ADVERTISEMENT

ലണ്ടൻ ∙ പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള വന്ദേഭാരത് മിഷന്റെ മൂന്നാംഘട്ടത്തിൽ ബ്രിട്ടനിൽ നിന്നും, കൊച്ചിയിലേക്ക് ഉൾപ്പെടെ അഞ്ചു നഗരങ്ങളിലേക്ക് എയർ ഇന്ത്യാ വിമാനങ്ങൾ പ്രത്യേക സർവീസ് നടത്തും. ജൂൺ 21നാണ് ലണ്ടൻ ഹിത്രൂ വിമാനത്താവളത്തിൽനിന്നും മുംബൈ വഴി കൊച്ചിയിലേക്കുള്ള വിമാനം. 21ന് രാത്രി പത്തിന് ഹീത്രിവിൽനിന്നും പുറപ്പെടുന്ന വിമാനം പിറ്റേന്ന് രാവിലെ 11.20ന് മുംബൈയിലെത്തും. അവിടെനിന്നും 12.50 പുറപ്പെട്ട് 2.50ന് കൊച്ചിയിൽ ഇറങ്ങും. 

വന്ദേഭാരത് മിഷനിൽ ബ്രിട്ടനിൽനിന്നും കേരളത്തിലേക്ക് ലഭിക്കുന്ന രണ്ടാമത്തെ വിമാനമാണിത്. മിഷന്റെ രണ്ടാംഘട്ടത്തിൽ, മേയ് 19ന് വിജയവാഡയിലേക്ക് പോയ വിമാനം കൊച്ചി വഴിയായിരുന്നു യാത്ര ചെയ്തിരുന്നെങ്കിലും കഷ്ടിച്ച് നൂറിലേറെ മലയാളികൾക്ക് മാത്രമാണ് അതിൽ ടിക്കറ്റ് ലഭിച്ചത്. മൂന്നാം ഘട്ടത്തിലെ വിമാനം കൊച്ചിയിലേക്ക് മാത്രമായതിനാൽ മുന്നൂറിലേറെ യാത്രക്കാർക്ക് അവസരം ലഭിക്കും. 

കൊച്ചിയ്ക്കു പുറമെ 18ന് ഡൽഹി വഴി ബാംഗ്ലൂർക്കും, 19ന് ഡൽഹിവഴി വിജയവാഡയ്ക്കും 20ന് ഡൽഹി വഴി കൊൽക്കത്തയ്ക്കും, 22ന് മുംബൈ വഴി അഹമ്മദാബാദിനുമാണ് ബ്രിട്ടനിൽനിന്നുള്ള മറ്റ് സർവീസുകൾ. ഇതിനോടകം വന്ദേഭാരത് മിഷന്റെ രണ്ടുഘട്ടങ്ങളിലെ 11 വിമാനങ്ങളിലായി മൂവായിരത്തിലധികം ഇന്ത്യക്കാരാണ് ബ്രിട്ടനിൽനിന്നും ഇന്ത്യയിലേക്ക് യാത്ര തിരിച്ചത്. 

ഇന്ത്യൻ ഹൈക്കമ്മിഷന്റെ വെബ്സൈറ്റിൽ പേര് റജിസ്റ്റർ ചെയ്തവരിൽനിന്നും മുൻഗണനാക്രമത്തിൽ തിരഞ്ഞെടുക്കപ്പെടുന്നവർക്കാകും ഇത്തവണയും എയർ ഇന്ത്യയിൽനിന്നും ബന്ധപ്പെട്ട് ടിക്കറ്റുകൾ നൽകുക. ഒസിഐ കാർഡുള്ളവരിൽനിനിന്നും പ്രത്യേക യാത്രാനുമതി ലഭിച്ചിട്ടുള്ളവർക്കും ഇക്കുറി അവസരം ഉണ്ടാകും. രോഗികൾ, ഗർഭിണികൾ, മുതിർന്ന പൗരന്മാർ, വീസാ കലാവധി അവസാനിച്ചവർ, ഉറ്റവരുടെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കേണ്ടവർ തുടങ്ങിയവർക്കാണ് മുൻഗണന. വിവിധ രാജ്യങ്ങളിനിന്നും നൂറിലേറെ വിമാനസർവീസുകളാണ് വന്ദേഭാരത് മിഷന്റെ മൂന്നാംഘട്ടത്തിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com