ADVERTISEMENT

ലണ്ടൻ ∙ കോവിഡിന്റെ പശ്ചാത്തലത്തിൽ എൻഎച്ച്എസിലെ നഴ്സുമാരുടെയും ജൂനിയർ ഡോക്ടർമാരുടെയും ക്ഷാമം പരിഹരിക്കാൻ വിദേശ റിക്രൂട്ട്മെന്റിനായി ബ്രിട്ടീഷ് സർക്കാർ ചെലവഴിക്കുന്നത് 28 മില്യൻ പൗണ്ട്. ഇക്കാര്യം എൻഎച്ച്എസ് ഇംഗ്ലണ്ട് ഔദ്യോഗികമായി വിവിധ ഹോസ്പിറ്റൽ ട്രസ്റ്റുകളെ അറിയിച്ചു. ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് റിക്രൂട്ട്മെന്റ് നടപടികൾ വേഗത്തിലാക്കാൻ ട്രസ്റ്റുകൾക്ക് ഈ ഫണ്ട് അനുവദിച്ചു നൽകും. മലയാളി നഴ്സുമാർ ഉൾപ്പെടെ ബ്രിട്ടനിൽ ജോലി കാത്തിരിക്കുന്ന ആയിരക്കണക്കിനാളുകൾക്ക് സ്വപ്ന സാക്ഷാത്കരത്തിന് വഴിവയ്ക്കുന്ന തീരുമാനമാണിത്. 

കോവിഡിന്റെ പശ്ചാത്തലത്തിൽ മുടങ്ങിപ്പോയ വിദേശ റിക്രൂട്ട്മെന്റുകളെല്ലാം വേഗത്തിലാക്കി എൻഎച്ച്എസിലെ, പ്രത്യേകിച്ച് നഴ്സിങ് മേഖലയിലെ ക്ഷാമം പരിഹരിക്കാനുള്ള ശ്രമത്തിലാണ് സർക്കാർ. ഇതിന്റെ ഭാഗമായാണ് 28 മില്യൻ പൗണ്ട് മാറ്റിവയ്ക്കുന്നത്.

പുതിയ റിക്രൂട്ട്മെന്റിനും പാതിവഴിയിൽ മുടങ്ങിയ റിക്രൂട്ട്മെന്റുകൾ പൂർത്തിയാക്കുന്നതിനും നിലവിൽ ബ്രിട്ടനിലെ വിവിധ ട്രസ്റ്റുകളിൽ കെയർ ടെയ്ക്കർ ആയും മറ്റും ജോലി ചെയ്യുന്ന വിദേശ നഴ്സുമാർക്ക് ഐഇഎൽടിഎസ്, ഒഇടി പരിശീലനം നൽകി ഇവരെ റജിസ്ട്രേഡ് നഴ്സുമാരാക്കി മാറ്റുന്നതിനുമാണ്  തുക ചെലവഴിക്കുക. വിദേശ റിക്രൂട്ട്മെന്റ് ത്വരിത ഗതിയിലാക്കാനും വികസിപ്പിക്കാനുമായി നീക്കിവയ്ക്കുന്ന ഈ തുകയ്ക്കായി ആവശ്യങ്ങൾ വിശദീകരിച്ച് ട്രസ്റ്റുകൾ പ്രത്യേക അപേക്ഷ സമർപ്പിക്കണം.

2024 ആകുമ്പോഴേക്കും 50,000 വിദേശ നഴ്സുമാരെ റിക്രൂട്ട്ചെയ്ത്  നഴ്സിങ് ക്ഷാമം പൂർണമായും പരിഹരിക്കുക എന്നതാണ് സർക്കാർ ലക്ഷ്യം. ഡോക്ടർമാരുടെയും നഴ്സുമാരുടെയും അടക്കം 106,000 ഒഴിവുകൾ എൻഎച്ച്എസിൽ ഉള്ളതായാണ് റോയൽ കോളജ് ഓഫ് നഴ്സിങ് ഉൾപ്പെടെയുള്ള സംഘടനകളുടെ കണക്ക്. ഇതിൽ 44,000 ഒഴിവുകൾ നഴ്സുമാരുടെതാണ്. നിലവിലുള്ള നഴ്സുമാരിൽ മൂന്നിൽ ഒരാൾ വീതം പത്തുവർഷത്തിനുള്ളിൽ വിരമിക്കുകയും ചെയ്യുന്നതോടെ നഴ്സുമാരുടെ ക്ഷാമം അതിരൂക്ഷമാകുമെന്ന മുന്നറിയിപ്പും ആർസിഎൻ നൽകുന്നു. 

എൻഎച്ച്എസ് അംഗീകാരമുള്ള റിക്രൂട്ട്മെന്റ് ഏജൻസികളും സബ് ഏജൻസികളുമായി അമ്പോതോളം മലയാളി സ്ഥാപനങ്ങളാണ് ബ്രിട്ടനിൽ നഴ്സിങ് റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട് പ്രവർക്കിക്കുന്നത്. എൻവെർട്ടിസ് കൺസൾട്ടൻസി, വോസ്റ്റെക്, ഏലൂർ കൺസൾട്ടൻസി, തുടങ്ങിയ  പ്രമുഖ സ്ഥാപനങ്ങൾ വഴി 5,300ലേറെ ഇന്ത്യൻ നഴ്സുമാരാണ് 2019-20 കാലഘട്ടത്തിൽ ബ്രിട്ടനിലെത്തിയത്. കോവിഡായിട്ടും 2021ൽ ഇതുവരെ ആയിരത്തോളം ഇന്ത്യൻ നഴ്സുമാർ ബ്രിട്ടനിൽ എത്തിക്കഴിഞ്ഞു.   

വന്ദേഭാരത് മിഷന്റെ ഭാഗമായി കൊച്ചി ഉൾപ്പെടെ ഇന്ത്യയിലെ എല്ലാ വൻനഗരങ്ങളിൽനിന്നും ലണ്ടനിലേക്ക് വിമാനസർവീസുകൾ സാധാരണമായതോടെ പാതിവഴിയിൽ മുടങ്ങിപ്പോയ റിക്രൂട്ട്മെന്റുകൾ എല്ലാം വേഗത്തിലായിട്ടുണ്ട്. കഴിഞ്ഞ രണ്ടുമാസത്തിനിടെ നൂറുകണക്കിന് മലയാളി നഴ്സുമാരാണ് ബ്രിട്ടനിൽ എത്തിയത്. ഇന്നലെയും ഇന്നുമായി എത്തുന്നത് അമ്പതോളം ഇന്ത്യൻ നഴ്സുമാരാണ്. ഇവരിലും പതിവുപോലെ ഭൂരിപക്ഷവും മലയാളികൾ തന്നെ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com