sections
MORE

ബ്രിട്ടനിലേക്കു വരാനും ബ്രിട്ടീഷുകാർക്ക് പോകാനും പത്തു രാജ്യങ്ങളിലേക്ക് ട്രാവൽ കോറിഡോർ

uk-covid1921
SHARE

ലണ്ടൻ∙ ക്വാറന്റീൻ ഇല്ലാതെ ബ്രിട്ടീഷുകാർക്ക് പോകാനും ബ്രിട്ടനിലേക്കു വരാനും യൂറോപ്പിലെ പത്തു രാജ്യങ്ങളിലേക്ക് ട്രാവൽ കോറിഡോർ തുറക്കും. ഫ്രാൻസ്, ഇറ്റലി, സ്പെയിൻ, ഗ്രീസ്, ബൽജിയം, ജർമനി. നോർവേ, നെതർലൻഡ്സ്, ടർക്കി, ഫിൻലൻഡ് എന്നീ രാജ്യങ്ങൾക്കാകും ക്വാറന്റീൻ നിബന്ധനകളിൽ തൽകാലം ഇളവ് അനുവദിക്കുക. ബ്രിട്ടീഷുകാരുടെ ഇഷ്ടപ്പെട്ട സഞ്ചാരകേന്ദ്രങ്ങളാണെങ്കിലും രോഗബാധ നിയന്ത്രണവിധേയമാകാത്ത പോർച്ചുഗൽ, സ്വീഡൻ എന്നീ രാജ്യങ്ങളെ ഈ ലിസ്റ്റിൽ തൽക്കാലം ഉൾപ്പെടുത്താൻ ഇടയില്ല. 

നിലവിലെ ക്വാറന്റീൻ നിബന്ധനകളുടെ കാലാവധി ജൂൺ 29ന് അവസാനിക്കുകയാണ്. പുതിയ റിവ്യൂവിൽ ട്രാവൽ കോറിഡോർ സർക്കാർ പരിഗണിക്കും എന്നാണ് വാർത്തകൾ. ബ്രിട്ടനിൽ കൂടുതൽ ലോക്ക്ഡൗൺ ഇളവുകൾ പ്രാബല്യത്തിൽ വരുന്ന ജൂലൈ  നാലു മുതലാകും ട്രാവൽ കോറിഡോറും യാഥാർഥ്യമാകുക. തിങ്കളാഴ്ചയോടെ ഇക്കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനങ്ങൾ ഉണ്ടാകും. 

ലോക്ക് ഡൗൺ പഴയകഥ, ഈച്ചക്കാലിന് ഇടയില്ലാതെ ബ്രിട്ടനിലെ ബീച്ചുകൾ

വേനൽ കടുത്തതോടെ ഈച്ചക്കാലിന് ഇടയില്ലാതെയാണ് ബ്രിട്ടനിലെ ബീച്ചുകളിൽ ആളുകൾ തടിച്ചുകൂടുന്നത്. അമേരിക്ക കഴിഞ്ഞാൽ കോവിഡ് ഏറ്റവും കൂടുതൽ ആളുകളുടെ ജീവനെടുത്ത രാജ്യത്താണ് എല്ലാം മറന്നുള്ള ആളുകളുടെ ഈ തീക്കളി. ജനങ്ങൾ സ്വയം നിയന്ത്രിച്ചില്ലെങ്കിൽ കോവിഡിന്റെ രണ്ടാംവരവ് വിദൂരമല്ലെന്ന മുന്നറിയിപ്പൊന്നും ആരും ഗൗനിക്കുന്നില്ല. 

ഏറ്റവും ചൂടേറിയ ദിവസങ്ങളാണ് ഈയാഴ്ച  ബ്രിട്ടനിൽ പലേടത്തും 33 ഡിഗ്രിവരെ  ചൂട് രേഖപ്പെടുത്തി. ചിലയിടങ്ങളിൽ ഉഷ്ണക്കാറ്റും തണ്ടർസ്റ്റോമും ഉണ്ടാകുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. 

1976ൽ രേഖപ്പെടുത്തിയ 35.6 ഡിഗ്രിയാണ് ഇതുവരെ ജൂൺമാസത്തിൽ ബ്രിട്ടനിൽ രേഖപ്പെടുത്തിയിട്ടുള്ള റെക്കോർഡ് താപനില. ഇക്കുറി ഇതിനെ കടത്തിവെട്ടുന്ന ചൂടുണ്ടാകുമെന്നാണ് പ്രവചനം. 

ബോൺമൗത്ത്, ചെഷെയർ, ഡെർബിഷെയർ, ബ്രൈറ്റൺ, ബ്ലാക്ക്പൂൾ, മാർഗേറ്റ്, ഹെരൺ ബേ, സൗത്ത് എൻഡ് തുടങ്ങിയ പ്രധാന ബീച്ചുകളെല്ലാം ദിവസവും രാവിലെ മുതൽ ജനനിബിഡമാണ്. ലണ്ടൻ ഉൾപ്പെടെയുള്ള നഗരമധ്യത്തിലെ പാർക്കുകളിലും സമാനമായ രീതിയിലാണ് ജനക്കൂട്ടം.

കൂട്ടം കൂടുന്നവർക്ക് പേടിയില്ലെങ്കിലും കാണുന്നവരിൽ ഭയം ജനിപ്പിക്കുന്നതാണ് ഈ ഉല്ലാസങ്ങൾ. ബോൺമോത്ത് ബീച്ചിൽ നിയന്ത്രണങ്ങളില്ലാതെ ജനം തടിച്ചുകൂടിയത് ഒടുവിൽ മേജർ ഇൻസിഡന്റായി പോലും സർക്കാരിന് പ്രഖ്യാപിക്കേണ്ടി വന്നു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EUROPE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA