ADVERTISEMENT

ലണ്ടൻ∙ എല്ലാം നിയന്ത്രണത്തിലായിരുന്ന ബ്രിട്ടനിൽ വീണ്ടും ദിവസേന കോവിഡ് രോഗികളാകുന്നവരുടെ എണ്ണം 3000ന് മുകളിലായി. ദിവസേന പത്തിൽ താഴെയായിരുന്ന മരണനിരക്കിലും ഇതോടെ വർധനയായി. കഴിഞ്ഞ 24 മണിക്കൂറിനിടെ ബ്രിട്ടണിൽ കോവിഡ് മൂലം മരിച്ചത് 27 പേരാണ്. രോഗികളായത്, 3,105 പേരും. രണ്ടാം രോഗവ്യാപനത്തിന് തുടക്കമായതോടെ വ്യാപകമായുള്ള ടെസ്റ്റിംങും പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. ഹെൽപ് ലൈൻ നമ്പരിൽ വിളിച്ചാൽ രണ്ടുമണിക്കൂറിനകം പത്തു മൈൽ അതിർത്തിയിലുള്ള ഡ്രൈവ് ട്രൂ സെന്ററിലോ, വാക്ക് ഇൻ സെന്ററിലോ ടെസ്റ്റിംങ് സാധ്യമായിരുന്ന സാഹചര്യം മാറി. ഡ്രൈവ് ത്രൂ സെന്ററുകളിലും മറ്റും വൻ ക്യൂവാണ്. പലപ്പോഴും കിട്ടുന്ന സെന്ററുകൾ നൂറും നൂറ്റമ്പതും മൈൽ അകലെയും. ഓൺലൈൻ വഴി ടെസ്റ്റിംങ് കിറ്റുകൾ വരുത്തി ചെയ്യുന്ന ടെസ്റ്റിനും റിസൽട്ടിനായി ഒരാഴ്ചയോളെ കാത്തിരിക്കേണ്ട സ്ഥിതിയിലേക്ക് കാര്യങ്ങൾ മാറുകയാണ്. 

രാജ്യത്ത് ഇതുവരെ രോഗികളായവർ 374,228 പേരും. മരിച്ചത് 41,664 പേരുമാണ്.  വാർത്തകളിൽനിന്നുപോലും അപ്രത്യക്ഷമായിരുന്ന കോവിഡ് രോഗികളുടെ എണ്ണം പറച്ചിലും മരണക്കണക്കുമെല്ലാം പെട്ടെന്ന് തിരിച്ചുവന്നിരിക്കുന്നു. 

സ്ഥിതിഗതികൾ മോശമാകുകയാണെന്ന് മനസിലാക്കിയ സർക്കാർ സോഷ്യൽ ഗാതറിങ്ങിന് ഉൾപ്പെടെ കൂടുതൽ നിയന്ത്രണങ്ങളുമായി രംഗത്തെത്തിയിട്ടുണ്ടെങ്കിലും രണ്ടാം രോഗ വ്യാപനത്തെ ഭയക്കുന്നതിന്റെ സൂചനകൾ സർക്കാർ നടപടികളിൽ കാണാം. 

സ്കൂളുകളും വ്യാപാര സ്ഥാപനങ്ങളും ബിസിനസ് സെന്ററുകളും ഓഫിസുകളുമെല്ലാം സാധാരണപോലെ പ്രവർത്തനം തുടങ്ങിയതോടെയാണ് കോവിഡ് വീണ്ടും ബ്രിട്ടണിൽ തലപൊക്കിയിരിക്കുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com