ADVERTISEMENT

ലണ്ടൻ∙ വിംബിൾഡണും ടോക്കിയോ ഒളിംപിക്സും ഉൾപ്പെടെയുള്ള മഹാ മാമാങ്കങ്ങൾ പലതും കൊണ്ടുപോയ കോവിഡ് വരാനിരിക്കുന്ന ന്യൂ ഇയർ ആഘോഷങ്ങളും അപഹരിക്കുമെന്ന് ഉറപ്പായി. കോവിഡിന്റെ പശ്ചാത്തലത്തിൽ ലണ്ടൻ നഗരത്തിലെ വിശ്വവിഖ്യാതമായ വെടിക്കെട്ട് റദ്ദാക്കി. ന്യൂ ഇയർ രാത്രിയിൽ ഒരുലക്ഷംപേർ നേരിട്ടും ഒന്നരക്കോടി  ആളുകൾ ടെലിവിഷനിലൂടെയും ആസ്വദിക്കുന്ന ലണ്ടൻ ഐയിലെ വെടിക്കെട്ട് റദ്ദാക്കിയതായി മേയർ സാദിഖ് ഖാനാണ് അറിയിച്ചത്. ന്യൂ ഇയർ രാത്രിയിൽ ലണ്ടൻ നഗരത്തെ ആകെ ഉൽസവലഹരിയിലാക്കുന്ന വെടിക്കെട്ടും ആഘോഷങ്ങളും റദ്ദാക്കുന്നതിനു പകരമായി ആളുകൾക്ക് വീട്ടിലിരുന്ന് ആസ്വദിക്കാവുന്ന തരത്തിൽ പുതിയ ആഘോഷമാർഗം കണ്ടെത്തുമെന്ന് മേയർ സാദിഖ് ഖാൻ അറിയിച്ചു. 

 

ലണ്ടനു പുറമെ  സിഡ്നി, ന്യൂയോർക്ക്, ദുബായ് ഉൾപ്പെടെ ലോകത്തിലെ വിവിധ വൻ നഗരങ്ങളിൽ ന്യൂ ഇയറിന് വലിയ കരിമരുന്ന് കലാപ്രകടനവും മറ്റ് ആഘോഷങ്ങളും പതിവുള്ളതാണ്. ഇതെല്ലാം കോവിഡിന്റെ പശ്ചാത്തലത്തിൽ അനിശ്ചിതത്വത്തിലാണ്. ലണ്ടനു പിന്നാലെ മറ്റ് വൻ നഗരങ്ങളും ന്യൂ ഈയർ ആഘോഷങ്ങൾ വെട്ടിച്ചുരുക്കുമെന്നാണ് വിവിധ ലോക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 

 

ബ്രിട്ടനിൽ ഒടുവിൽ കോവിഡിന്റെ രണ്ടാംവരവ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ തന്നെ തുറന്നു സമ്മതിച്ചു. രാജ്യത്തെങ്ങും കോവിഡിന്റെ രണ്ടാംവരവ് ദൃശ്യമാണെന്നും എന്നാൽ ഇതിന്റെ പേരിൽ നേരത്തെ ചെയ്തപോലുള്ള സമ്പൂർണ ലോക്ക്ഡൌണിലേക്കു പോകാൻ ഉദ്ദേശിക്കുന്നില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. രോഗ നിയന്ത്രണത്തിനായി കൂടുതൽ കഡശനമായ സോഷ്യൽ ഡിസ്റ്റൻസിംങ് നടപടികൾ സ്വീകരിക്കും. ദേശീയതലത്തിൽ ലോക്ക്ഡൗൺ ഒഴിവാക്കാനായി മൂന്നു ശ്രേണിയിലുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്താനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. 

 

ദിവസേന അഞ്ഞുറിൽ താഴെ ആളുകൾ മാത്രം രോഗികളായിരുന്ന സാഹചര്യത്തിൽ നിന്നും ഒരാഴ്ച കൊണ്ട് നാലായിരത്തിലേറെ ആളുകൾ രോഗികളാകുന്ന സാഹചര്യത്തിലേക്ക് ബ്രിട്ടണിൽ സ്ഥിതി മാറി. ഇന്നലെ മാത്രം ബ്രിട്ടനിൽ രോഗികളായത് 4,322 പേരാണ്. ദിവസേന പത്തിൽ താഴെയായിരുന്ന മരണനിരക്കും ഒരാഴ്ചകൊണ്ട് മുപ്പതോട് അടുത്തു. ഇന്നലെ മാത്രം ബ്രിട്ടനിൽ കോവിഡ് മൂലം മരിച്ചത് 27 പേരാണ്. സ്കൂളുകളെല്ലാം തുറന്നതും വ്യാപാര സ്ഥാനപങ്ങളും ഓഫിസുകളുമെല്ലാം പതിവുപോലെ പ്രവർത്തനം ആരംഭിച്ചതുമാണ് ബ്രിട്ടണിൽ രണ്ടാം രോഗ വ്യാപനത്തിന് വഴിവച്ചിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com