sections
MORE

ബ്രിട്ടനിൽ സാമൂഹിക അകലം ഒരു മീറ്ററാക്കും; ജൂലൈ 4 മുതൽ പബ്ബും പള്ളികളും തുറക്കും

BRITAIN-HEALTH-VIRUS
SHARE

ലണ്ടൻ∙ ജൂലൈ നാലു മുതൽ ബ്രിട്ടനിൽ ഹോട്ടലുകളും പബ്ബുകളും ബാർബർഷോപ്പുകളും തുറക്കുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ അറിയിച്ചു. നിലവിലെ രണ്ടുമീറ്റർ സാമൂഹിക അകലം ഇംഗ്ലണ്ടിൽ ഒരുമീറ്ററായി കുറയ്ക്കാനും തീരുമാനമായി. എന്നാൽ സ്കോട്ട്ലൻഡ്, വെയിൽസ്, നോർത്തേൺ അയർലൻഡ് എന്നിവടങ്ങിൽ രണ്ടുമീറ്റർ അകലം തുടരണമോ എന്ന് പ്രാദേശിക ഭരണകൂടങ്ങൾക്ക് തീരുമാനിക്കാം.  സിനിമാ ഹാളുകൾ, മ്യൂസിയങ്ങൾ, ബെഡ് ആൻഡ് ബ്രേക്ക്ഫാസ്റ്റ് ലോഡ്ജുകൾ, ഹോളിഡേ ഹോമുകൾ, ക്യാംപ് സൈറ്റുകൾ, കാരവൻ പാർക്കുകൾ, ബോർഡിംങ് ഹൌസുകൾ, ആരാധനാലയങ്ങൾ, ലൈബ്രറി, ജോലിസ്ഥലങ്ങളിലെ കന്റീനുകൾ, ആർട്ട് ഗാലറികൾ, പൊതു കളിസ്ഥലങ്ങൾ, ഫൺ ഫെയറുകൾ, തീം പാർക്കുകൾ, മോഡൽ വില്ലേജുകൾ, ബിൻഗോ  എന്നിവയാണ് ജൂലൈ നാലുമുതൽ തുറക്കാൻ അനുവദിക്കുന്നത്. 

എന്നാൽ നൈറ്റ് ക്ലബ്ബുകൾ. ബോളിങ് സെന്ററുകൾ, സ്പാകൾ, നെയിൽ ബാറുകൾ, ടാറ്റൂ പാർലറുകൾ, ജിംനേഷ്യങ്ങൾ, സ്വിമ്മിങ്ങ് പൂളുകൾ, വാർട്ടർ പാർക്കുകൾ, കോൺഫറൻസ് ഹാളുകൾ എന്നിവയ്ക്ക് അനുമതിയില്ല. 

പുതിയ ഇളവുകൾ

 പ്രാബല്യത്തിലാക്കാൻ ആവശ്യമായ നിയമനിർമാണം ഈയാഴ്ച പർലമെന്റിൽ നടക്കും. 

കുട്ടികളുടെ സംരക്ഷണത്തിന് ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സഹായം തേടാൻ ജൂലൈ നാലുമുതൽ മാതാപിതാക്കളെ അനുവദിക്കും. 

കോവിഡ് ബാധയുടെ വിശദാംശങ്ങൾ നൽകാൻ ദിവസേന വൈകിട്ട് അഞ്ചിന് ഡൌണിംങ് സ്ട്രീറ്റിൽ പ്രധാനമന്ത്രിയോ മന്ത്രിമാരോ നടത്തിവന്ന വാർത്താസമ്മേളനം ഇന്നലെകൊണ്ട് അവസാനിച്ചു. ഇനിമുതൽ അത്യാവശ്യ സന്ദർഭങ്ങളിൽ മാത്രമാകും ഈ പ്രസ് ബ്രീഫിംങ്. മാർച്ച് 16 മുതലാണ് ഈ ഡെയ്ലി ബ്രിഫിംങ് ആരംഭിച്ചത്. 

ഇംഗ്ലണ്ട് പര്യടനത്തിനായി എത്തുന്ന പത്ത് പാക്കിസ്ഥാൻ ക്രിക്കറ്റ് താരങ്ങൾക്ക് വിമാനം കയറുന്നതിനു മുമ്പ് നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചതോടെ മൂന്നു ടെസ്റ്റുകളും മൂന്ന് 20-20 മൽസരങ്ങളും ഉൾപ്പെടുന്ന പരമ്പര നടക്കുമോ എന്ന് ഉറപ്പില്ലാതായി. 

ബ്രിട്ടനിലെ ഇന്ത്യയുടെ പുതിയ ഹൈക്കമ്മിഷണറായി ഗായത്രി ഇസ്സാർ കുമാർ ചുമതലയേറ്റു. നിലവിലെ ഹൈക്കമ്മിഷണർ രുചി ഘനശ്യാം വിരമിച്ച ഒഴിവിലാണ് ഗായത്രിയുടെ നിയമനം. നിലവിൽ ബൽജിയത്തിലെ ഇന്ത്യയുടെ അംബാസിഡറായിരുന്നു ഗായത്രി. പഴയ ഹൈമ്മിഷണർ വിരമിച്ചതും പുതിയ ഹൈക്കമ്മിഷണർ ചുമതലയിൽ എത്താതിരുന്നതും ലോക്ക്ഡൗൺ കാലത്ത് നാമമാത്രമായി മാത്രം പ്രവർത്തിക്കുന്ന ഹൈക്കമ്മിഷന്റെ പ്രവർത്തനങ്ങൾ അവതാളത്തിലാക്കിയിരുന്നു.  

രാജ്യത്തെ കോവിഡ് മരണങ്ങൾ ശരാശരി 121 എന്ന നിലയിലേക്ക് താഴ്ന്നു. കോവിഡ് ബാധിച്ച് രാജ്യത്ത് ഇതിനോടകം 54,000 പേർ മരിച്ചതായാണ് ഓഫിസ് ഓഫ് നാഷണൽ സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. സർക്കാരിന്റെ ഔദ്യോഗിക സംഖ്യ ഇതിനേക്കാൾ 12,000 കുറവാണ്. 340 പേർ മാത്രമാണ് ഇപ്പോൾ ബ്രിട്ടനിൽ വെന്റിലേറ്റർ സഹായത്തോടെ ചികിൽസയിലുള്ളത്. ദിവസേന രോഗികളാകുന്നവരുടെ എണ്ണവും ആയിരത്തിൽ താഴെയായി. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EUROPE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA