ADVERTISEMENT

ലണ്ടൻ ∙ ദിവസേന രോഗികളാകുന്നവരുടെ എണ്ണം 26,000 കടക്കുകയും പ്രതിദിന മരണസംഖ്യ ശരാശരി ഇരുന്നൂറായി ഉയരുകയും ചെയ്തതോടെ ബ്രിട്ടനിൽ കൂടുതൽ പ്രദേശങ്ങൾ സമ്പൂർണ ലോക്ഡൗണിലേക്ക് നീങ്ങുകയാണ്. വെള്ളിയാഴ്ച രാവിലെ മുതൽ കനത്ത നിയന്ത്രണങ്ങൾ ഉൾക്കൊള്ളുന്ന ടിയർ-3 ലോക്ഡൗണ്‍ പ്രാബല്യത്തിലാകുന്ന മാഞ്ചസ്റ്ററിനു പിന്നാലെ ശനിയാഴ്ച മുതൽ സൗത്ത് യോർക്ക് ഷെയറിലും ടിയർ -3 നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ  സർക്കാർ തീരുമാനിച്ചു. ലിവർപൂളിലും ലാങ്ക്ഷെയറിലും ഒരാഴ്ച മുമ്പേ ടിയർ-3 നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. കൂടതൽ പ്രദേശങ്ങൾ ടിയർ-3 സോണിൽ ആകുന്നതോടെ 73 ലക്ഷത്തിലേറെ ആളുകളുടെ സാധാരണ ജീവിതം കർശന നിയന്ത്രണങ്ങൾക്ക് വിധേയമാകും. യോർക്ക് ഷെയറിലെ പത്തുലക്ഷത്തോളം ആളുകളെയാണ് ശനിയാഴ്ച മുതലുള്ള കർശനമായ നിയന്ത്രണങ്ങൾ ബാധിക്കുക. സൗത്ത് യോർക്ക്ഷെയർ, ബാൺസ്ലി, ഡോൺകാസ്റ്റർ, റോതർഹാം ഷെഫീൽഡ് എന്നീ കൗൺസിലുകൾ നിയന്ത്രിത മേഖലയിലാകും. രോഗവ്യാപനവും മരണനിരക്കും ഏറ്റവും കൂടിയ പ്രദേശങ്ങളെയാണ് വെരി ഹൈ റിസ്ക് കാറ്റഗറിയിൽ പെടുത്തി ടിയർ-3 നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. 

ഇത്തരം പ്രദേശങ്ങളിൽ സ്വന്തം വീട്ടുകാരോ സപ്പോർട്ട് ബബിളോ അല്ലാത്ത ആരുമായും നേരിട്ടുള്ള കൂടിക്കാഴ്ചയോ സമ്പർക്കമോ അനുവദിക്കില്ല. സ്വകാര്യ ഇടങ്ങളിലോ, പബ്ബുകളിലോ, പാർക്കിലോ ബീച്ചിലോ കൺട്രി സൈഡിലോ, കാട്ടിലോ ഒന്നും ആറുപേരിൽ കൂടുതലുള്ള സംഘങ്ങൾക്ക് അനുമതി ഉണ്ടാകില്ല. 

ഭക്ഷണം വിതരണം ചെയ്യുന്ന പബ്ബുകൾക്കും ബാറുകൾക്കും മാത്രമാകും തുറക്കാൻ അനുമതി. ഇവിടങ്ങളിൽ ഭക്ഷണത്തിന്റെ ഭാഗമായി  മാത്രം മദ്യവും വിളമ്പാം. ജോലിക്കോ, പഠനത്തിനോ യൂത്ത് സർവീസിനോ മറ്റൊരാളുടെ സംരക്ഷണത്തിനോ ആയി മാത്രമേ യാത്രചെയ്യാൻ അനുമതി ഉണ്ടാകൂ. കസീനോകൾ, ബിംഗോ ഹാളുകൾ, ബെറ്റിങ് ഷോപ്പുകൾ, അഡൽട്ട് ഗെയിമിംങ് സെന്ററുകൾ, സോഫ്റ്റ് പ്ലേ ഏരിയകൾ എന്നിവയെല്ലാം അടയ്ക്കും. കാർബൂട്ട് സെയിലുകൾ അനുവദിക്കില്ല. 

BRITAIN-HEALTH-VIRUS

നവംബർ 11നുശേഷം സാഹചര്യം വിശകലനം ചെയ്ത് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തണമോ എന്ന് തീരുമാനിക്കും. മാഞ്ചസ്റ്ററിൽ പ്രാദേശിക ഭരണകൂടത്തിന്റെയും മേയർ ആൻഡി ബർണമിന്റെയും എതിർപ്പുകളെ മറികടന്നാണ് സർക്കാർ ടിയർ-3 നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചത്. 

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗികളായത് 26,688 പേരാണ്. മരിച്ചത് 191 പേരും. രണ്ടാഴ്ച മുമ്പ് ശരാശരി എഴുപതായിരുന്ന മരണസംഖ്യയാണ് പെട്ടെന്ന് ഉയർന്ന് ഇരുന്നൂറിന് അടുത്തെത്തയത്. യൂറോപ്പിൽ കോവിഡിന്റെ രണ്ടാംവരവ് ഏറ്റവും പ്രതീകൂലമായി ബാധിക്കുന്ന രാജ്യമായി മാറുകയാണ് ബ്രിട്ടൻ എന്നാണ് കവിഞ്ഞ ഒരാഴ്ചത്തെ  കണക്കുകൾ സൂചിപ്പിക്കുന്നത്.

ഇറ്റലിയിൽ രാത്രികാല കർഫ്യൂ

റോം ∙ കോവിഡ്- 19 വൈറസ് വ്യാപനത്തെ നിയന്ത്രിക്കാൻ ഇറ്റലിയിലെ പല റീജിയനുകളിലും രാത്രികാല കർഫ്യു ഏർപ്പെടുത്തുന്നു. റോം ഉൾപ്പെടുന്ന ലാസിയോ റീജിയനിൽ വെള്ളി മുതൽ കർഫ്യൂ പ്രഖ്യാപിക്കുന്ന ഉത്തരവിൽ  ഗവർണർ നിക്കോള സിൻഗരേത്തി ഇന്നലെ ഒപ്പുവച്ചു.

italy-curfew-2

വെള്ളിയാഴ്ച രാത്രി 12 മുതൽ ആരംഭിക്കുന്ന കർഫ്യൂ പുലർച്ചെ അഞ്ചു വരെ നീണ്ടു നിൽക്കുമെന്ന് അധികൃതർ പറഞ്ഞു. കർഫ്യൂ സമയത്ത് ആരോഗ്യം, ഒഴിവാക്കാനാവാത്ത ജോലി തുടങ്ങിയ കാര്യങ്ങൾക്കല്ലാതെ വീടിനു പുറത്തിറങ്ങരുതെന്നാണു  നിർദേശം. പുറത്തിറങ്ങുന്നവർ, അത് എന്ത് ആവശ്യത്തിനാണ് എന്ന് വ്യക്തമാക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് കൈവശം കരുതേണ്ടതുണ്ട്. 

ലാസിയോ റീജിയനിൽ ഇന്നലെ 1219 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ടു ചെയ്തു. ഇതിൽ 543 എണ്ണവും റോമിൽ നിന്നുള്ളവരാണ്. രാജ്യത്താകെ 15,199പുതിയ കേസുകളാണ് ഇന്നലെമാത്രം റിപ്പോർട്ടു ചെയ്തത്. കോവിഡ് രോഗവ്യാപനം ആരംഭിച്ചതിനുശേഷമുള്ള ഒരുദിവസത്തെ ഏറ്റവും ഉയർന്ന കണക്കാണിത്. 24 മണിക്കൂറിനുള്ളിൽ 1,77,848 കോവിഡ് ടെസ്റ്റുകൾ രാജ്യത്ത് നടത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com