sections
MORE

യുവാക്കളുടെ അഴിഞ്ഞാട്ടം; യൂറോപ്യൻ രാജ്യങ്ങളിൽ കോവിഡ് രോഗികൾ കൂടുന്നു

BRITAIN-ECONOMY-COMMERCE-SELFRIDGES
SHARE

ലണ്ടൻ ∙ യൂറോപ്പിൽ സ്പെയിൻ, ഫ്രാൻസ്, ജർമനി, ഓസ്ട്രിയ, ബൽജിയം ബ്രിട്ടൻ, പോളണ്ട് എന്നിവിടങ്ങളിലെല്ലാം കോവിഡ് രോഗികളുടെ എണ്ണം ദിവസേന കൂടിവരുന്നതായി കണക്കുകൾ. കോവിഡിനെ പിടിച്ചുകെട്ടിയെന്ന ധാരണയിൽ പ്രഖ്യാപിച്ച ഇളവുകൾ സർവ സ്വാതന്ത്ര്യമായി കരുതിയതാണ് ഇപ്പോൾ സെക്കൻഡ് വേവിന് കാരണമായിരിക്കുന്നത്. പുതിയ രോഗ വ്യാപനത്തിന്റ കാരണക്കാർ യുവാക്കളാണെന്നാണ് വേൾഡ് ഹെൽത്ത് ഓർഗനൈസേഷന്റെ യൂറോപ്പ് റീജിയണൽ ഡയറക്ടർ ഡോ. ഹാൻസ് ക്ലഞ്ച് പറയുന്നത്. പല രാജ്യങ്ങളിലും പുതിയ കേസുകൾ കൂടുതലും യുവാക്കളിലാണ്. സാമൂഹിക അകലവും സുരക്ഷിതത്വവും സബന്ധിച്ച് യുവാക്കൾക്കുള്ള നിർദേശങ്ങൾ കൂടുതൽ ഫലപ്രദമാക്കേണ്ടതുണ്ടെന്ന് ഡോ. ഹാൻസ് ചൂണ്ടിക്കാട്ടി. യുവാക്കൾ സമ്മർ ഹോളിഡേസ് ആഘോഷമാക്കുമ്പോൾ ഇതിന്റെ മറവിൽ കോവിഡ് തിരികെ വരികയാണെന്ന് അദ്ദേഹം മുന്നറിയിപ്പു നൽകി. 

യൂറോപ്പിൽ പല സ്ഥലങ്ങളിലു സെക്കൻഡ് വേവിന്റെ തുടക്കമായെന്നും ബ്രിട്ടനിലും കൊറോണയുടെ രണ്ടാം വരവിന് സാധ്യത ഏറെയാണെന്നും പ്രധാനമന്ത്രി ബോറിസ് ജോൺസൺ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ആശങ്കാജനകമായ വിധം വിവിധ യൂറോപ്യൻ രാജ്യങ്ങളിൽനിന്നുള്ള കണക്കുകൾ പുറത്തുവരുന്നത്.  

Spain coronavirus covid 19

ക്രൊയേഷ്യ, ബൽജിയം, ഫ്രാൻസ്, ജർമനി, ഓസ്ട്രിയ എന്നിവിടങ്ങളിലെല്ലാം രണ്ടാഴ്ചയായി കോവിഡ് രോഗികളുടെ എണ്ണം ദിവസനേ കൂടിവരികയാണ്. ഫ്രാൻസിൽ 6325 പേർക്കാണ് കഴിഞ്ഞയാഴ്ച രോഗം സ്ഥിരീകരിച്ചത്. ജർമനിയിൽ അഞ്ഞൂറിലേറെ പേരും റൊമേനിയയിൽ ആയിരത്തിലധികം പേരും ഒരാഴ്ചയ്ക്കുള്ളിൽ രോഗികളായി. സ്പെയിനിൽ കഴിഞ്ഞയാഴ്ച 14,000 പേർക്കാണ് രോഗം സ്ഥികരിച്ചത്.  പ്രതിദിനം ആയിരത്തിലേറെ ആളുകൾ രോഗികളായതോടെ സ്പെയിനിലേക്കുള്ള അത്യാവശ്യ യാത്രകൾ ഒഴികെയുള്ളവ മാറ്റിവയ്ക്കണമെന്നും സ്പെയിനിൽ നിന്നും മടങ്ങിയെത്തുന്നവർ 14 ദിവസം ക്വാറന്റീനിൽ പോകണമെന്നും ബ്രിട്ടീഷ് സർക്കാർ നിർദേശിച്ചു. സ്പെയിന്റെ ടൂറിസം വ്യവസായത്തെ തകർക്കുന്ന ഈ തീരുമാനം ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങളെപ്പോലും ബാധിച്ചിരിക്കുകയാണ്. 

സ്പാനിഷ് നഗരങ്ങളും ടൂറിസം കേന്ദ്രങ്ങളും ബ്രിട്ടനേക്കാൾ സുരക്ഷിതമാണെന്നാണ് സ്പെയിന്റെ പ്രതികരണം. മറ്റ് യൂറോപ്യൻ രാജ്യങ്ങളിലേക്കെല്ലാംതന്നെ  ക്വാറന്റീൻ ഫ്രീ ട്രാവൽ  അനുവദിക്കുമ്പോൾ സ്പെയിനെ മാത്രം ഒറ്റപ്പെടുത്തിയതിന്റെ അമർഷത്തിലാണ് സ്പാനിഷ് സർക്കാർ. കാനറി ഐലൻസും ബാലേറിക്സും സ്പാനിഷ് മെയിൻ ലാൻഡുമെല്ലാം ഇംഗ്ലീഷുകാരുടെ ഇഷ്ടപ്പെട്ട വിനോദ കേന്ദ്രങ്ങളാണ്. ആറുലക്ഷത്തോളം ബ്രിട്ടീഷുകാരാണ് ഇപ്പോൾ സ്പെയിനിലുള്ളത്. നാലു ലക്ഷത്തോളം ബ്രിട്ടീഷുകാർക്ക് സ്പെയിനിൽ പ്രോപ്പർട്ടിയും ഉള്ളതായാണ് കണക്കുകൾ. ഇവരെല്ലാം തിരികെ എത്തിയാൻ 14 ദിവസം ക്വാറന്റീനിൽ ഇരിക്കണം. ടൂറിസ്റ്റ് സീസന്റെ മധ്യത്തിൽ ബ്രിട്ടൺ ഏർപ്പെടുത്തിയ ക്വാറന്റീൻ നിബന്ധനകളും ട്രാവൽ വാണിങ്ങും സ്പാനിഷ് ടൂറിസത്തിന്റെ നട്ടെല്ലാണ് ഒടിക്കുന്നത്. 

London uk corona virus

ബ്രിട്ടനിൽ ലെസ്റ്റർ, ലൂട്ടൺ, ബ്ലാക്ക്ബേൺ എന്നീ നഗരങ്ങൾക്കു പിന്നാലെ ഗ്രേറ്റർ മാഞ്ചസ്റ്ററിലെ ഓൾഡാം പട്ടണത്തിലും രോഗികളുടെ എണ്ണം ഏറെ വർധിച്ചു. ഇതോടെ ഓർഡാമിലും സ്റ്റോക്ക്പോർട്ട്, ട്രാഫോർഡ് എന്നീ സമീപ പട്ടണങ്ങളിലും ലോക്ഡൗണിനു സമാനമായ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഇവിടേക്ക് മറ്റ് ബറോകളിൽനിന്നും സന്ദർശകരെ അനുവദിക്കില്ല. കഴിഞ്ഞയാഴ്ച ഇവിടെ 119 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. രാജ്യത്തിന്റെ മറ്റു പല ഭാഗങ്ങളിലും രോഗികളാകുന്നവരുടെ എണ്ണത്തിൽ കഴിഞ്ഞദിവസത്തെ കണക്കുകളിൽ വർധനയാണ്. എല്ലാ മേഖലയിലും വാരിക്കോരി അനുവദിച്ച ഇളവുകൾ ശൈത്യകാലത്തിനു മുമ്പുതന്നെ കോവിഡിന്റെ രണ്ടാം വരവിന് വഴിവയ്ക്കുമോ എന്ന ആശങ്കയിലാണ് ബ്രിട്ടീഷ് സർക്കാർ. 

ബ്രിട്ടനിൽ ഇന്നലെ 83 കോവിഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതിൽ 19 മരണങ്ങൾ വിവിധ ആശുപത്രികളിലും മറ്റുള്ളവ നഴ്സിംങ് ഹോമുകളിലും കമ്മ്യൂണിറ്റികളിലുമാണ്. ഇതോടെ ഔദ്യോഗിക മരണസംഖ്യ 45,961 ആയി ഉയർന്നു. 763 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EUROPE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA