ADVERTISEMENT

ബർലിൻ ∙ ജർമനിയിൽ കോവിഡ് വ്യാപനം കുറയുന്നതായി ഇന്നു പുറത്ത് വന്ന കണക്കിൽ സൂചന. രാജ്യത്ത് നിലവിൽ 6400 പേർക്ക് മാത്രമാണ് കോവിഡ് ബാധയുള്ളത്. ആകെ ജർമനിയിൽ കോവിഡ് ബാധിച്ചവരുടെ സംഖ്യ 1,83,873 ഇതിൽ 1,66,700 പേർ സുഖം പ്രാപിച്ചു. 8300 പേർ മരണമടഞ്ഞു.

കഴിഞ്ഞ മൂന്നാഴ്ചയായി ജർമനിയിലെ കോവിഡ് നിയന്ത്രണങ്ങളിൽ വൻ ഇളവുകൾ സർക്കാർ പ്രഖ്യാപിക്കുന്നു. ഈ മൂന്നാഴ്ചകളിൽ കോവിഡ് ബാധിതരുടെ സംഖ്യ കുറയുകയായിരുന്നു. കൊറോണ വൈറസിന്റെ രണ്ടാം വ്യാപനം ഉണ്ടായിട്ടില്ല എന്നാണു ജർമൻ ആരോഗ്യവകുപ്പിന്റെ വെളിപ്പെടുത്തൽ.

ജലാശയത്തിലും കോവിഡ് നിയന്ത്രണങ്ങൾക്കെതിരെ പ്രകടനം :

ജർമനിയിലെ കോവിഡ് നിയന്ത്രണങ്ങൾ എടുത്ത് കളയണമെന്ന് ആവശ്യപ്പെട്ടു നൂതനമായ ജലാശയ പ്രതിഷേധം ബർലിനിൽ നടന്നു. കഴിഞ്ഞ ദിവസം ബർലിൻ ക്രോയിസ്‌ബർഗ് തടാകത്തിൽ ബോട്ടുകളുമായി എത്തിയാണ് ആയിരങ്ങൾ പ്രകടനം നടത്തിയത്. കോവിഡ് നിയന്ത്രണങ്ങൾ കാറ്റിൽ പറത്തി നടന്ന പ്രകടനം പൊലീസിന് കണ്ട് നിൽക്കാനെ കഴിഞ്ഞുള്ളൂ.

ഇതിനിടയിൽ ബർലിൻ നഗരത്തിൽ മുപ്പത്തിയഞ്ച് പേർക്ക് പുതുതായി കോവിഡ് ബാധിച്ചു. ഇനിയും ബർലിൻ നഗരത്തിൽ 300 ലധികം പേർക്ക് കോവിഡ് ബാധയുണ്ടാകുമെന്ന്  കണക്ക്.ജർമനിയിലെ കോവിഡ് ബാധകരുടെ റെഡ് സ്പോട്ടായി ബർലിൻ നഗരം മാറിയെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകി.

ഇറ്റലി ഇന്നു മുതൽ അതിർത്തികൾ തുറന്നു 

കോവിഡ് മൂലം കഴിഞ്ഞ മൂന്ന് മാസമായി അടഞ്ഞ് കിടന്ന ഇറ്റാലിയൻ അതിർത്തികൾ യൂറോപ്യൻ രാജ്യങ്ങൾക്കായി ഇന്നു മുതൽ തുറന്നു. 26 യൂറോപ്യൻ രാജ്യങ്ങളിലെ പൗരന്മാർക്ക് പുറമെ  ബ്രിട്ടൻ, നോർവെ, സ്വിറ്റ്സർലൻഡ് എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്കും പ്രവേശനാനുമതി നൽകിയിട്ടുണ്ട്.

നിലവിൽ ഇറ്റലിയിൽ 20,000 പേർക്ക് കോവിഡ് ബാധയുണ്ടെന്നാണ് കണക്ക്. രാജ്യത്ത് ആകെ 2,33,515 പേർക്ക് കോവിഡ് ബാധയുണ്ടായി. 33530 പേർ ഇറ്റലിയിൽ കോവിഡ് മൂലം മരണമടഞ്ഞു.യൂറോപ്പിൽ വേനൽക്കാല അവധി ഉടനടി ആരംഭിക്കുകയാണ്. ഇറ്റാലിയൻ കടൽത്തീരങ്ങളിലേക്കാണ് വിനോദ സഞ്ചാരികളെ  ഇറ്റാലിയൻ സർക്കാർ ക്ഷണിക്കുന്നത്. ഇവരുടെ ക്ഷണം മറ്റുള്ളവർ സ്വീകരിക്കുമോ – കാത്തിരുന്ന് കാണുക എന്ന നയമാണ് ജർമൻ സർക്കാർ ഇതുവരെ സ്വീകരിച്ചിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com