sections
MORE

ഇരുപത് രാജ്യങ്ങളിലെ ആരോഗ്യപ്രവര്‍ത്തകര്‍ ഒരുക്കിയ 'കരുതലായ് പൊതിയുന്ന' ദേവസംഗീതം റിലീസ് ചെയ്തു

music-video
SHARE

ലണ്ടന്‍∙ വ്യത്യസ്ത ഋതുക്കളിലും വ്യത്യസ്തമായ ഘടികാരക്രമങ്ങളിലും ജീവിക്കുകയും ജോലിചെയ്യുകയും ചെയ്യുന്ന 20 ഗായകരും വിരല്‍ത്തുമ്പില്‍ ദേവസ്പര്‍ശമുള്ള ഒരു സംഗീതജ്ഞനും ഹൃദയംകൊണ്ട് വരികളെഴുതുന്ന ഒരു ഗാനരചയിതാവും ചേര്‍ന്നൊരുക്കിയ സംഗീത ശില്പം ലോക നഴ്സസ് ദിനത്തോടനുബന്ധിച്ച് യൂട്യൂബിലൂടെ പുറത്തിറക്കി ഗാനം വൈറലായി.

നടന്‍ ജയറാമിന്‍റെ ശബ്ദസന്ദേശത്തോടെയാണ് ഈ സംഗീതവിരുന്നില്‍ 'സ്നേഹിതരെ, ഞാന്‍ ജയറാമാണ്. ലോകം മുഴുവന്‍ ഒരു മരണമുഖത്താണ്. ജീവനില്‍ കൊതി എല്ലാവര്‍ക്കുമുണ്ടല്ലോ ? പക്ഷെ, കരുതലും കരുത്തുമായി സ്വന്തം ജീവനേക്കാള്‍ മറ്റുള്ളവരുടെ ജീവന് മൂല്യം കല്‍പ്പിക്കുന്ന കുറെ ആളുകള്‍ നമ്മുടെ ചുറ്റുമുണ്ട്. ആതുര സേവന രംഗത്ത് പ്രവര്‍ത്തിക്കുന്നവരാണ് അവര്‍. മനുഷ്യര്‍ മുറിവേറ്റ് കിടക്കുന്ന എല്ലായിടങ്ങളിലും എല്ലാക്കാലത്തും അവര്‍ ഉണ്ടായിരുന്നു. അവര്‍ക്കു വേണ്ടി മലയാളത്തിലെ പ്രിയപ്പെട്ട സംഗീത സംവിധായകന്‍ ഔസേപ്പച്ചന്‍ മാഷ് സംഗീതം നല്‍കി റോയ് കാഞ്ഞിരത്താനം രചിച്ച ഈ ഗാനം ഇരുപത് രാജ്യങ്ങളില്‍ നിന്ന് ആതുര സേവന രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ സ്വന്തം ശബ്ദം നല്‍കി അവതരിപ്പിച്ചിരിക്കുന്നു. ലോകത്ത് ആതുരസേവന രംഗത്ത് പ്രവര്‍ത്തിക്കുന്ന എല്ലാവര്‍ക്കുമായി ഈ ഗാനം നിങ്ങള്‍ക്ക് ഞാന്‍ സമര്‍പ്പിക്കുന്നു എന്ന മുഖവുരയോടെയാണു തുടങ്ങുന്നത്.

യുവജനങ്ങളുടെ പ്രിയപ്പെട്ട താരം ടോവിനോ തോമസ് തന്‍റെ ഫേസ്ബുക്ക് പേജില്‍ നഴ്സസ് ഡേയുടെ ആശംസകളോടെ ഇത് പങ്കുവച്ചതോടെ അനേകായിരങ്ങള്‍ ഇത് ആസ്വദിക്കുകയും  ആശംസകള്‍ നേരുകയും ചെയ്തു. നിരവധിയാളുകള്‍ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തതോടെ പാട്ട് വൈറലായി.

ആദ്യവരി പാടിത്തുടങ്ങുന്നത് ഔസേപ്പച്ചന്‍ മാഷ് തന്നെയാണ്. തുടര്‍ന്ന് അയര്‍ലൻഡിലെ സാബു ജോസഫ്, ഇംഗ്ലണ്ടില്‍ നിന്ന് ഡോ.വാണി ജയറാം, സ്കോട്‌ലന്‍ഡിലെ ഡോ. സവിത മേനോന്‍, പിന്നെ സ്വിറ്റ്സര്‍ലൻഡിലെ തോമസ് മുക്കോംതറയില്‍, ബഹ്റൈനിലെ ജെസിലി കലാം, സൗദി അറേബ്യയിലേ ഷാജി ജോര്‍ജ്, ഓസ്ട്രേലിയയിലെ ജെയ്മോന്‍ മാത്യു, സിംഗപ്പൂരിലെ പീറ്റര്‍ സേവ്യര്‍, വെയില്‍സിലെ മനോജ് ജോസ്, ഇറ്റലിയിൽ നിന്നു പ്രീജ സിബി കാനഡയിലെ ജ്യോത്സ്ന മേരി ജോസ്, ഓസ്ട്രിയയിലെ സിറിയക് ചെറുകാട്, ഇസ്രയേലിലെ മഞ്ജു ജോസ്, കുവൈറ്റിലെ അനൈസ് ആനന്ദ്, ജര്‍മനിയിലെ ചിഞ്ചു പോള്‍, യുഎഇയില്‍ നിന്ന് രേഖ ജെന്നി, അയര്‍ലൻഡിലെ ജിബി മാത്യു, നോര്‍ത്തേണ്‍ അയര്‍ലൻഡിലെ സിനി പി.മാത്യു എന്നിവരും വരികളില്‍ സ്വരധാര നിറച്ചു. എല്ലാവരും ഒന്നിനൊന്ന് മെച്ചം ഇരുപതു രാജ്യങ്ങളില്‍ നിന്നുള്ള ഗായകരെ ഏകോപിച്ച്  ഈ ആല്‍ബത്തിന് ചുക്കാന്‍ പിടിച്ചത് സ്കോട്ട്ലണ്ടില്‍ നിന്നും എബിസണ്‍ ജോസാണ്.

'ഒരു സ്നേഹവാക്കിനാല്‍ ഒരു കുഞ്ഞു ഹൃദയത്തില്‍ 

സ്വാന്തനം പകരാന്‍ കഴിഞ്ഞുവെങ്കില്‍,

ഒരുനോക്കിന്‍ കനിവിനാല്‍ ഒഴുകുന്ന മിഴികൾ തന്‍

കണ്ണീര്‍ തുടക്കാന്‍ കഴിഞ്ഞുവെങ്കില്‍,

ഒരു കരുതലായ് തീരാന്‍ കഴിഞ്ഞുവെങ്കില്‍...'

റോയ് കാഞ്ഞിരത്താനത്തിന്‍റെ ഹൃദയം തൊട്ടെഴുതിയ വരികള്‍; ഔസേപ്പച്ചന്‍റെ സ്വര്‍ഗീയമായ സംഗീതം...

സംഗീത സംവിധാന രംഗത്ത് സാങ്കേതികവിദ്യ കാര്യങ്ങള്‍ എത്രത്തോളം എളുപ്പമാക്കിയിരിക്കുന്നു എന്നതിന്‍റെ ഉദാഹരണമാണ് ഈ ഗാനം. ഇതു കാണാതെ പോയാല്‍, കേള്‍ക്കാതെ പോയാല്‍ തീര്‍ച്ചയായും ഒരു മഹാ നഷ്ടമായിരിക്കും.

Video  Link :-

https://youtu.be/SbhQgFB-Acw

https://youtu.be/SbhQgFB-Acw    

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EUROPE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA