ADVERTISEMENT

ലണ്ടൻ∙ വിദേശ പൗരത്വമുള്ള ഇന്ത്യക്കാർക്ക് അതതു രാജ്യങ്ങളിലെ പാസ്പോർട്ട് പുതുക്കുന്നതിനൊപ്പം ഒസിഐ കാർഡ് പുതുക്കാതെ ഇന്ത്യയിലേക്ക് യാത്രചെയ്യാൻ അനുവദിച്ചിരുന്ന താൽകാലിക ഇളവിന്റെ തീയതി ജൂൺ 30ൽ നിന്നും  ഡിസംബർ 31 വരെ നീട്ടി, വിദേശകാര്യ മന്ത്രാലയം ഉത്തരവിറക്കി. 20 വയസിനു മുമ്പും 50 വയസിനു ശേഷവും പാസ്പോർട്ട് പുതുക്കുന്നവർ അതിനൊപ്പം ഒസിഐ കാർഡ് കൂടി പുതുക്കണമെന്നാണ് നിലവിലുള്ള ചട്ടം. ഇതിനായി ജൂൺ 30 വരെ കാലാവധി അനുവദിച്ച് നേരത്തെ കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഉത്തരവിറക്കിയിരുന്നു. എന്നാൽ പല രാജ്യങ്ങളും ലോക്ക്ഡൌൺ പ്രഖ്യാപിച്ചതോടെ ഇന്ത്യൻ എംബസിയിലെത്തി പലർക്കും ഇക്കാലയളവിനുള്ളിൽ ഒസിഐ പുതുക്കൽ സാധ്യമാകാതെ വന്നു. ഇതു ചൂണ്ടിക്കാട്ടി അമേരിക്ക, കാനഡ, ഓസ്ട്രേലിയ, ന്യൂസിലൻഡ് എന്നിവിടങ്ങളിലെയും  വിവിധ യൂറോപ്യൻ രാജ്യങ്ങളിലെയും ഇന്ത്യൻ സമൂഹം നിരന്തരം നടത്തിയ അഭ്യർഥന മാനിച്ചാണ് ഇതിനുള്ള കാലാവധി ഡിസംബർ 31 വരെ നീട്ടാൽ വിദേശകാര്യ മന്ത്രാലയം തീരുമാനിച്ചത്.

ലോക്ക്ഡൗൺ ചട്ടങ്ങളിൽ ബ്രിട്ടൻ കൂടുതൽ ഇളവുകൾ പ്രഖ്യാപിക്കുമ്പോഴും ദിവസനേ രണ്ടായിരത്തിലധികം പേർ രോഗികളാകുന്ന സ്ഥിതിയാണ് രാജ്യത്ത് നിലനിൽക്കുന്നത്. 2,095 പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. എന്നാൽ ജർമനിയും ഇറ്റലിയും പോലുള്ള മറ്റ് യൂറോപ്യൻ രാജ്യങ്ങളിൽ ആയിരത്തിൽ താഴെ ആളുകൾക്കു മാത്രം രോഗം സ്ഥിരീകരിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇറ്റലിയിൽ ഇന്നലെ രോഗം സ്ഥിരീകരിച്ചത് 593 പേർക്കു മാത്രമാണ്. ജർമനിയിൽ 741 പേർക്കും.  

രാജ്യത്ത് ജോലി നഷ്ടപ്പെട്ടവർക്ക് ശമ്പളത്തോടെ അവധി നൽകുന്ന ഫർലോഗ് സ്കീമിൽ സെപ്റ്റംബറോടെ മാറ്റങ്ങൾ വരുത്തുമെന്ന് ചാൻസിലർ ഋഷി സുനാക് വ്യക്തമാക്കി. സെപ്റ്റംബർ മുതൽ ഇതിനായി ചെലവഴിക്കുന്ന തുകയുടെ പത്തുശതമാനവും, ഒക്ടോബർ മുതൽ 20 ശതമാനവും തൊഴിൽ ഉടമകൾ നൽകണം. 

നിലവിലെ വ്യവസ്ഥകളോടെ ജൂൺ, ജൂലൈ മാസങ്ങളിൽകൂടി പദ്ധതി തുടരും. എന്നാൽ ഓഗസ്റ്റ് മുതൽ തൊഴിൽ ഉടമകൾ നാഷണൽ ഇൻഷുറൻസ് തുകയും പെൻഷൻ വിഹിതവും അടയ്ക്കണം. ജൂലൈയോടെ ബിസിനസ് സ്ഥാപനങ്ങൾ ഭാഗികമായെങ്കിലും തൊഴിലാളികളെ തിരികെ എത്തിച്ചു തുടങ്ങണമെന്നും ചാൻസിലർ വ്യക്തമാക്കി. 

സ്വയം തൊഴിലുകാർക്ക് അനുവദിച്ചിരുന്ന പദ്ധതിയുടെ കാലാവധി മൂന്നുമാസം കൂടി നീട്ടി. ഇവർ മുമ്പ് സമ്പാദിച്ചിരുന്ന വരുമാനത്തിന്റെ 70 ശതമാനം വരുന്ന തുകയാണ് ഗ്രാന്റായി നൽകുന്നത്. ഇതിന് ക്യാപ്പായി നിശ്ചയിച്ചിരുന്ന തുക 6,570 പൌണ്ടായി കുറയ്ക്കും. 

84 ലക്ഷം ആളുകളാണ് നിലവിൽ ഫർലോഗ് പദ്ധതിയുടെ ഗുണഫലം അനുഭവിക്കുന്നത്. സെൽഫ് എംപ്ലോയ്മെന്റ് സപ്പോർട്ട് സ്കീമിന്റെ ഫലം അനുഭവിക്കുന്നവർ 26 ലക്ഷവും. ലോക്ക്ഡൗൺ കാലത്ത് സർക്കാർ ഏറ്റവും പണം ചെലവഴിക്കുന്നത് ഇതിനായാണ്. 

രാജ്യത്ത് ഇതുവരെ ലോക്ക്ഡൗൺ ചട്ടങ്ങൾ ലംഘിച്ചതിന് 17,000 പേർക്ക് പിഴശിക്ഷ നൽകി. 18നും 24നും മധ്യേ പ്രായമുള്ളവരാണ് പിഴശിക്ഷ ലഭിച്ചവരിൽ മഹാഭൂരിപക്ഷവും. 

നാഷണൽ ട്രസ്റ്റിനു കീഴിൽ പ്രവർത്തിക്കുന്ന പാർക്കുകളും പൂന്തോട്ടങ്ങളും ഹെറിറ്റേജ് സെന്ററുകളും ജൂൺ മൂന്നുമുതൽ പ്രവർത്തന തുടങ്ങും. ഇവ തുറക്കുന്നതോടെ നല്ല കാലാവസ്ഥയിൽ ആളുകൾക്ക് സാമൂഹിക അകലം പാലിച്ച് ഉല്ലസിക്കാൻ ഇഷ്ടംപോലെ ഇടമാകും. രാജ്യത്തെ ഏറ്റവും വലിയ കൺസർവേഷൻ ചാരിറ്റിയായ നാഷണൽ ട്രസ്റ്റിന് മുന്നൂറിലധികം ചരിത്രസ്മാരകങ്ങളുടെയും 800 മൈലോളം തീരത്തിന്റെയും നിരവധി ഉദ്യാനങ്ങളുടെയും സംരക്ഷണ ചുമതലയാണുള്ളത്. 

കോവിഡ് ഏറെ നാശം വിതച്ച സ്പെയിനിൽ പാവപ്പെട്ട കുടുബങ്ങൾക്ക് മാസംതോറും 410 പൗണ്ട് നേരിട്ടു നൽകാനുള്ള പദ്ധതിക്ക് സർക്കാർ തീരുമാനിച്ചു. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com