sections
MORE

കോവിഡിന്റെ രണ്ടാംവരവ്, ബ്രിട്ടനിലെ 'മിനി ഇന്ത്യ'യിൽ സമ്പൂർണ ലോക്ക്ഡൗൺ

covid-pic
SHARE

ലണ്ടൻ∙ നിരവധി മലയാളികൾ അടക്കം പതിനായിരക്കണക്കിന് ഇന്ത്യക്കാർ പാർക്കുന്ന ബ്രിട്ടീഷ് നഗരമായ ലെസ്റ്ററിൽ കോവിഡ് രോഗം വീണ്ടും വ്യാപകമായതോടെ നഗരം അടച്ചു. ഇന്നുമുതൽ രണ്ടാഴ്ചത്തേക്ക് സമ്പൂർണ ലോക്ക്ഡൗണാണ് ലെസ്റ്ററിൽ പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞയാഴ്ച ബ്രിട്ടനിൽ റിപ്പോർട്ട് ചെയ്യപ്പെട്ട മൊത്തം കോവിഡ് കേസുകളിൽ പത്തു ശതമാനവും ഇവിടെ നിന്നായതോടെയാണ് കടുത്ത നടപടികളിലേക്കു നീങ്ങാൻ സർക്കാർ തീരുമാനിച്ചത്. 944 പോസിറ്റീവ് കേസുകളാണ് ഇവിടെ രണ്ടാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. 

രാജ്യത്തെ പകുതിയോളം എൻഎച്ച്എസ് ആശുപത്രികളിൽ ഒരു കോവിഡ് രോഗിപോലും ഇല്ലാത്ത സ്ഥിതിയിലേക്ക് കാര്യങ്ങൾ എത്തുമ്പോഴാണ് ലെസ്റ്ററിലെ ഈ കൊറോണയുടെ രണ്ടാംവരവ്. ബ്രിട്ടനിലെ ‘’മിനി ഇന്ത്യ’’ എന്നറിയപ്പെടുന്ന പ്രദേശമാണ്  ഈസ്റ്റ് മിഡ്‌ലാൻസിലെ  ലെസ്റ്റർ സിറ്റി.  ഇവിടുത്തെ ജനസംഖ്യയിൽ 45 ശതമാനത്തിലേറെയും ഏഷ്യൻ- ആഫ്രിക്കൻ വംശജരാണ്. ലെസ്റ്ററിലെ ആശുപത്രികളെല്ലാം വീണ്ടും കോവിഡ് രോഗികളെക്കൊണ്ട് നിറയുകയാണ്. ഒരുലക്ഷം പേരിൽ 135 പേർക്ക് എന്ന നിലയിലാണ് രോഗവ്യാപന നിരക്ക്. മറ്റു പ്രദേശങ്ങളേക്കാൾ മൂന്നിരിട്ടി കൂടുതലാണിത്.  

ഗ്രീൻ ലെയ്ൻ റോഡിലെ ഒരു കെട്ടിടത്തിൽ താമസിച്ചിരുന്ന 45 പേർക്ക് കോവിഡ് സ്ഥിരികരിച്ചതോടെ ഈ റോഡ് തന്നെ അടച്ചു. ഇന്ത്യയിൽനിന്നുള്ള മൽസ്യബന്ധന തൊഴിലാളികളാണ് ഇവിടെ കൂട്ടമായി താമസിച്ചിരുന്നത്. ബെഡ്ഫോർഡിൽ നാലു മലയാളികൾക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 

രാജ്യത്ത് ശനിയാഴ്ച മുതൽ പ്രാബല്യത്തിലാകുന്ന ലോക്ക്ഡൗൺ ഇളവുകളൊന്നും ലെസ്റ്ററിന് ബാധകമായിരിക്കില്ല. അതിനാൽ പബ്ബുകളും റസ്റ്ററന്റുകളും കഫേകളും ബ്യൂട്ടി പാർലറുകളുമെല്ലാം അടഞ്ഞുതന്നെ കിടക്കും. 

ആളുകൾ പരമാവധി വീടുകളിൽ തന്നെ കഴിയണമെന്നാണ് നിർദേശം. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകളൊഴികെ എല്ലാം ഇന്നു മുതൽ അടയ്ക്കും. വ്യാഴാഴ്ച മുതൽ സ്കൂളുകൾക്ക് അവധിയാണ്. വേനലവധിക്കു ശേഷമേ ഇനി ഇവിടെ സ്കൂളുകൾ തുറക്കൂ. ലെസ്റ്ററിലേക്കോ പുറത്തേയ്ക്കോ അത്യാവശ്യമല്ലാത്ത എല്ലാ യാത്രകളും ഒഴിവാക്കാൻ നിർദേശമുണ്ട്. ജൂലൈ ആറുമുതൽ ഷീൽഡിങ്ങിലുള്ളവർക്ക് അനുവദിച്ചിരുന്ന ഇളവുകളും ലെസ്റ്ററിൽ ഉണ്ടാകില്ല. ഇത്തരത്തിൽ സമ്പൂർണമായ പ്രാദേശിക ലോക്ക്ഡൗൺ പ്രഖ്യാപിക്കുന്ന രാജ്യത്തെ ആദ്യപ്രദേശമാണ് ലെസ്റ്റർ. 

സമീപ പ്രദേശങ്ങളായ ഓഡ്ബി, ബ്രിസ്റ്റോൾ, ഗ്ലെൻഫീൽഡ് എന്നിവിടങ്ങളിലും ഈ ലോക്ക്ഡൗൺ നിബന്ധനകൾ ബാധകമായിരിക്കുമെന്ന് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാനോക്ക് പാർലമെന്റിൽ അറിയിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EUROPE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA