ADVERTISEMENT

ഇറ്റലി ∙ ചെറിയൊരു ഇടവേളയ്ക്കുശേഷം ഇറ്റലിയിൽ പലയിടത്തും വീണ്ടും കൊറോണ വൈറസ് വ്യാപനമുണ്ടാകുന്നത് ആശങ്കപരത്തുന്നു. കഴിഞ്ഞ ഏതാനും ആഴ്ചകളായി പുതിയ രോഗബാധിതരുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായിരുന്നു. എന്നാൽ ഓഗസ്റ്റ് ആദ്യ ആഴ്ചയിൽ രോഗം പിടിപെടുന്നവരുടെ എണ്ണം വർധിക്കുന്നതായാണ് കണക്കുകൾ. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 190 പുതിയ പോസിറ്റീവ് കേസുകൾ റിപ്പോർട്ടു ചെയ്തിട്ടുണ്ട്.

ഇതിൽ 53 ശതമാനവും വടക്കൻ ഇറ്റലിയിലെ ലൊംബാർദി, എമിലിയ റൊമാഞ്ഞ, വെനേറ്റോ റീജിയനുകളിൽനിന്നുള്ളവരാണ്. രോഗബാധയുടെ ആദ്യഘട്ടത്തിൽ ഏറ്റവും കൂടുതൽ രോഗികളുണ്ടായതും കൂടുതൽ മരണം രേഖപ്പെടുത്തിയതും ഈ മേഖലകളിലായിരുന്നു. ആശുപത്രികളിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണവും തീവ്രപരിചരണവിഭാഗത്തിലേയ്ക്ക് മാറ്റപ്പെടുന്നവരുടെ എണ്ണവും കഴിഞ്ഞ ദിവസങ്ങളിൽ വർധിക്കുന്നുണ്ട്.

COVID-19--coronavirus-Italy-1

ഈ സാഹചര്യം തുടർന്നാൽ, നിലവിൽ ഒക്ടോബർ 15 വരെ നീട്ടിയിട്ടുള്ള ആരോഗ്യ അടിയന്തിരാവസ്ഥ ഡിസംബർ 31 വരെ ദീർഘിപ്പിക്കുന്നതിനെക്കുറിച്ച്  ആലോചിക്കേണ്ടിവരുമെന്നും വീണ്ടുമൊരു ലോക്ഡൗൺ സാധ്യത തള്ളിക്കളയാനാവില്ലെന്നുമാണ് അധികൃതർ പറയുന്നത്. രോഗബാധ തുടരുന്ന സാഹചര്യത്തിൽ റൊമേനിയ, ബൾഗേറിയ എന്നിവിടങ്ങളിൽനിന്ന് ഇറ്റലിയിലെത്തുന്നവരെ ക്വാറന്റീനിൽ പ്രവേശിപ്പിക്കുകയാണ്. ബംഗ്ലാദേശ്, ബ്രസീൽ, ചിലി, പെറു, കുവൈത്ത് തുടങ്ങി ഉയർന്ന അപകടസാധ്യതയുള്ള 16 രാജ്യങ്ങളിൽനിന്നുള്ള ജനങ്ങളുടെ വരവും ഇറ്റലി നിരോധിച്ചിട്ടുണ്ട്. 

italy

പലയിടത്തും ബീച്ച്-നൈറ്റ് പാർട്ടികളിലും ഡിസ്കോ ബാറുകളിലും സന്ദർശനം നടത്തുന്നത് പ്രാദേശിക ഭരണകൂടം വിലക്കിയിട്ടുണ്ട്. മാസ്ക് ധരിക്കാത്തവർക്ക് 1000 യൂറോ വരെയുള്ള കനത്ത പിഴയും ചുമത്തുന്നുണ്ട്. വൈറസ് വ്യാപനം വീണ്ടും ഉണ്ടാകുന്ന സാഹചര്യത്തിൽ, സാമൂഹ്യ അകലം പാലിക്കേണ്ടതിന്റെയും മാസ്ക് ധരിക്കേണ്ടതിന്റെയും പ്രാധാന്യം ഏറെയാണെന്ന് ഇറ്റാലിയൻ പ്രസിഡന്റ് സെർജിയോ മത്തെറെല്ല ആവർത്തിച്ചു വ്യക്തമാക്കി.

വൈറസിനൊപ്പം ജീവിക്കുകയെന്നാൽ പൊതു ഇടങ്ങളിലെ പെരുമാറ്റത്തിൽ അശ്രദ്ധ പുലർത്തണമെന്നല്ല. മറ്റുള്ളവരെ രോഗികളാക്കാനുള്ള അവകാശമായി ജനങ്ങൾ സ്വാതന്ത്ര്യപ്രഖ്യാപനം നടത്തരുതെന്നും പ്രസിഡന്റ് പറഞ്ഞു. രണ്ടാമതൊരു അപകടസാധ്യത തള്ളിക്കളയാനാവാത്തതിനാൽ വിവേകവും ശ്രദ്ധയും ഇനിയും ആവശ്യമാണെന്ന് ആരോഗ്യമന്ത്രി റോബർത്തോ സ്പെറൻസയും മുന്നറിയിപ്പുനൽകി.

italy-police
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com