ADVERTISEMENT

ലണ്ടൻ ∙ യുക്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ, കോവിഡ് 19 പ്രതിരോധപ്രവർത്തനങ്ങൾക്ക് മുൻനിരയിൽ നിൽക്കുന്ന ലോകം മുഴുവനുമുള്ള ആരോഗ്യ പ്രവർത്തകർക്ക് പിന്തുണയും ആദരവും അർപ്പിച്ച് കൊണ്ടുള്ള ലൈവ് ടാലന്റ് ഷോ "ലെറ്റ്സ് ബ്രെയ്ക്ക് ഇറ്റ് ടുഗെതറിൽ" ചൊവ്വ വൈകിട്ട് അഞ്ചിന് (ഇന്ത്യൻ സമയം രാത്രി 9.30) ആസ്വാദകർക്ക് മുന്നിലെത്തുന്നത് മാഞ്ചസ്റ്ററിൽ നിന്നുള്ള ആരൺ ജയൻ, അലൻ ജയൻ സഹോദരങ്ങളാണ്. സഹോദരങ്ങളിൽ ജ്യേഷ്ഠനായ ആരൺ വയലിനിൽ സ്നേഹ സംഗീതമുണർത്തുമ്പോൾ ഇളയ സഹോദരൻ അലൻ കീബോർഡിൽ മാസ്മരിക സംഗീതത്തിന്റെ അഴകൊരുക്കും.

സംഗീതത്തെ ഏറെ ഇഷ്ടപ്പെടുന്ന ആരൺ മാഞ്ചസ്റ്റർ ഭാരത് വിദ്യാ ഭവനിൽ നിന്നും വയലിനിൽ പരിശീലനം നേടുന്നു. മാഞ്ചസ്റ്റർ ട്രിനിറ്റി ചർച്ച് ഓഫ് ഇംഗ്ളണ്ട് ഹൈസ്കൂൾ ഇയർ 10 വിദ്യാർത്ഥിയായ ഈ 15 വയസ്സുകാരൻ സംഗീതത്തോടൊപ്പം ഡാൻസും ക്രിക്കറ്റും ബാഡ്മിന്റണും ഏറെ ഇഷ്ടപ്പെടുന്നു. യുക്മ നോർത്ത് വെസ്റ്റ് റീജിയൺ കലാമേളയിൽ ഡാൻസ് ഇനത്തിൽ വിജയിയായ ആരൺ, യുക്മ നാഷനൽ കലാമേളയിലും ഡാൻസിൽ  സമ്മാനാർഹനായിട്ടുണ്ട്. സ്കൂൾ ക്രിക്കറ്റ് ടീമിലെ സജീവാംഗമായ ആരൺ പ്ലയർ ഓഫ് ദ ഇയർ അവാർഡ് നേടിയാണ് തന്റെ മികവ് തെളിയിച്ചത്. റീജിയണൽ തല ക്രിക്കറ്റ്, ബാഡ്മിന്റൺ മത്സരങ്ങളിൽ വിജയികളായ സ്കൂൾ ടീമിലെ അംഗമാണ് ആരൺ. കലാ കായിക മേഖലകളിൽ വളരെ സജീവമായി പങ്കെടുക്കുന്നതോടൊപ്പം എയർ കേഡറ്റ്സ് ട്രെയിനിംഗിലും ആരൺ പങ്കെടുക്കുന്നുണ്ട്.

സംഗീത വഴികളിൽ ജ്യേഷ്ഠനോടൊപ്പം നടന്ന് തുടങ്ങിയ അലൻ കീബോർഡിൽ തന്റെ മികവ് പ്രേക്ഷകർക്ക് മുന്നിൽ പ്രകടിപ്പിക്കാനെത്തുകയാണ്. മാഞ്ചസ്റ്റർ ഭാരത് വിദ്യാ ഭവനിൽ നിന്നും കീബോർഡിൽ പരിശീലനം നേടുന്ന ഈ 13 വയസ്സ്കാരൻ ഡാൻസിലും ഏറെ തൽപരനാണ്. മാഞ്ചസ്റ്ററിലെ  ട്രിനിറ്റി ചർച്ച് ഓഫ് ഇംഗ്ളണ്ട് ഹൈസ്കൂളിൽ ഇയർ 8 വിദ്യാർഥിയാണ് അലൻ. യുക്മ നോർത്ത് വെസ്റ്റ് റീജിയൺ കലാമേളയിൽ ഡാൻസിൽ വിജയിയായ അലൻ യുക്മ ദേശീയ കലാമേളയിലും സമ്മാനാർഹനായിട്ടുണ്ട്. സംഗീതം, നൃത്തം തുടങ്ങിയ കലാ ഇനങ്ങളിൽ പരിശീലനം തുടരുന്നതോടൊപ്പം എയർ കേഡറ്റ് ട്രെയിനിംഗിലും അലൻ സജീവമായി പങ്കെടുക്കുന്നുണ്ട്.

മാഞ്ചസ്റ്ററിൽ താമസിക്കുന്ന ജയൻ തട്ടാരുപറമ്പിൽ-നിഷ പുല്ലർകാട്ട് ദമ്പതികളുടെ മക്കളാണ് ആരണും അലനും. യുക്മ നോർത്ത് വെസ്റ്റ് റീജിയണിലെ പ്രമുഖ അസോസിയേഷനുകളിൽ ഒന്നായ മാഞ്ചസ്റ്റർ മലയാളി അസോസിയേഷനിലെ സജീവാംഗങ്ങളാണ് ജയന്റെ കുടുംബം.

  കോവിഡ് 19 രോഗബാധിതർക്കു വേണ്ടി സ്വന്തം ജീവൻപോലും തൃണവൽഗണിച്ച് കരുതലിന്റെ സ്നേഹസ്പർശമായി, വിശ്രമരഹിതരായി യുകെയിലെ എൻ എച്ച്എസ് ഹോസ്‌പിറ്റലുകളിലും കെയർഹോമുകളിലും ജോലി ചെയ്യുന്ന ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ ലോകത്തിലെ മുഴുവൻ ആരോഗ്യ മേഖലകളിലും പ്രവർത്തിക്കുന്നവർക്ക് ആദരവ് അർപ്പിച്ചുകൊണ്ട് യുക്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഈ ലൈവ് ഷോ യുക്മയുടെ ഔദ്യോഗീക ഫെയ്സ്ബുക്ക് പേജ് ആയ UUKMA യിലൂടെയാണ് സംപ്രേക്ഷണം ചെയ്യുന്നത്. 

എട്ടു വയസ്സു മുതൽ 21 വയസ്സ് വരെ പ്രായമുള്ള യുകെയിലെ വൈവിധ്യമാർന്ന കലാവാസനയുള്ള പ്രതിഭകളെയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രശസ്തരായ കുട്ടികളെയും പങ്കെടുപ്പിച്ച് നടത്തുന്ന ഈ കലാവിരുന്ന് ആരോഗ്യ പ്രവർത്തകർക്ക് കൃതജ്ഞതയും അഭിവാദ്യവും അർപ്പിക്കുന്നതിനായാണ് സംഘടിപ്പിച്ചിരിക്കുന്നത്. വ്യത്യസ്തമായ സംഗീതോപകരണങ്ങളിൽ കലാവിരുത് പ്രകടിപ്പിക്കുവാൻ കഴിവുള്ള പ്രതിഭകളുടെ കലാപ്രകടനങ്ങളാണ് ഈ ലൈവ് ഷോയുടെ പ്രധാന ആകർഷണം. യുകെയിലെ അറിയപ്പെടുന്ന ഗായകനായ റെക്സ് ബാൻഡ് യുകെയുടെ റെക്സ് ജോസും, ജെജെ ഓഡിയോസിന്റെ ജോജോ തോമസും ചേർന്ന് പരിപാടികൾ അവതരിപ്പിക്കുന്നവർക്ക് വേണ്ട സാങ്കേതിക സഹായങ്ങൾ നൽകുന്നതാണ്.

പരിപാടി സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് യുക്മ സാംസ്കാരിക വേദി രക്ഷാധികാരിയും, പരിപാടിയുടെ പ്രധാന ചുമതല വഹിക്കുന്ന സി.എ. ജോസഫ് (07846747602), യുക്മ സാംസ്കാരിക വേദി നാഷനൽ കോർഡിനേറ്റർ കുര്യൻ ജോർജ് (07877348602) എന്നിവരെ ബന്ധപ്പെടാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com