ADVERTISEMENT

ലണ്ടൻ∙ യുകെയിൽ നിന്നുള്ള സംഗീത ആൽബം നിർമാതാക്കളായ അനാമിക കെന്റിന്റെ രണ്ടാമത്തെ ആൽബമായ 'ഇന്ദീവരം' ആസ്വാദകഹൃദയങ്ങളിൽ ഇടം പിടിക്കുന്നു. പ്രണയം തുളുമ്പുന്ന അപൂർവങ്ങളായ ആർദ്രഗാനങ്ങൾ അടങ്ങിയ ഈ ആൽബത്തിലെ ആദ്യഗാനം വെള്ളിയാഴ്ച പുറത്തിറങ്ങിയിരുന്നു. ഗർഷോം ടിവിയാണ് ഇന്ദീവരം റിലീസ് ചെയ്തത്. 

'വെൺനൂലുപോലെയീ രാമഴ.. ' എന്നു തുടങ്ങുന്ന ആദ്യഗാനത്തിന് ടിവിയിലും സോഷ്യൽ മീഡിയയിലുമായി അപ്രതീക്ഷിതമായ സ്വീകാര്യതയാണ് ലഭിച്ചത്. വിജയ് യേശുദാസിന്റെ അനന്യമായ ശബ്ദമാധുരിയാൽ ശ്രദ്ധേയമായ ഈ ഗാനം സംഗീതപ്രേമികൾ ഇരുകൈകളും നീട്ടി സ്വീകരിച്ചു. യുകെയിൽ നിന്നുള്ള എഴുത്തുകാരിയും കവയിത്രിയുമായ ബീന റോയ് ആണ് ഈ ആൽബത്തിലെ എല്ലാ ഗാനങ്ങളും രചിച്ചിരിക്കുന്നത്.  കാവ്യരസ പ്രധാനമായ നിരവധി കവിതകളും കവിതാസമാഹാരങ്ങളും സാഹിത്യലോകത്തിനു സമ്മാനിച്ച അതുല്യ പ്രതിഭയാണ് യുകെയിൽ ആരോഗ്യമേഖലയിൽ ജോലിചെയ്യുന്ന ഈ സാഹിത്യകാരി. 

മലയാളസംഗീത ലോകത്ത് സുപരിചിതനായ സംഗീത സംവിധായകനും സംഗീതാധ്യാപകനുമായ  പ്രസാദ് എൻ.എ യുടെ ഏറ്റവും മികച്ച ഗാനങ്ങളിൽ ഉൾപ്പെടുത്താവുന്ന ഗാനമാണ്  ഇന്ദീവരത്തിലെ ഈ ഗാനം. ഈ ആൽബത്തിലെ മറ്റു ഗാനങ്ങൾക്കും ഈണം പകർന്നിരിക്കുന്നത് ഈ സംഗീതജ്ഞൻ തന്നെയാണ്. 

പ്രണയം തുളുമ്പുന്ന വരികളും ഹൃദ്യമായ ഈണവും ശ്രുതിമധുരമായ ആലാപനവും ഈ ഗാനത്തെ ഹൃദയത്തോട് ചേർത്ത് നിർത്തുന്നു. എക്കാലവും ഓർമ്മിച്ചിരിക്കേണ്ട ഗാനങ്ങളുടെ പട്ടികയിൽ ഈ സൃഷ്ടിയും ഇടം പിടിക്കും എന്നതിൽ സംശയമില്ല.  'ഇന്ദീവരത്തിലെ' അടുത്ത ഗാനം ജൂലൈ 31 വെള്ളിയാഴ്ച വൈകിട്ട് 7.30 (UK  TIME ) ന് ഗർഷോം ടിവിയിൽ റിലീസ് ചെയ്യുന്നു. ആദ്യഗാനത്തിന് പ്രേക്ഷകർ നൽകിയ വലിയ സ്വീകരണത്തിനും പിന്തുണക്കും അനാമിക കെന്റിന്റെ നിർമാതാക്കൾ നന്ദി അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com