ADVERTISEMENT

ലണ്ടൻ∙ ലോകമെങ്ങുമുള്ള സംഗീത പ്രേമികൾ ആവേശത്തോടെ എതിരേറ്റ ഐ ടിവിയിലെ ജനപ്രിയ റിയാലിറ്റി ഷോ ബ്രിട്ടൻ ഗോട്ട് ടാലന്റ് അഥവ ബിജിടി ഷോയിൽ പത്തുവയസുകാരി മലയാളി പെൺകുട്ടി സൗപർണിക ഇന്ന് ചരിത്രം കുറിക്കും. ഈ ഷോയിൽ പങ്കെടുക്കാൻ അവസരം ലഭിച്ച ആദ്യത്തെ മലയാളിയും സെമിയിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ മൽസരാർഥിയുമാണ്, സൗ എന്ന് സംഗീതപ്രേമികൾ വിളിപ്പേരിട്ട സൗപർണിക. 

Souparnika-2

സൈമൺ കോവലിന്റെ നേതൃത്വത്തിലുള്ള ജഡ്ജിംങ് പാനലിനു മുന്നിൽ സങ്കോചങ്ങളൊന്നുമില്ലാതെ ചിരിച്ചുപാടുന്ന സൗ ഇന്നു രാത്രി ബ്രിട്ടിഷ് സമയം എട്ടിന് ഷോയുടെ സെമിയിൽ പ്രത്യക്ഷപ്പെടുമ്പോൾ മലയാളി സമൂഹം ഒന്നടങ്കം നെഞ്ചിടിപ്പോടെ പ്രാർഥനയിലാണ്. ലക്ഷക്കണക്കിന് ആരാധകരുള്ള ബിജിടി ഷോയിലൂടെ മില്യൺ കണക്കിന് ആളുകളാണ് ഇതിനകം സൗവിന്റെ പാട്ടുകൾ കേട്ടുകഴിഞ്ഞത്. 

Souparnika-parents

കൊല്ലം കൊട്ടാരക്കര സ്വദേശി ഡോ. ബിനു നായരുടെയും കൊട്ടാരക്കര വെളിനെല്ലൂർ സ്വദേശി രഞ്ജിതയുടെയും മകളാണ് പത്താംവയസിൽ ലോകമറിയുന്ന പാട്ടുകാരിയായി വളർന്ന സൗപർണികാ നായർ. 

ഇന്നു നടക്കുന്ന സെമി ഫൈനലിൽ പങ്കെടുക്കുന്ന എട്ട് മൽസരാർഥികളിൽനിന്ന് രണ്ടുപേർക്ക് ഫൈനലിലേക്ക് അവസരം ലഭിക്കും. ഒരാളെ നേരിട്ട് ജഡ്ജിമാർ തിരഞ്ഞെടുക്കുമ്പോൾ രണ്ടാമത്തെയാളെ പ്രേക്ഷകർ വോട്ടിംങ്ങിലൂടെയാണ് തെരഞ്ഞെടുക്കുന്നത്. രാത്രി എട്ടുമുതൽ പത്തുവരെ നടക്കുന്ന മൽസരത്തിനുശേഷം വോട്ടിംങ് ആരംഭിക്കും. തിങ്കളാഴ്ച രാവിലെ പത്തുവരെയാണ് വോട്ടിംങ്ങിനുള്ള സമയം. 

Souparnika-3

ബ്രിട്ടനിലുള്ളവർക്കു മാത്രമാണ് വോട്ടുചെയ്യാൻ അവകാശം. അതിനാൽ ബ്രിട്ടനിലെ ഏറ്റവും വലിയ പ്രവാസി സമൂഹങ്ങളിൽ ഒന്നായ  മലയാളികൾ ഒരുമിച്ചാൽ നമ്മുടെ അഭിമാനമായ സൗപർണികയെ ഫെനലിൽ എത്തിക്കാം. ബിജിടി ആപ്പ് ഡൗൺലോഡ് ചെയ്ത് അതിലൂടെയാണ് വോട്ട് ചെയ്യേണ്ടത്. ഓരോ ഡിവൈസിൽനിന്നും അഞ്ചുവീതം വോട്ടുകൾ ഫ്രീയായി ചെയ്യാം. നമ്മുടെ വോട്ടുകൾക്കൊപ്പം സുഹൃത്തുക്കളുടെ വോട്ടുകളും സമാഹരിച്ചു നൽകിയാൽ മലയാളക്കരയ്ക്ക് ആകെ അഭിമാനിക്കാവുന്ന നേട്ടത്തിലേക്കാകും സൗപർണിക എത്തിച്ചേരുക. 

എട്ടുപേർ വീതം പങ്കെടുക്കുന്ന അഞ്ചു ദിവസത്തെ സെമിഫൈനൽ മൽസരങ്ങളിൽനിന്നും ജയിച്ചുവരുന്ന പത്തുപേരാകും ഫൈനലിൽ ഏറ്റുമുട്ടുക. 

ബ്രിട്ടനിലെ മലയാളി സമൂഹങ്ങളെ ഒരു കുടക്കീഴിൽ അണിനിരത്തുന്ന യുക്മയുട ദേശീയ സമിതി സൗപർണികയ്ക്ക് എല്ലാ പിന്തുണയും പ്രഖ്യാപിച്ച് രംഗത്തുണ്ട്. ബ്രിട്ടണിലെ മലയാളികളെല്ലാം സൗപർണികയ്ക്ക് പിന്തുണ നൽകണമെന്ന് യുക്മ ദേശീയ പ്രസിഡന്റ് മനോജ് കുമാർ പിള്ള, സെക്രട്ടറി അലക്സ് വർഗീസ്, വൈസ് പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യൻ എന്നിവർ അഭ്യർഥിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com