ADVERTISEMENT

ലണ്ടൻ ∙ സാമ്പത്തിക രംഗത്തെ പിടിച്ചു നിർത്താനായി നൽകിയ ഇളവുകൾ കോവിഡിന്റെ രണ്ടാം വരവിന് വഴിവയ്ക്കുന്ന കാഴ്ചയാണ് പല യൂറോപ്യൻ രാജ്യങ്ങളിലും. സ്പെയിൻ, ജർമനി, ഫ്രാൻസ്, ബ്രിട്ടൻ, എന്നിവിടങ്ങളിലെല്ലാം  പുതിയ ഹോട്ട് സ്പോട്ടുകൾ രൂപം കൊള്ളുന്നത് ഏവരെയും ആശങ്കയിലാഴ്ത്തുകയാണ്. 

കോവിഡ് ഏറ്റവും അധികം നാശം വിതച്ച യൂറോപ്യൻ രാജ്യങ്ങളിലൊന്നായ സ്പെയിനിൽ രണ്ടാം വരവിനെ ഭയന്ന് രണ്ടാഴ്ചത്തേക്ക് നൈറ്റ് ലൈഫിന് വിലക്ക് ഏർപ്പെടുത്തി. മാൻഡ്രിഡ്, ബാഴ്സിലോണ  എന്നീ നഗരങ്ങളിലാണ് കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അടിയന്തരാവസ്ഥ പിൻവലിച്ച് ഒരുമാസത്തിനു ശേഷമുള്ള ഈ രോഗവ്യാപനത്തെ സ്പാനിഷ് ഭരണകൂടം കരുതലോടെയാണ് നേരിടുന്നത്. വെള്ളിയാഴ്ച മാത്രം 900 പുതിയ കോവിഡ് കേസുകളാണ് സ്പെയിനിൽ കണ്ടെത്തിയത്. സ്പെയിനിൽനിന്നും വരുന്ന യാത്രക്കാർക്ക് നോർവെ, ബൽജിയം എന്നീ രാജ്യങ്ങൾ 14 ദിവസത്തെ ക്വാറന്റൈൻ നിബന്ധനകൾ ഏർപ്പെടുത്തി.  

കൂടുതൽ കേസുകൾ റിപ്പോർട്ടു ചെയ്യുന്ന ബൾഗേറിയ, റൊമേനിയ എന്നിവിടങ്ങളിൽനിന്നുള്ള യാത്രികർക്ക് ഇറ്റലിയും പുതിയ ഐസൊലേഷൻ നിബന്ധനകൾ പ്രഖ്യാപിച്ചു. 

പല സ്ഥലങ്ങളിലും വീണ്ടും രോഗബാധയുടെ ലക്ഷണങ്ങൾ കണ്ടതോടെ ഫ്രാൻസ് പുതിയ ട്രാവൽ നിർദ്ദേശങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്.  രോഗികൾ ഏറെയുള്ള 16 രാജ്യങ്ങളിൽനിന്നും വരുന്നവരെ ഓൺ ദ സ്പോട്ട് കൊറോണ ടെസ്റ്റിന് വിധേയരാക്കിയാണ് രാജ്യത്തേക്ക് പ്രവേശിപ്പിക്കുക. ദിവസേന ആയിരത്തിലധികം പേരാണ് ഫ്രാൻസിൽ ഇപ്പോൾ രോഗികളാകുന്നത്. 

ജർമ്മനിയിൽ രണ്ടുമാസത്തിനിടയിലെ ഏറ്റവും ഉയർന്ന രോഗവ്യാപന നിരക്കാണ് കഴിഞ്ഞദിവസങ്ങളിൽ രേഖപ്പെടുത്തിയത്. രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വിദേശങ്ങളിൽനിന്നും അവധിക്കായി എത്തുന്നവർക്കും അവധി കഴിഞ്ഞെത്തുന്ന സ്വന്തം പൗരന്മാർക്കും ജർമ്മനി നിർബന്ധിത ടെസ്റ്റിങ് നടപ്പിലാക്കിത്തുടങ്ങി. 

ബ്രിട്ടനിലും പ്രതിദിനം ശരാശരി  ആയിരത്തോളം പേരാണ് പുതുതായി രോഗികളാകുന്നത്. ചെറുനഗരങ്ങളിൽ പുതിയ ഹോട്ട് സ്പോട്ടുകൾ രൂപം കൊള്ളുന്നതും ബ്രിട്ടനിൽ പുതിയൊരു വ്യാപനത്തിന്റെ ആശങ്ക ഉയർത്തുന്നുണ്ട്. 

ഇതിനിടെ ബ്രിട്ടനിൽ ഇൻഡോർ ജിമ്മുകളും സ്വിമ്മിംങ് പൂളുകളും തുറന്നു പ്രവർത്തിപ്പിച്ചു തുടങ്ങി. നാലുമാസത്തെ ഇടവേളയ്ക്കു ശേഷമാണ് ഇവയുടെ പ്രവർത്തനങ്ങൾ ഭാഗികമായി പുന:രാരംഭിച്ചത്. 

കോവിഡ് ബ്രിട്ടനിൽ അതി രൂക്ഷമായ തൊഴിലില്ലായ്മ സൃഷ്ടിക്കുന്നതിന്റെ കൂടുതൽ വാർത്തകളും പുറത്തു വരുന്നുണ്ട്. മാഞ്ചസ്റ്ററിലെ ഒരു ഹോട്ടലിൽ റിസപ്ഷനിസ്റ്റിന്റെ ഒഴിവിലേക്ക് ഒറ്റദിവസംകൊണ്ട് അപേക്ഷ സമർപ്പിച്ചത് 963 പേരാണ്. സാധാരണ 30 അപേക്ഷകൾ ലഭിക്കുന്ന സ്ഥാനത്താണ് ഓവർ ക്വാളിഫൈഡായ നൂറുകണക്കിനാളുകൾ ജോലിക്കായി അപേക്ഷിച്ചത്. 

ബ്രിട്ടനിൽ ഇന്നലെ 61 കോവിഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതോടെ ഔദ്യോഗിക മരണസംഖ്യ 45,738 ആയി ഉയർന്നു. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com