ADVERTISEMENT

ലണ്ടൻ∙ സമ്മർദവും പ്രതിഷേധവും ശക്തമായതോടെ എൻഎച്ച്എസിലെ ഡോക്ടർമാർക്കും നഴ്സുമാർക്കും കെയർറർമാർക്കും ഏർപ്പെടുത്തിയിരുന്ന ഹെൽത്ത് സർചാർജ് പിൻവലിക്കാൻ സർക്കാർ തീരുമാനിച്ചു. സർചാർജ് പിൻവലിക്കില്ലെന്നായിരുന്നു കഴിഞ്ഞദിവസം പ്രധാനമന്ത്രി പാർലമെന്റിൽ പറഞ്ഞത് എന്നാൽ ഇതിനോട് ഭരണപക്ഷ എംപിമാരിൽ നിന്നുപോലും എതിർപ്പ് ഉയർന്നതോടെയാണ് ഇന്നലെ ഉച്ചകഴിഞ്ഞ് ഇതു പിൻവലിക്കാൻ തീരുമാനം ഉണ്ടായത്. എത്രയും വേഗം സർചാർജ് പിൻവലവിക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കാൻ ഹോം ഓഫിസിനും ആരോഗ്യമന്ത്രാലയത്തിനും  നിർദേശം നൽകിയതായി പ്രധാനമന്ത്രിയുടെ വക്താവ് അറിയിച്ചു.

ബ്രിട്ടനിലെ മൈഗ്രന്റ് നഴ്സുമാർക്കും ഡോക്ടർമാർക്കും ഏർപ്പെടുത്തിയിട്ടുള്ള ഹെൽത്ത് സർചാർജ് അതേപടി നലനിർത്തുമെന്നും ഇതിലൂടെ ലഭിക്കുന്ന തൊള്ളായിരം  മില്യൺ പൌണ്ട് ഒഴിവാക്കാൻ ആകില്ലെന്നുമാണ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ബുധനാഴ്ച  പാർലമെന്റിൽ അറിയിച്ചത്. ഈ തുക കണ്ടെത്താൻ മറ്റൊരു സ്രോതസ് ഇല്ലാത്തതിനാൽ തൽകാലം ഇത് തുടരാതെ നിവൃത്തിയില്ലെന്നായിരുന്നു പ്രതിപക്ഷനേതാവ് കെയ്ർ സ്റ്റാമറിന്റെ ചോദ്യത്തിനുള്ള പ്രധാനമന്ത്രിയുടെ മറുപടി. 

കൊറോണ രാജ്യം മുഴുവൻ ആളിപ്പടർന്ന് സംഹാരനൃത്തമാടിയപ്പോൾ അതിനെതിരേ മുന്നിൽനിന്ന് പടനയിച്ചത് മൈഗ്രന്റ് നഴ്സുമാരും ഡോക്ടർമാരുമാണ്. നിരവധി മൈഗ്രന്റ് നഴ്സുമാർക്കും ഡോക്ടർമാർക്കും കെയർറർമാർക്കും ഈ പോരാട്ടത്തിൽ ജീവൻ നഷ്ടമാകുകയും ചെയ്തു. ഇത്തരമൊരു  സാഹചര്യത്തിലാണ് രണ്ടാഴ്ചമുമ്പ് ഹെൽത്ത് സർചാർജ് പുന:പരിശോധിക്കുമെന്ന് ഹോം സെക്രട്ടറി പ്രീതി പട്ടേൽതന്നെ പതിവ് കൊറോണ ബ്രീഫിങ്ങിനിടെ വ്യക്തമാക്കിയത്. മലയാളികൾ ഉൾപ്പെടെയുള്ള ആയിരക്കണക്കിന് എൻഎച്ച്എസിലെ മൈഗ്രന്റ് ജോലിക്കാർ ആശ്വാസത്തോടെയാണ് ഈ വാർത്ത ശ്രവിച്ചത്. 

പിന്നീട് ഇത് സാധ്യമല്ലെന്ന് പ്രധാനമന്ത്രി പറഞ്ഞത് നിരാശയോടെയാണ് എല്ലാവരും ശ്രവിച്ചത്. പ്രതിപക്ഷം ഇത് ശക്തമായ വിമർശനവിഷയമാക്കുയും ചെയ്തു. 

എൻഎച്ച്എസിന്റെ ഹെൽത്ത് സർവീസ് ഉപയോഗിക്കുന്നതിനാണ് മൈഗ്രന്റ് വർക്കേഴ്സിൽനിന്നും സർചാർജ് ഈടാക്കുന്നത്. യൂറോപ്യൻ യൂണിയനു പുറത്തുനിന്നും എത്തിയിട്ടുള്ള നഴ്സുമാരും ഡോക്ടർമാരും നിലവിൽ വർഷം തോറും 400 പൗണ്ടാണ് ഹെൽത്ത് സർചാർജ് നൽകുന്നത്. ഇത് ഒക്ടോബർ മുതൽ 624 പൌണ്ടായി ഉയർത്താനും കഴിഞ്ഞ ബജറ്റിൽ തീരുമാനിച്ചിരുന്നു. നാലു അംഗങ്ങളുള്ള ഒരു നഴ്സിന്റെ കുടുബത്തിന് നിലവിലെ നിരക്കനുസരിച്ച് 1600 പൌണ്ടും പുതുക്കിയ നിരക്കനുസരിച്ച് ഒക്ടോബർ മുതൽ 2500 പൗണ്ടുമാണ് സർചാർജ് നൽകേണ്ടത്. ഇത് ഒഴിവാക്കുന്നത്, ഇന്ത്യയിൽനിന്നും ഉൾപ്പെടെ പുതുതായി ജോലിക്കെത്തുന്നവർക്ക് വലിയ ആശ്വാസമാകുമായിരുന്നു. പരമാവധി 25,000 പൗണ്ടുവരെ മാത്രം ശമ്പളം ലഭിക്കുന്ന നഴ്സുമാരും ജൂനിയർ ഡോക്ടർമാരുമാണ് ഇപ്പോൾ വലിയൊരു തുക സർചാർജ് നൽകി കഷ്ടപ്പെടുന്നത്. 

നിലവിൽ 1,53,000 മൈഗ്രന്റ് വർക്കേഴ്സാണ് വിസാ കാലവധി തീരുംവരെയുള്ള സർചാർജ് മുൻകൂറായി നൽകി ബ്രിട്ടനിൽ കഴിയുന്നത്. ഇതിൽ മഹാഭൂരിപക്ഷവും ആരോഗ്യമേഖലയിൽ പണിയെടുക്കുന്ന ഡോക്ടർമാരും നഴ്സുമാരുമാണ്. നാഷണൽ ഇൻഷുറൻസ് ഉൾപ്പെടെയുള്ള ഇൻകംടാക്സിനു പുറമേയാണ് ഇവരിൽനിന്നും ഈ തുക അഡ്വാൻസായി ഈടാക്കുന്നത്. 

2015ലാണ് സർക്കാർ ഹെൽത്ത് സർചാർജ് ഈടാക്കി തുടങ്ങിയത്.  ആരോഗ്യ പ്രവർത്തകരെ ഒഴിവാക്കിയെങ്കിലും സ്റ്റുഡന്റ് വിസിലും യൂത്ത് മൊബിലിറ്റി സ്കീം വിസയിലും എത്തുന്നവർക്കും ഏർപ്പെടുത്തിയിട്ടുള്ള മുന്നൂറു പൗണ്ടാണ് സർചാർജ് തുടരും. 

ഇന്നലെ മരിച്ചത് 338 പേർ

338 പേരാണ് കോവിഡ് ബാധിച്ച് ഇന്നലെ ബ്രിട്ടനിലെ വിവിധ ആശുപത്രികളിലും നഴ്സിങ് ഹോമുകളിലും മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 36,042 ആയി. 128,340 പേരെയാണ് ഇന്നലെ രാജ്യത്ത് കോവിഡ് പരിശോധനയ്ക്കു വിധേയരാക്കിയത്. ഇതിനോടകം 30 ലക്ഷം പേരെ പരിശോധനയ്ക്കു വിധേയരാക്കി. ഈ മാസം അവസാനത്തോട ദിവസേന രണ്ടുലക്ഷം ടെസ്റ്റുകൾ എന്ന ലക്ഷ്യമാണ് സർക്കാരിനുള്ളത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com