sections
MORE

ബ്രിട്ടനിൽ ലോക്ഡൗൺ ഇല്ല; രോഗവ്യാപനം അനുസരിച്ച് മൂന്നു ശ്രേണിയിൽ പ്രാദേശിക നിയന്ത്രണങ്ങൾ

BRITAIN-HEALTH-VIRUS
SHARE

ലണ്ടൻ ∙  കോവിഡിന്റെ രണ്ടാംവരവ് വ്യക്തമായിട്ടും ദേശീയ തലത്തിൽ സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിക്കാനില്ലെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ വ്യക്തമാക്കി. പകരം രോഗവ്യാപനത്തിന്റെ തോതനുസരിച്ച് പ്രാദേശിക തലത്തിൽ മൂന്നു ശ്രേണികളായുള്ള കനത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. 

രോഗവ്യാപനത്തിന്റെ തോതനുസരിച്ച് രാജ്യത്തെ മൂന്നു മേഖലകളായി തിരിക്കും. മീഡിയം, ഹൈ, വെരി ഹൈ എന്നിങ്ങനെ മൂന്നു മേഖലകളായി തിരിച്ച് ഓരോ മേഖലയ്ക്കും പ്രത്യേകം നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. നിയന്ത്രണങ്ങൾ ലഘൂകരിച്ച് ജനജീവിതം സുഗമമാക്കുന്നതിന്റെ ഭാഗമാണ് ഈ നടപടി. 

central-London

മണിക്കൂറുകൾ നീണ്ട ചർച്ചകൾക്കും വിശകലനങ്ങൾക്കും ശേഷമാണ് വീണ്ടും ഒരു ദേശീയ ലോക്ഡൗൺ വേണ്ട എന്ന തീരുമാനത്തിലേക്ക് സർക്കാർ എത്തിയത്. രോഗവ്യാപനം അതി രൂക്ഷമാകുകയും അതിന് അനുശ്രതമായി മരണസംഖ്യ ഉയരുകയും ചെയ്യുന്ന സാഹചര്യത്തിൽ ലോക്ഡൗണിനുള്ള സമ്മർദം സർക്കാരിനുമേൽ ശക്തമായിരുന്നു. എന്നാൽ രണ്ടാം ലോക്ഡൗൺ സാമ്പത്തിക രംഗത്ത് ഉണ്ടാക്കുന്ന തിരിച്ചടികൾ ഇതിൽനിന്നും സർക്കാരിനെ പിന്തിരിപ്പിക്കുകയായിരുന്നു. ദീവസേന 15,000 പേർ രോഗികളാകുകയും എഴുപതോളം പേർ മരിക്കുകയും ചെയ്യുന്ന സ്ഥിതിയാണ് രാജ്യത്ത് നിലവിലുള്ളത്. ഇന്നലെ മാത്രം രോഗികളായത് 13,972 പേരാണ്, മരണ സംഖ്യ 50 ഉം.  ഈ സാഹചര്യത്തിലാണ് രോഗബാധയുടെ തോതനുസരിച്ച് ഓരോ പ്രദേശത്തെയും തിരിച്ച് കനത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സർക്കാർ തീരുമാനിച്ചത്. 

UK London

പുതിയ സംവിധാനത്തിൽ ഇംഗ്ലണ്ടിലെ എല്ലാ പ്രദേശങ്ങളും മീഡിയം അലേർട്ട് ലെവലിലാണ്. ഇവിടങ്ങളിൽ സ്കൂളികളും യൂണിവേഴ്സിറ്റികളും റീട്ടെയിൽ ഒട്ട്ലെറ്റുകളും സാധാരണ നിലയിൽ പ്രവർത്തനം തുടരും. ലിവർപൂൾ സിറ്റി റീജിയണാണ് നിലവിൽ രാജ്യത്ത് വെരി ഹൈ അലേർട്ട് ലെവലിൽ ഉള്ളത്. ഇവിടെ പബ്ബുകളും ബാറുകളും ഷോപ്പുകളുമെല്ലാം അടച്ചുള്ള കർശന നിയന്ത്രണാണ് ഏർപ്പെടുത്തിയിരിക്കുന്നത്. 

മാഞ്ചസ്റ്റർ, സണ്ടർലാൻഡ്, ഹാരോഗേറ്റ് എന്നിവിടങ്ങളിൽ താൽകാലികമായി നിർമിച്ച ആശിപത്രികളോട് പ്രവർത്തന സജ്ജമാകാൻ നിർദേശം നൽകി. രാജ്യത്ത് സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ച മാർച്ച് മാസത്തേക്കാൾ കൂടുതൽ ആശുപത്രി അഡ്മിഷനുകൾ നടക്കുന്നതായി എൻഎച്ച്എസ് ചീഫ് മെഡിക്കൽ ഡയറക്ടർ  സ്റ്റീഫൻ പോവിസ്  തന്നെ സാക്ഷ്യപ്പെടുത്തുന്ന സ്ഥിതിയാണ് നിലവിലുള്ളത്.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EUROPE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA