ADVERTISEMENT

ലണ്ടൻ ∙ കോവിഡിന്റെ രണ്ടാം വരവിൽ നട്ടംതിരിയുന്ന, ബ്രിട്ടനിൽ പലയിടങ്ങളിലും ശനിയാഴ്ച മുതൽ കനത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. ലണ്ടൻ നഗരത്തിലും  എസെക്സ്, യോർക്ക് തുടങ്ങിയ കൗണ്ടികളിലുമാണ്  ഹൈ അലർട്ട് ലിസ്റ്റിൽ പെടുത്തി ശനിയാഴ്ച മുതൽ കനത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. വെരി ഹൈ അലേർട്ട് ലെവലിലുള്ള ലിവർപൂളിൽ നിലവിൽ ലോക്ക്ഡൗണിനു സമാനമായ നിയന്ത്രണങ്ങളാണുള്ളത്.

ലണ്ടൻ നഗരവും നഗരത്തോടു ചേർന്നുള്ള കൗണ്ടിയായ എസെക്സും ഹൈ അലേർട്ട് ലെവലിൽ ആകുന്നതോടെ ദശലക്ഷക്കണക്കിന് ആളുകൾ ശനിയാഴ്ച മുതൽ കനത്ത നിയന്ത്രണത്തിലാകും. മറ്റ് വീടുകളിൽ സന്ദർശനം നടത്തുന്നതിനോ താമസത്തിനോ അനുമതിയുണ്ടാകില്ല. ബന്ധുക്കൾ ചേർന്നുള്ള സപ്പോർട്ട് ബബിൾ നമ്പർ പത്തായി ചുരുക്കും. സപ്പോർട്ട് ബബിളിന്റെ ഭാഗമല്ലെങ്കിൽ ബന്ധുക്കൾക്കുപോലും വീടുമാറി താമസിക്കാൻ അനുമതിയുണ്ടാകില്ല. 

പബ്ബുകളിലും റസ്റ്ററന്റുകളിലും പരമാവധി ആറുപേർക്കേ ഒരുമിച്ച് സംഗമിക്കാനാകൂ. പത്തുമണിക്കു ശേഷം പബ്ബുകളും ബാറുകളും അടയ്ക്കും. ബാർബർ ഷോപ്പുകളും ബ്യൂട്ടീ പാർലറുകളും തുറക്കില്ല. വ്യക്തിഗത വ്യായാമങ്ങൾക്കു മാത്രമായി ജിമ്മുകൾ തുറക്കുമെങ്കിലും ഇൻഡോർ- ഔട്ട്ഡോർ സ്പോർട്സുകളെല്ലാം നിർത്തലാക്കും. 15 പേരിൽ കൂടുതൽ സംഗമിക്കുന്ന പൊതു പരിപാടികൾക്ക് അനുമതി ഉണ്ടാകില്ല. ഒക്ടോബർ 19 മുതൽ വിവാഹത്തിന് 25 പേരെയേ അനുവദിക്കൂ. അതിലും പാർട്ടികൾ പാടില്ല. മരണാനന്തര ചടങ്ങുകൾക്കും 25 പേർക്ക് മാത്രമാകും അനുമതി. 

ലണ്ടൻ നഗരത്തിലും എസെക്സ്, സറൈ, കംബ്രിയ, യോർക്ക്, നോർത്ത് ഈസ്റ്റ് ഡെർബിഷെയർ, ചെസ്റ്റർ ഫീൽഡ്, ഡെർബിഷെയർ എന്നിവിടങ്ങളിലാകും ശനിയാഴ്ച മുതൽ ഹൈ അലേർട്ട് ലിസ്റ്റിൽ പെടുത്തി പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്.  

കഴിഞ്ഞ 24 മണിക്കൂറിനകം ബ്രിട്ടനിൽ 18,980 പേർ രോഗികളാകുകയും 138 പേർ മരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് രോഗവ്യാപനം ഏറിയ സ്ഥലങ്ങളെ ഹൈ അലേർട്ട് ലിസ്റ്റിൽ പെടുത്തി കനത്ത നിയന്ത്രണം ഏർപ്പെടുത്താൻ സർക്കാർ തീരുമാനിച്ചത്. 

വെയിൽസ്, സ്കോട്ട്ലൻഡ്, നോർത്തേൺ അയർലൻഡ് എന്നിവിടങ്ങളിൽ പ്രാദേശിക ഭരണകൂടങ്ങൾക്ക് സാഹചര്യം അനുസരിച്ച് തീരുമാനങ്ങൾ എടുക്കാൻ സർക്കാർ  അനുമതി നൽകി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com