sections
MORE

മലയാളി ഡോക്ടർ പൂർണിമയുടെ സംസ്കാരം ഇന്ന്; യുകെയിൽ മരണം 35,704

uk-school
SHARE

ലണ്ടൻ ∙ ഇംഗ്ലണ്ടിൽ ജൂൺ ആദ്യവാരം സ്കൂളുകൾ ഭാഗികമായി തുറക്കുന്നതിനെതിരെ അധ്യാപക യൂണിയനു പിന്നാലെ നിരവധി പ്രാദേശിക കൗൺസിലുകളും രംഗത്തെത്തി. 11 കൗൺസിലുകളാണ് ഇതിനോടകം ശക്തമായ എതിർപ്പറിയിച്ചത്. സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള സാമൂഹിക അകലത്തിന്റെ ചട്ടങ്ങൾ പാലിച്ചും കുട്ടികളുടെ സുരക്ഷ ഉറപ്പാക്കിയും സ്കൂളുകൾ തുറന്നു പ്രവർത്തിപ്പിക്കുക പ്രായോഗികമല്ലെന്നാണ് അധ്യാപകരുടെ പരാതി.

ഇതുതന്നെയാണു കൗൺസിലുകളും മുന്നോട്ടുവയ്ക്കുന്ന എതിർപ്പ്. ഫ്രാൻസിൽ സ്കൂളുകൾ തുറന്ന് ഒരാഴ്ചയ്ക്കകം 70 കുട്ടികൾക്ക് കോവിഡ് രോഗം പിടിപെട്ട വാർത്ത ചൂണ്ടിക്കാട്ടിയാണു കൗൺസിലുകളും അധ്യാപകരും തങ്ങളുടെ എതിർപ്പിനെ ന്യായീകരിക്കുന്നത്. എന്നാൽ സയന്റിഫിക് ആൻഡ് മെഡിക്കൽ അഡ്വൈസിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു തീരുമാനമെന്നും ഇതിൽ മാറ്റമില്ലെന്നുമുള്ള ഉറച്ച നിലപാടാണ് സർക്കാരിനുള്ളത്.

ജൂൺ ഒന്നുമുതൽ ഇംഗ്ലണ്ടിൽ നഴ്സറി, ഒന്നാം ക്ലാസുകളും ആറാം ക്ലാസും തുറക്കുമെന്നാണ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ അറിയിച്ചിട്ടുള്ളത്. ജിസിഎസ്ഇ, എ-ലെവൽസ് ഒന്നാംവർഷങ്ങളിൽ പരീക്ഷയുൾപ്പെടെയുള്ളവ തീർക്കാനും ക്ലാസ് അസസ്മെന്റിനുമായി ഏതാനും ദിവസങ്ങളിൽ ജൂൺ അവസാനമോ ജൂലൈയിലോ സ്കൂളുകൾ തുറക്കാനും തീരുമാനമുണ്ട്. ബ്രിട്ടനിൽ ഇന്നലെ കോവിഡ് ബാധിച്ച് മരിച്ചത് 363 പേരാണ്. ഇതോടെ രാജ്യത്തെ ആകെ മരണസംഖ്യ 35,704 ആയി. 

ക്യാപ്റ്റൻ ടോം മൂറിന് സർ പദവി

നൂറാം വയസിൽ വീട്ടുമുറ്റത്തെ ഗാർഡനിൽ നടന്ന് എൻ.എച്ച്.എസിനാായി 32 മില്യൺ പൌണ്ട് ചാരിറ്റി ഫണ്ട് സമാഹരിച്ച കേണൽ ടോം മൂറിനെ സർ പദവി നൽകി ആദരിക്കാൻ സർക്കാർ തീരുമാനിച്ചു. 

രണ്ടാം ലോകമഹായുദ്ധത്തിലെ യുദ്ധവീരനായ ക്യാപ്റ്റൻ ടോം മൂർ എൻ.എച്ച്.എസിനായി കേവലം ആയിരം പൌണ്ട് സമ്പാദിക്കുക എന്ന ലക്ഷ്യത്തോടെയാണ് വാക്കറിന്റെ സഹായത്തോടെ സ്വന്തം വീട്ടുമുറ്റത്തെ 25 മീറ്റർ ഗാർഡനിൽ നടന്നു തുടങ്ങിയത്. മാധ്യമങ്ങൾ ഇത് വാർത്തയാക്കിയതോടെ ടോമിറെ അക്കൌണ്ടിലേക്ക് കോടികൾ ഒഴുകിയെത്തി.  കൊറോണ  കാലത്ത് ലോകത്ത് നടന്ന ഏറ്റവും വലിയ ചാരിറ്റി ഇവന്റായി ഇത് മാറി. ഇതോടെ ടോമിന്റെ നൂറാം ജന്മദിന സമ്മാനമായി അദ്ദേഹത്തിന് കേണൽ പദവി നൽകി ആദരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ സർ പദവിയും നൽകുന്നത്. 

കോൺടാക്ട് ട്രേസിങ് സംവിധാനം

രോഗനിയന്ത്രണത്തിനായി ജൂൺ ഒന്നുമുതൽ ലോകോത്തര നിലവാരത്തിലുള്ള കോൺടാക്ട് ട്രേസിങ് സംവിധാനം ബ്രിട്ടനിൽ ആരംഭിക്കുമെന്ന് പ്രധാനമന്ത്രി പാർലമെന്റിൽ അറിയിച്ചു. ഇതിനായി 25,000 ട്രേസർമാരെ റിക്രൂട്ട് ചെയ്തുകഴിഞ്ഞു. സ്കൂൾ തുറക്കുന്നതിനൊപ്പം ആരംഭിക്കുന്ന ട്രേസിംങ് സംവിധാനം മൊബൈൽ ആപ്പിന്റെ സഹായത്തോടെയാകും പ്രാവർത്തികമാക്കുക. ഹോങ്കോങ്, സിങ്കപ്പൂർ, ജർമനി എന്നിവിടങ്ങിൽ വിജയകരമായി നടപ്പിലാക്കിയ ട്രേസിങിലൂടെ രോഗവാഹകരാകാൻ സാധ്യതയുള്ള പതിനായിരത്തോളം പേരെ ദിവസേന ട്രാക്ക് ചെയ്യാൻ കഴിയും.

റോൾസ് റോയ്സിൽ 9000 തസ്തികകൾ റദ്ദാക്കി

കോവിഡിന്റെ പശ്ചാത്തലത്തിൽ വിമാനക്കമ്പനികളെല്ലാം പ്രതിസന്ധിയിലായതോടെ ഏറ്റവും ഭീഷണി നേരിടുന്നത് വിമാനത്തിന്റെ എൻജിനുകൾ നിർമിക്കുന്ന റോൾസ് റോയ്സ് കമ്പനിയാണ്. അടിയന്തരമായി 9000 തസ്തികകൾ റദ്ദാക്കാൻ കമ്പനി തീരുമാനിച്ചു. ലോകത്താകെ 52,000 ജോലിക്കാരുള്ള റോൾസ് റോയ്സിലെ ഈ ജോലി നഷ്ടം ഏറ്റവും അധികം ബാധിക്കുക കമ്പനിയുടെ പ്രധാന പ്ലാന്റുകൾ സ്ഥിതിചെയ്യുന്ന ബ്രിട്ടനിലാകും.  പുതിയ സാഹചര്യത്തിൽ ഓർഡറിലുണ്ടായ വൻ ഇടിവാണ് ഇത്തരമൊരു കടുത്ത നടപടിക്ക് കമ്പനിയെ പ്രേരിപ്പിച്ചത്. 

poornima

ഡോ.പൂർണിമയുടെ സംസ്കാരം ഇന്ന് 

ഒരാഴ്ച മുമ്പ് ഡറമിലെ ബിഷപ് ഓക്ലൻഡിൽ കോവിഡ് ബാധിച്ച് മരിച്ച മലയാളി ഡോക്ടർ പൂർണിമ നായരുടെ (56)  സംസ്കാരം ഇന്നു നടക്കും. സ്റ്റോക്ക്ടൺ ഓൺ ടീസിലെ ക്രിമറ്റോറിയത്തിലാണ് സംസ്കാരം. കോവിഡ് ബാധിച്ച ഡോ. പൂർണിമയെ ചികിൽസിക്കുകയും ശുശ്രൂഷിക്കുകയും ചെയ്ത ഡോക്ടർമാരുടെയും നഴ്സുമാരുടെയും ക്ഷേമത്തിനായി മകൻ വരുൺ സ്വരൂപിക്കുന്ന ഫണ്ടിലേക്ക് നിരവധി പേരാണ് ഇതിനോടകം സംഭാവനകൾ നൽകിക്കഴിഞ്ഞത്.

2000 പൗണ്ട് ലക്ഷ്യമിട്ട് തുടങ്ങിയ ഫണ്ട് ഇപ്പോൾതന്നെ 12,000 പൗണ്ട് കഴിഞ്ഞു. സ്റ്റാഫിന്റെ ക്ഷേമത്തിനായി എന്തെങ്കിലും ചെയ്യണമെന്നത് ഡോ. പൂർണിമയുടെ ആഗ്രഹമായിരുന്നു. ഇക്കാര്യം മരണത്തിനു മുമ്പ് ഭർത്താവ് ഡോ. ബാലപുരിയെ പൂർണിമ അറിയിച്ചിരുന്നു. അമ്മയുടെ അന്ത്യാഭിലാഷം പൂർത്തിയാക്കാനായി മകൻ വരുൺ ആരംഭിച്ച ക്ഷേമഫണ്ടിനെക്കുറിച്ച് ബിബിസിയും വാർത്ത നൽകി. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EUROPE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA