ADVERTISEMENT

ലണ്ടൻ∙ലോക്ക്ഡൗൺ മൂലം ഇംഗ്ലണ്ടിലെ ടിൽബറി പോർട്ടിൽ കുടുങ്ങിയ 110 മലയാളികൾ ഉൾപ്പെടെ 360 കപ്പൽ ജീവനക്കാർ ഇന്നു നാട്ടിലേക്ക് തിരിക്കും. ക്രൂയിസ് കമ്പനി ചാർട്ടർ ചെയ്തു നൽകിയ ഖത്തർ എയർവേസിന്റെ പ്രത്യേക വിമാനത്തിലാണ് ഇവർ ഇന്നു രാവിലെ ഒൻപതിനു ഗോവയിലേക്ക് പറക്കുക. നൂറുദിവസത്തോളമായുള്ള വിരസമായ കപ്പൽ ജീവിതത്തിന് ഒടുവിലാണ് ഇവർ നാട്ടിലേക്ക് പുറപ്പെടുന്നത്. പത്തിലേറെ മലയാളികൾ ഉൾപ്പെടെയുള്ള ബാക്കി  136 പേരുടെ കാത്തിരിപ്പ് തുടരുകയാണ്. 

 

ലോകം മുഴുവൻതന്നെ ലോക്ക്ഡൗണിലായതോടെ ബ്രിട്ടനിലെ രണ്ട് തുറമുഖങ്ങളിലായി ഇന്ത്യക്കാരായ ആയിരത്തിലേറെ കപ്പൽ ജീവനക്കാരാണ് കുടുങ്ങിപ്പോയത്.  ഇതിൽ സൗത്താംപ്റ്റണിൽ കുടുങ്ങിയ 44 മലയാളികൾ ഉൾപ്പെടെയുള്ള നിരവധി ഇന്ത്യക്കാരെ  പ്രത്യേക വിമാനങ്ങളിൽ ക്രൂയിസ് കമ്പനി നേരത്തെ നാട്ടിലേക്ക് മടക്കി അയച്ചിരുന്നു.  അഞ്ചു കപ്പലുകളിലായി ജോലി ചെയ്തിരുന്നവരാണ് 44 മലയാളികൾ ഉൾപ്പെടെയുള്ള ഈ ജീവനക്കാർ. ടിൽബറി പോർട്ടിലും സമാനമായ രീതിയിൽ ആറ് ആഡംബര കപ്പലുകളിലെ 496 ഇന്ത്യൻ ജീവനക്കാരാണ് ലോക്ക്ഡൗണിൽ കുടുങ്ങിയത്. 

 

ഇതിൽ 120 പേർ മലയാളികളാണ്. ഏപ്രിൽ 14 നാണ്  നാട്ടിലേക്ക് മടങ്ങാനുള്ള ഇവരുടെ കാത്തിരിപ്പ് തുടങ്ങിയത്. ഭക്ഷണവും താമസസൌകര്യവും ബേസിക് സാലറിയും കമ്പനി നൽകിയിരുന്നെങ്കിലും നാട്ടിലേക്ക് മടങ്ങാൻ കഴിയാത്തതിന്റ ആശങ്കയിലായിരുന്നു മലയാളികളായ പല ജീവനക്കാരും. വിവിധ ലോകരാജ്യങ്ങൾ ലോക്ക്ഡൗൺ പ്രഖ്യാപിക്കുമ്പോൾ വേൾഡ് ക്രൂയിസ് നടത്തിയിരുന്ന കപ്പലുകളിലെ ജീവനക്കാരാണ് ഇവരെല്ലാം.  തുറമുഖങ്ങൾ അടച്ചതോടെ കപ്പലുകൾ അടിയന്തരമായി യാത്രനിർത്തി ഇംഗ്ലണ്ടിലെ മദർ പോർട്ടുകളിലേക്ക് തിരികെപോന്നു. കപ്പലുകളിൽ ഉണ്ടായിരുന്ന യാത്രക്കാരെയെല്ലാം ഇതിനോടകം സുരക്ഷിതമായി മടക്കി അയച്ചു കഴിഞ്ഞു. 

 

ലോക്ക്ഡൗൺ പ്രഖ്യാപിക്കുമ്പോൾ ജപ്പാൻ, ഓസ്ട്രേലിയ, നോർവേ, സൌത്ത് അമേരിക്ക, ഇന്തോനേഷ്യ എന്നിവയുടെ സമുദ്രാതിർത്തികളിലായിരുന്ന ആറ് ആഡംബര കപ്പലുകളാണ് ഇപ്പോൾ ടിൽബറിയിൽ നങ്കൂരമിട്ടിരിക്കുന്നത്. ക്രൂയിസ് ആൻഡ് മാരിടൈം വോയേജസ് എന്ന കമ്പനിയുടെ കീഴിലുള്ള കൊളംബസ്, വാസ്കോഡഗാമ, മാർക്കോപോളോ, മാഗെല്ലെൻ, അസ്തൂർ, അസ്തോറിയ എന്നീ കപ്പലുകളിലെ ജീവനക്കാരാണ് 120 മലയാളികൾ ഉൾപ്പെടെയുള്ള 496 ഇന്ത്യക്കാർ. 

 

പ്രത്യേക വിമാനത്തിൽ ഗോവയിൽ എത്തിക്കുന്ന ഇവർക്ക് ഏഴുദിവസത്തെ ക്വാറന്റീനു ശേഷം റോഡുമാർഗം തുടർ യാത്രാ സൗകര്യം ഒരുക്കുമെന്നാണ് കമ്പനി അറിയിച്ചിട്ടുള്ളത്. കോവിഡ് പ്രതിസന്ധിയെ തുടർന്ന് ഈസി ജെറ്റ് എയർലൈൻസ് കമ്പനി ബ്രിട്ടനിലെ മൂന്നു എയർ ബേസുകൾ അടച്ചുപൂട്ടാൻ ആലോചിക്കുകയാണ്. സ്റ്റാൻസ്റ്റെഡി, സൌത്ത് എൻഡ്, ന്യൂകാസിൽ എന്നിവിടങ്ങളിലെ ബേസുകൾ പൂട്ടുന്നതോടെ 1300 പേരുടെ ജോലി നഷ്ടമാകും. 

 

155 കോവിഡ് മരണങ്ങളാണ് ഇന്നലെ ബ്രിട്ടനിൽ റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ മരണം 43,730 ആയി. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com