ADVERTISEMENT

സൂറിക് ∙ ഇന്ത്യയിൽ നിന്നുള്ള യാത്രികർക്ക് ഷെൻഗണർ രാജ്യങ്ങളിലേക്കുള്ള യാത്രാനുമതി നീളുമെന്ന് വിവിധ യൂറോപ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. യൂറോപ്യൻ യൂണിയന്റെ ബാഹ്യ അതിർത്തികൾ ജൂലൈ ഒന്നിന് തുറന്നാലും, ഇന്ത്യ, യു.എസ്, ബ്രസീൽ, മെക്സിക്കോ, റഷ്യ എന്നീ കോവിഡ് രൂക്ഷതയുള്ള രാജ്യങ്ങളിൽ നിന്നുള്ളവർക്ക്‌ ആദ്യ ഘട്ടത്തിൽ പ്രവേശനം അനുവദിക്കില്ല. അതേസമയം, ഓസ്‌ട്രേലിയ, ന്യൂസിലൻഡ് പോലുള്ള കൊറോണ രൂക്ഷത കുറഞ്ഞ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വരാവുന്നതാണ്. ഇതിനനുസരിച്ചായിരിക്കും വിമാന സർവീസുകൾ പുനഃരാരംഭിക്കുക.

ജൂലൈ ഒന്നിന് ഷെൻഗണർ അതിർത്തികൾ വീണ്ടും തുറക്കുമ്പോൾ, യൂറോപ്യൻ യൂണിയനിലേക്ക് പോകാൻ അനുവദിക്കുന്ന രാജ്യങ്ങളുടെ പട്ടിക അന്തിമ ഘട്ടത്തിലാണെങ്കിലും, കോവിഡ് രൂക്ഷ ബാധിത മേഖലയിൽ പെടുന്നതാണ് യൂറോപ്പിൽ നിന്ന് ഇന്ത്യയിലേക്കും, തിരിച്ചുമുള്ള യാത്രയ്ക്ക് തടസം ആകുന്നത്. നിലവിലുള്ളതുപോലെ രാജ്യങ്ങളുടെ പ്രത്യേക അനുമതിയുള്ള ചാർട്ടേർഡ് വിമാനങ്ങളിൽ ഇരു രാജ്യങ്ങളിലെയും പൗരന്മാർക്കോ, റസിഡന്റ് പെർമിറ്റുള്ളവർക്കോ യാത്ര ചെയ്യാം. എന്നാൽ വിമാന കമ്പനികളുടെ സാദാ സർവീസിനായുള്ള കാത്തിരിപ്പ് തുടരുമെന്നാണ് യൂറോപ്യൻ യൂണിയൻ ആസ്ഥാനത്തു നിന്നുള്ള സൂചനകൾ. എന്നാൽ ഷെൻഗണർ പരിധിയിൽ വരാത്തതുകൊണ്ട് ബ്രിട്ടന് ഇ.യു നിയന്ത്രങ്ങൾ ബാധകമല്ല.

ന്യൂയോർക്ക് ടൈംസ് പറയുന്നതനുസരിച്ച്, കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ യൂറോപ്യൻ യൂണിയനിൽ പുതിയ കോവിഡ് അണുബാധകളുടെ എണ്ണം ഒരു ലക്ഷത്തിന് 16 ആണ്. അതേസമയം യുഎസിൽ ഇത് 107 ഉം, ബ്രസീലിൽ 190 ഉം, റഷ്യയിൽ 80 ഉം ആണ്. ആദ്യ ഘട്ടത്തിൽ അനുമതിയില്ലാത്ത രാജ്യങ്ങളെ കോവിഡ് സ്ഥിതിഗതികൾ മെച്ചപ്പെടുന്ന മുറയ്ക്ക് അനുമതി ലിസ്റ്റിൽ ചേർക്കാനോ പിൻവലിക്കാനോ കഴിയും. യൂറോപ്യൻ യൂണിയന്റെ ശരാശരിയേക്കാൾ തുല്യമോ, മികച്ചതോ ആണെങ്കിൽ മാത്രമേ രാജ്യങ്ങൾക്ക് അനുമതി നൽകാവൂ എന്നാണ് ഇ.യു മാനദണ്ഡം. ഇ.യു കമ്മിഷന്റെ മാർഗ നിർദേശങ്ങൾ ഇത്തരത്തിലാണെങ്കിലും, അംഗ രാജ്യങ്ങൾക്ക് യാത്രാനുമതി വിഷയത്തിൽ അന്തിമ തീരുമാനങ്ങൾ സ്വീകരിക്കാനും സ്വതന്ത്രാനുമതിയുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com