ADVERTISEMENT

ലണ്ടൻ∙ തൊണ്ണൂറ്റിനാലാം വയസിലും വിരസതയകറ്റാനും ഉല്ലാസത്തിനുമായി കുതിര സവാരി നടത്തുന്ന എലിസബത്ത് രാജ്ഞിയായിരുന്നു ഇന്നലെ ബ്രിട്ടനിലെ വാർത്താ താരം. ഭർത്താവ് ഫിലിപ്പ് രാജകുമാരനുമൊത്ത് ലോക്ക്ഡൗൺ കാലം ചെലവഴിക്കുന്ന വിൻസർ കൊട്ടാരത്തിലെ ഉദ്യാനത്തിലൂടെ കുതിരപ്പുറത്ത് സഞ്ചരിക്കുന്ന രാജ്ഞിയുടെ ചിത്രം ഇതിനോടകം ലോകമെങ്ങും വൈറലായിക്കഴിഞ്ഞു. ചുവന്ന സ്കാർഫും കോട്ടുമണിഞ്ഞ് തന്റെ കുട്ടിക്കുതിരയുടെ പുറത്ത് യാത്രചെയ്യുന്ന രാജ്ഞിയുടെ ചിത്രം ബക്കിംങ്ങാം പാലസാണ് പുറത്തുവിട്ടത്. രാജ്ഞിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള എല്ലാ ആശങ്കകളും അകറ്റുന്നതാണ് ഈ ചിത്രം. 

ലോക്ക്ഡൗൺ ഇളവുകളുടെ ഭാഗമായി ബ്രിട്ടനിൽ സ്കൂളുകൾ ഭാഗികമായി തുറന്ന ദിവസമായിരുന്നു ഇന്നലെ. റിസംപ്ഷൻ,  ഒന്ന്, ആറ് ക്ലാസുകളായിരുന്നു തുറന്നത്. പല സ്കൂളുകളിലും പകുതിയിൽ താഴെ മാത്രമായിരുന്നു കുട്ടികൾ ഹാജരായത്. ചിലയിടത്ത് സ്കൂൾ തുറന്നതേയില്ല. അധ്യാപകരിലും രക്ഷിതാക്കളിലും നല്ലൊരു ഭാഗം ഇപ്പോഴും സർക്കാർ തീരുമാനത്തെ പരസ്യമായി എതിർക്കുകയാണ്. എന്നാൽ പത്താഴ്ചയായി അടഞ്ഞുകിടന്ന സ്കൂളിലേക്ക് സന്തോഷത്തോടെ എത്തിയവരും നിരവധിയായിരുന്നു. 

queen-elizabeth-2

ഇംഗ്ലണ്ടിൽ ലോക്ക്ഡൌൺ ചട്ടങ്ങളിൽ ഒട്ടേറെ ഇളവുകൾ പ്രഖ്യാപിച്ചെങ്കിലും ആളുകൾ കണ്ടമാനം അടുത്ത് ഇടപഴകുന്നതിനെ നിരുൽസാഹപ്പെടുത്താൻ പുതിയൊരു നിയമം പാസാക്കിയിരിക്കുകയാണ് സർക്കാർ.   സൗഹൃദം ആകാമെങ്കിലും മറ്റൊരു വീട്ടിൽ തങ്ങാനോ കൂടെ താമസിക്കുന്നവരുമായല്ലാതെ ലൈംഗീക ബന്ധത്തിൽ ഏർപ്പെടാനോ പാടില്ല എന്നതാണിത്.  പങ്കാളിയായാലും സുഹൃത്തായാലും ഈ നിയമം ലംഘിച്ചാൽ രണ്ടുപേരും അകത്താകും. 

111 പേരാണ് ഇന്നലെ ബ്രിട്ടനിൽ കോവിഡ് ബാധിച്ച് മരിച്ചത്. പുതുതായി രോഗം സ്ഥിരീകരിച്ചത് 1570 പേർക്കും.  മാർച്ച് 24നു ശേഷമുള്ള ഏറ്റവും കുറഞ്ഞ മരണനിരക്കും രോഗവ്യാപന നിരക്കുമാണിത്. രാജ്യത്തെ ആകെ മരണസംഖ്യ ഇന്നലെ 39,045 ആയി ഉയർന്നു. 

പ്രതിദിനം രണ്ടുലക്ഷത്തി ആറായിരം ടെസ്റ്റുകൾ നടത്താനുള്ള സംവിധാനം ഇപ്പോൾ ബ്രിട്ടണിലുണ്ട്. എന്നാൽ 128,437 പേരാണ് ഇന്നലെ ടെസ്റ്റിന് വിധേയരായത്. രോഗലക്ഷണങ്ങളുള്ള ആർക്കും ഇപ്പോൾ എൻഎച്ച്എസ് വെബ്സൈറ്റിലോ 119 എന്ന ഹെൽപ് ലൈൻ നമ്പരിലോ വിളിച്ച് ടെസ്റ്റിന് വിധേയരാകാം. രോഗം സംശയിക്കുന്നവരെല്ലാം ഇതിന് തയാറാകണമെന്നും ആരോഗ്യ സെക്രട്ടറി മാറ്റ് ഹോനോക്ക് പ്രതിദിന വാർത്താസമ്മേളനത്തിൽ അഭ്യർഥിച്ചു. 

പണം തട്ടിപ്പ്- ഇന്ത്യക്കാർക്ക് തടവുശിക്ഷ

ബ്രിട്ടനിൽ വൻതോതിൽ പണത്തട്ടിപ്പ് നടത്തിയ രണ്ട് ഇന്ത്യക്കാർക്ക് ലണ്ടനിലെ ക്രോയിഡൺ ക്രൗൺ കോടതി 12 വർഷവും ഒമ്പതു മാസവും തടവുശിക്ഷ വിധിച്ചു. വിജയകുമാർ കൃഷ്ണസ്വാമി (32), ചന്ദ്രശേഖർ നല്ലായൻ (44)  എന്നിവരാണു ശിക്ഷിക്കപ്പെട്ടത്. വിവിധ ബാങ്ക് അക്കൗണ്ടുകളിൽനിന്നും 2.4 മില്യം പൗണ്ടാണ് ഇവർ അടിച്ചുമാറ്റിയത്. ഇതിനു പുറമെ കള്ളപ്പണം വെളുപ്പിക്കാനും ഇവർ ശ്രമിച്ചുവെന്ന് സ്കോട്ട്ലൻഡ് യാർഡ് സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com