോവിഡ് ലക്ഷണങ്ങൾ; കേരളത്തിന്റെ വിജയകഥ ബിബിസിയിലും

covid-updates-uk
SHARE

ലണ്ടൻ∙ പനിക്കും ശ്വാസതടസത്തിനും ചുമയ്ക്കും പുറമേ മണവും രുചിയും നഷ്ടമാകുന്നതും കോവിഡിന്റെ ലക്ഷണങ്ങളാണെന്ന് ബ്രിട്ടനിലെ ഇഎൻടി വിദഗ്ധർ. ഇവരുടെ നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ ഇവയും രോഗത്തിന്റെ ലക്ഷണമായി കണക്കാക്കി ചികിൽസാ മാനദണ്ഡങ്ങൾ പരിഷ്കരിക്കാൻ   സയന്റിഫിക് അഡ്വൈസർമാർ സർക്കാരിനോട് അഭ്യർഥിച്ചു. 

പുതിയ രോഗലക്ഷണങ്ങൾക്കൂടി ഉറപ്പിച്ചതോടെ പരിശോധനയ്ക്കുള്ള മാർഗനിർദേശങ്ങളിലും സർക്കാർ മാറ്റം വരുത്തി. രോഗലക്ഷണങ്ങൾ കാണിക്കുന്നവരിൽ അഞ്ചുവയസിനു മുകളിൽ പ്രായമുള്ള എല്ലാവരെയും ഉടൻ പരിശോധനയ്ക്കു വിധേയരാക്കുമെന്ന് ഹെൽത്ത് സെക്രട്ടറി മാറ്റ് ഹാനോക്ക് ഇന്നലെ പാർലമെന്റിൽ അറിയിച്ചു. 

ഇന്നലെ 100,678 പേരെയാണ് ബ്രിട്ടണിൽ രോഗപരിശോധനയ്ക്കു വിധേയരാക്കിയത്. ഇംഗ്ലണ്ടിലും സ്കോട്ട്ലൻഡിലും നിലവിൽ രോഗലക്ഷണമുണ്ടെങ്കിലും കീ വർക്കർമാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും മാത്രമാണ് പരിശോധനാ സൌകര്യം ലഭ്യമായിരുന്നത്. കെയർഹോം റസിഡൻസ്, അവിടങ്ങളിലെ സ്റ്റാഫ്, 65 വയസിനു മുകളിൽ പ്രായമുള്ളവർ എന്നിവരാണ് പരിശോധന ലഭ്യമായിരുന്ന മറ്റുവിഭാഗങ്ങൾ. അല്ലാത്തവർക്ക് ആശുപത്രി അഡ്മിഷൻ വേണ്ടസാഹചര്യത്തിൽ മാത്രമായിരുന്നു പരിശോധന. ഇതുമാറ്റി ഇനിമുതൽ രോഗലക്ഷണങ്ങൾ ഉള്ള എല്ലാവർക്കും പരിശോധനാസൌകര്യം ഒരുക്കും.  .

കോവിഡ് ബാധിച്ച് ഇന്നലെ 160 പേരാണ് ബ്രിട്ടനിൽ മരിച്ചത്. തുടർച്ചയായ രണ്ടാംദിവസമാണ് മരണനിരക്ക് ഇരുന്നൂറിൽ താഴെ നിൽക്കുന്നത്. ഇത് വാരാന്ത്യത്തിലെ കണക്കിലുള്ള പതിവ് കുറവായിരുന്നോ എന്ന കാര്യം ഇന്നു മാത്രമേ അറിയാൻ കഴിയൂ. സ്കോട്ട്ലൻഡിൽ ഈ മാസം 28 മുതൽ ലോക്ക്ഡൗൺ ചട്ടങ്ങളിൽ ഇളവ് അനുവദിക്കുമെന്ന് ഫസ്റ്റ് മിനിസ്റ്റർ നിക്കോളാസ് സെർജന്റ് വ്യക്തമാക്കി. വടക്കൻ അയർലൻഡിൽ ഇന്നലെ മുതൽ ലോക്ക്ഡൌണിന് നേരിയ ഇളവുകൾ അനുവദിച്ചു. 

കേരളത്തിന്റെ വിജയകഥ ബിബിസിയിലും

കേരളത്തിലെ കോവിഡ് പ്രതിരോധത്തിന്റെ വിജയകഥ ബ്രിട്ടനിലെ ഗാർഡിയൻ പത്രം വലിയ വാർത്തയാക്കിയതിനു പിന്നാലെ ബിബിസിയും ഇന്നലെ ആരോഗ്യമന്ത്രി കെകെ.ഷൈലജ ടീച്ചറെ ലൈവായി ഇന്റർവ്യൂ ചെയ്തു. മൂന്നരക്കോടി ജനങ്ങളുള്ള സംസ്ഥാനത്തെ  കോവിഡ് മരണം കേവലം നാലുപേരിൽ ഒതുക്കിയ വിജയ കഥ അങ്ങനെ ലോകം മുഴുവൻ ശ്രദ്ധനേടി. 

വന്ദേഭാരത് സർവീസ് ഇന്ന് കൊച്ചിയിലേക്ക്

വന്ദേഭാരത് പദ്ധതിയിൽ പെടുത്തി കേരളത്തിലേക്ക് ചാർട്ടർ ചെയ്ത എയർ ഇന്ത്യ വിമാനം ഇന്നുച്ചയ്ക്ക് ഹീത്രൂ വിമാനത്താവളത്തിൽനിന്നും കൊച്ചിയിലേക്ക് യാത്ര തിരിക്കും. ലണ്ടനിൽനിന്നുള്ള വിമാനം (എ1-130)  മുംബൈ വഴിയാണ് കൊച്ചിയിലേക്ക് എത്തുക. ഉച്ചയ്ക്ക് 1.15നാണ് ഹീത്രുവിലെ രണ്ടാം നമ്പർ ടെർമിനലിൽനിന്നും വിമാനം പുറപ്പെടുക. ബുധനാഴ്ച പുലർച്ചെ 2.45ന് മുംബൈയിൽ എത്തുന്ന വിമാനം അവിടെനിന്നും 4.45ന് പുറപ്പെട്ട് ബുധനാഴ്ച രാവിലെ 6.45നാണ് കൊച്ചിയിൽ എത്തുക. 596 പൗണ്ടാണ് ഓരോ യാത്രക്കാരനിൽനിന്നും കേരളത്തിലേക്ക് ഈടാക്കുന്നത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EUROPE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA